- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫണ്ട് തിരിമറി നടത്തിയെന്ന മുൻ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ ആരോപണങ്ങളെ ശരിവെച്ച് യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ; പുറംലോകമറിഞ്ഞാൽ നാണക്കേടാകുമെന്ന് ആദ്യമേ കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കളോട് പറഞ്ഞതാണെന്ന് ഹൈദരലി തങ്ങളുടെ മകനായ മുഈനലി തങ്ങൾ; പി.കെ.ഫിറോസ് പ്രതിരോധത്തിലാകുന്നു
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരായ യൂസഫ് പടനിലത്തിന്റെ ആരോപണങ്ങൾ ശരിവെച്ച് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷനുമായ പാണക്കാട് മുഈനലി തങ്ങൾ രംഗത്ത്. യൂസഫ് പടനിലത്തിന്റെ ആരോപണങ്ങളിൽ ശരികളുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി സംസാരിച്ചതാണ്. നാട്ടുകാരറിഞ്ഞാൽ പാർട്ടിക്ക് മാനക്കേടുണ്ടാകുമെന്ന് പലവട്ടം നേതാക്കളോട് പറഞ്ഞതാണ്.
അന്നൊന്നും ആരും ചെവി കൊടുത്തില്ല. പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ചോദിക്കുന്നവരെ കുലംകുത്തികളാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കണക്ക് ചോദിച്ചതിന് എന്നെയടക്കം പ്രവർത്തകർ വിമർശിച്ചിരുന്നു. വിമർശനമുന്നയിക്കുന്ന പ്രവർത്തകർ ആരോപണ വിധേയരായവരോട് കണക്ക് ചോദിക്കാൻ തയ്യാറാകണം.മേൽകമ്മിറ്റികളിൽ പലവട്ടം ഇത് സംബന്ധിച്ച് പരാതികൾ നൽകിയിരുന്നതാണ്. കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവരെ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. വിഷയം പുറത്തറിഞ്ഞാൽ പാർട്ടി പ്രതിസന്ധിയിലാകുമെന്നും നേതാക്കളെ ഓർമിപ്പിച്ചിരുന്നുവെന്നും പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷനുമായ മുഈനലി തങ്ങൾ പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷനായിരുന്ന യൂസഫ് പടനിലമാണ് പികെ ഫിറോസ് അടക്കമുള്ള യൂത്ത് ലീഗ് നേതാക്കൾക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ഇന്ന് കോഴിക്കോട് പ്രസ്ക്ലബിൽ പത്ര സമ്മേളനം നടത്തിയത്. കത്വ- ഉന്നാവോ പീഡനത്തിലെ ഇരകളായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി യൂത്ത്ലീഗ് പിരിച്ച പണത്തിൽ തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. പി കെ ഫിറോസ് അടക്കമുള്ള നേതാക്കൾ ഇതിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്നാണ് യൂത്തലീഗ് ദേശീയ നിർവാഹക സമിതി അംഗമായിരുന്ന യൂസഫ് പടനിലം കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത്.
2018ന് ഏപ്രിൽ 20ന് വെള്ളിയാഴ്ച പള്ളികളിൽ നിന്ന് യൂത്ത്ലീഗ് പിരിച്ച പണത്തിലാണ് തിരിമറി നടത്തിയിരിക്കുന്നത്. 48 ലക്ഷം രൂപ പള്ളികൾ കേന്ദ്രീകരിച്ച് യൂത്ത്ലീഗ് പിരിച്ചെന്നാണ് ഔദ്യോഗിക വിവരം. പള്ളികളിൽ നിന്ന് പിരിച്ചതിന് പുറമെ വിദേശ നാടുകളിൽ നിന്നും വ്യാപകമായി പണപ്പിരിവ് നടത്തിയിട്ടുണ്ട്. ഇത് ഇരകൾക്ക് കൈമാറാതെ യൂത്ത്ലീഗ് ഭാരവാഹികളിൽ ചിലർ സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിച്ചിരിക്കുകയാണ്.പി കെ ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയിലെ കടം വീട്ടാനുണ്ടെന്ന് പറഞ്ഞ് ഈ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു.
രോഹിത് വെമുലയുടെ കുടുംബത്തിന് വീട് നിർമ്മിക്കാൻ യൂത്ത്ലീഗ് ദേശീയ കമ്മിറ്റി നൽകിയ പത്ത് ലക്ഷത്തിന്റെ ചെക്ക് മടങ്ങിയിരുന്നു. ഇതിൽ മുഖം രക്ഷിക്കാൻ നൽകിയ അഞ്ച് ലക്ഷം രൂപയും ഈ ഫണ്ടിൽ നിന്നാണ് നൽകിയത്. എന്നാൽ പീഡന ഇരകൾക്ക് ഒരു പൈസയും ഇതുവരെ നൽകിയിട്ടില്ലെന്ന് യൂത്ത്ലീഗ് നേതാവ് ആരോപിച്ചു. പിരിച്ച പണത്തിന്റെ കണക്ക് സംബന്ധിച്ച് ദേശീയ കമ്മിറ്റിയിൽ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഇതിനെ തുടർന്നാണ് ദേശീയ പ്രസിഡന്റായ സാബിർ ഗഫാർ രാജിവെച്ചത്. ഇത്തരം അഴിമതികൾ ചോദ്യം ചെയ്തതിന്റെ പേരിൽ ഹൈദരലി തങ്ങളുടെ മകനും യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങളെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം നടക്കുകയാണ്.
ഗുജറാത്ത്, സുനാമി ഫണ്ടുകളിൽ നടത്തിയത് പോലുള്ള തട്ടിപ്പിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇത്തരം തട്ടിപ്പുകാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ പാർട്ടി ബന്ധം ഉപേക്ഷിക്കുകയാണെന്നും യൂസഫ് പടനിലം കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.അതേ സമയം ആരോപണങ്ങൾ പികെ ഫിറോസ് നിഷേധിച്ചു. ആരോപണങ്ങൾ ഉന്നയിച്ച വ്യക്തി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മത്സരിച്ച ആളാണെന്നും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച യൂസഫിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നാണ് പികെ ഫിറോസ് ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.