തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിനെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ഒരുക്കങ്ങളെ ചൊല്ലിയുണ്ടായിരുന്ന ആക്ഷേപങ്ങൾക്ക് പുറമേ ടീം സെലക്ഷനെ ചൊല്ലിയും വിവാദങ്ങൾ ഉയർന്നിരിക്കയാണ്. വുഷു ടീമിന്റെ സെലക്ഷനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ടീമിൽ ഇടംനേടാൻ അർഹതയുള്ളവരെ ഒഴിവാക്കി അനർഹരെ തിരുകികയറ്റി എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ദേശീയ തലത്തിൽ മെഡൽ നേടിയവരെ പോലും തഴഞ്ഞാണ് ടീമിൽ അനർഹർ ഇടംപിടിച്ചത്. സെലക്ഷനിൽ ആക്ഷേപങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ വീണ്ടും സെലക്ഷൻ നടത്താമെന്ന് നിർദേശിച്ചെങ്കിലും ഇതെല്ലാം മറികടന്ന് ഒരു സുപ്രഭാതത്തിൽ ടീം അംഗങ്ങളെ പ്രഖ്യാപിക്കുകയായിരുന്നെന്നുമാണ് പരാതി. ടീം സെലക്ഷനെതിരെ വുഷു താരങ്ങൾ സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസിനും സെക്രട്ടറിക്കും പരാതി നൽകിയിരിക്കയാണ്.

ദേശീയ ഗെയിംസിന്റെ കേരളാ ടീമിലേക്കുള്ള സെലക്ഷൻ നടന്നപ്പോൾ സ്‌പോട്‌സ് കൗൺസിലിന്റെ നിർദേശപ്രകാരം നാല് പ്രധാന ജഡ്ജസിനെയാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ രണ്ട് പേർ മാത്രമാണ് സെലക്ഷനുള്ള ജഡ്ജസായി എത്തിയത്. ഇതിൽ കോച്ചായ സൂര്യകാന്തൻ എന്നയാൾക്ക് വുഷുവിന്റെ കോച്ചാകാൻ പോലും യോഗ്യതയില്ലെന്നാണ് കളിക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇദ്ദേഹത്തിന്റെ വ്യക്തിതാൽപ്പര്യം അനുസരിച്ചാണ് ടീം സെലക്ഷൻ നടന്നതെന്നുമാണ് പരാതി. വുഷു ഇനത്തെ കുറിച്ച് വ്യക്തമായ അറിവ് പോലും ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നാണ് തിരുവനന്തപുരം ടീമിലെ കളിക്കാരുടെ ആരോപണം.

സ്‌പോട്‌സ് കൗൺസിൽ പ്രതിനിധിയുടെ സാന്നിധ്യത്തിൽ പേരിനൊരു സെലക്ഷൻ നടത്തിയ ശേഷം ടീം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. നടക്കുന്നത് ട്രെയൽസ് ആണെന്നും ഫൈനൽ സെലക്ഷൻ ട്രെയൽസ് വീണ്ടും നടക്കുമെന്നുമാണ് കളിക്കാരോട് പറഞ്ഞത്. എന്നാൽ ട്രെയൽ എന്നുപറഞ്ഞ സെലക്ഷൻ ട്രെയൽസിൽ തന്നെ ഒന്നാമതെത്തിയവരെ തഴഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയവരെ ടീമിലെ അംഗങ്ങളാക്കി എന്നുമാണ് ആരോപണം.

കോച്ചായ സൂര്യകാന്തിനെ കുറിച്ച് നിരവധി ആരോപണങ്ങളാണ് കളിക്കാർ ഉന്നയിക്കുന്നത്. ഇയാൾ വുഷു മത്സര വീഡിയ നെറ്റിൽ നിന്നും എടുത്ത് അതുനോക്കി പ്രാക്ടീസ് ചെയ്യാൻ പറയുകയാണ് പതിവെന്നാണ് കളിക്കാർ പറയുന്നത്. പലർക്കും ഒന്നാം സ്ഥാനം കൊടുത്തത് സെലക്ഷൻ കമ്മിറ്റിയിൽ ഉള്ള മറ്റുള്ളവരുടെ അറിവോടെ ആയിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന-ദേശീയ തലത്തിൽ വരെ കളിച്ചവർ പരാതി പറയുന്നു.

ദേശീയ ടീമിന്റെ സെലക്ഷനെതിരെ പരാതിയുമായി കളിക്കാർ വുഷു അസോസിയേഷൻ സെക്രട്ടറിയെയും സമീപിച്ചിരുന്നു. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. സെലക്ഷനെ കുറിച്ച് പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ വുഷു അസോസിയേഷനോ സ്പോർട്സ് കൗൺസിലോ തയ്യാറായിട്ടില്ല. പിന്നീട് ടീമിനെ സെലക്ട് ചെയ്‌തെന്ന പത്രവാർത്തയാണ് പുറത്തുവന്നത്. ആക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി സ്‌പോട്‌സ് കൗൺസിൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും മാദ്ധ്യമങ്ങളിലൂടെ തന്നെ ടീമിനെ പ്രഖ്യാപിച്ചതിനാൽ ഇനി തിരുത്തൽ നടപടികളിലേക്ക് നീങ്ങുമോ എന്നാണ് ഒഴിവാക്കപ്പെട്ട കളിക്കാരുടെ ആശങ്ക.

നേരത്തെ ദേശീയ ഗെയിംസിന്റെ ഹാൻഡ്‌ബോൾ ടീമിന്റെ സെലക്ഷനെ ചൊല്ലിയും പരാതി ഉയർന്നിരുന്നു. കൂടാതെ ഗെയിംസ് ഇനങ്ങൾ ഉൾപ്പെടുത്തിയതിനെതിരെയും ആരോപണങ്ങൾ ഉണ്ടായി. ഡ്രഗൺ ബോട്ട് മത്സരത്തെ ഒഴിവാക്കി സൈക്കിൾപോളോ ഉൾപ്പെടുത്തിയതാണ് ആരോപണത്തിന് ഇടയാക്കിയത്. സൈക്കിൾ പോളോയെ ഗെയിംസിൽ ഉൾപ്പെടുത്തിയത് മന്ത്രിപുത്രന് വേണ്ടിയണെന്നായിരുന്നു ആരോപണം.