- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാർ റൂമിൽ ബിജെപി എംപി വർഗീയപരാമർശം നടത്തിയെന്ന് ആരോപണം; വർഗീയ പരാമർശമില്ല, മാപ്പും പറഞ്ഞില്ലെന്ന് തേജസ്വി സൂര്യ; ഉപദേശിച്ച തരൂരിനെതിരെ പ്രതിഷേധം; മതഭ്രാന്തരോട് ക്ഷമ പാടില്ലെന്ന് നടൻ സിദ്ധാർത്ഥ്; തേജസ്വി വിവാദം കത്തുന്നു
ബംഗലൂരു: കോവിഡ് വാർ റൂമിലെ അഴിമതിയുമായി ബന്ധപ്പെട്ട ഒരു മതവിഭാഗത്തിൽപെട്ടവരുടെ മാത്രം പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയ ബംഗലൂരു എംപി തേജസ്വി സൂര്യയ്ക്കെതിരെ പ്രതിഷേധം ശക്തം. ഇതിനിടെ എംപി മാപ്പ് പറഞ്ഞെന്നും വാർത്ത പുറത്തുവന്നു. എന്നാൽ താൻ വർഗീയപരാമർശം നടത്തിയിട്ടില്ലെന്നും മാപ്പുപറഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ അറിയിച്ചു. അത്തരത്തിലുള്ള റിപ്പോർട്ടുകൾ വ്യാജമാണെന്നാണ് എംപി ട്വീറ്റ് ചെയ്തു.
അതേസമയം ഈ വിഷയം ട്വീറ്റ് ചെയ്തപ്പോൾ അമിതമര്യാദ കാണിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഡോ. ശശി തരൂർ എംപിയ്ക്കെതിരെയും ചിലർ രംഗത്തെത്തി. തേജസ്വി മിടുക്കനാണെന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഒഴിവാക്കണമെന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്. മതഭ്രാന്ത് കാണിക്കുന്നവരോടു സ്നേഹമോ ക്ഷമയോ കാണിക്കേണ്ടെന്നായിരുന്നു നടൻ സിദ്ധാർഥിന്റെ പ്രതികരണം. വിമർശകരോടു യോജിക്കുന്നുവെന്നും തേജസ്വിയുടെ ഇപ്പോഴത്തെയും മുൻകാല നടപടികളെയും അനുകൂലിക്കുന്നില്ലെന്നും തരൂർ വിശദീകരിച്ചു.
ബെംഗളൂരു കോർപറേഷൻ പരിധിയിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് കിടക്കകൾ അനുവദിക്കുന്നതിൽ അഴിമതി ആരോപിച്ച് തേജസ്വി സൂര്യ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വാർ റൂമിലെ 212 ജീവനക്കാരിൽ മൂന്നു ഷിഫ്റ്റിലുള്ള 17 പേരുടെ പേരുകളാണ് തേജസ്വി വായിച്ചത്. ഇവരെ മദ്രസയിലേക്കാണോ കോർപ്പറേഷനിലേക്കാണോ നിയമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നു തേജസ്വിയുടെ അമ്മാവനും എൽഎൽഎയുമായ രവി സുബ്രഹ്മണ്യം ചോദിച്ചു. തൊട്ടുപിന്നാലെ ഈ പട്ടികയിലെ 16 പേരുടെ പേരുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. 'ബിബിഎംപി വാർ റൂമിൽ ആയിരക്കണക്കിന് ബെംഗളൂരു നിവാസികളെ കൊന്നൊടുക്കുന്നവരുടെ പട്ടിക' എന്ന പേരിലാണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഇതോടെ ഇവരെ താൽക്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. പൊലീസ് ക്ലീൻചിറ്റ് നൽകുന്ന മുറയ്ക്കു തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന് കരാറുകാർ അറിയിച്ചു. ബിബിഎംപി കമ്മിഷണർ സർഫറാസ് ഖാനെതിരെയും സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായി. മുസ്ലിം ജീവനക്കാരുടെ പേരുകൾമാത്രം എടുത്തുപറഞ്ഞുവെന്ന് ആരോപിച്ചാണ് സൂര്യക്കെതിരെ വൻപ്രതിഷേധമുയർന്നത്.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക, ലക്ഷങ്ങൾ വാങ്ങി കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ തേജസ്വി സൂര്യയാണു കഴിഞ്ഞദിവസം പുറത്തുവിട്ടത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക(ബിബിഎംപി) ഓഫിസിലെത്തി ക്ഷോഭിക്കുന്ന വിഡിയോ പുറത്തായതോടെയാണു വിവാദം ആരംഭിച്ചത്. എന്നാൽ വർഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും തനിക്കു നൽകിയ ലിസ്റ്റിലെ പേരുകൾ വായിക്കുക മാത്രമാണു ചെയ്തതെന്നും തേജ്വസി സൂര്യ പറഞ്ഞു.
അതേസമയം ബൊമ്മനഹള്ളിയിൽനിന്നുള്ള ബിജെപി എംഎൽഎ സതീഷ് റെഡ്ഡിയാണ് ഈ റാക്കറ്റിലെ മുഖ്യകണ്ണിയെന്ന് ആരോപണമുണ്ട്. സതീഷ് റെഡ്ഡിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർ പൃഥ്വി റെഡ്ഡി ബൊമ്മനഹള്ളി പൊലീസിൽ പരാതി നൽകി.
ആശുപത്രി ജീവനക്കാർ ഉൾപ്പെടെ കോവിഡ് കിടക്ക വിൽപന റാക്കറ്റിന്റെ ഭാഗമായതായി പൊലീസ് കണ്ടെത്തിരുന്നു. വ്യാജ പേരുകളിൽ കിടക്കകൾ തടഞ്ഞുവച്ചശേഷം മറിച്ചുവിൽക്കുന്നതാണ് തട്ടിപ്പു രീതി. ഓക്സിജൻ കിടക്കകൾ ലഭിക്കാതെ പരക്കം പായുന്ന കോവിഡ് ബാധിതരെയാണു സംഘം ലക്ഷ്യമിടുന്നത്.
സംഭവവുമായി ബന്ധപ്പെട്ടു നഗരത്തിലെ വിവിധ സോണുകളിലെ വാർറൂം ജീവനക്കാരെ പൊലീസ് 2 ദിവസമായി ചോദ്യം ചെയ്യുന്നതിനിടെ ബിബിഎംപിയുടെ സെൻട്രൽ ഹോസ്പിറ്റൽ ബെഡ് മാനേജ്മെന്റ് സിസ്റ്റം (സിഎച്ച്ബിഎംഎസ്) വെബ്സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. ചുമതലയുള്ള സോഫ്ട്വെയർ എൻജിനീയർമാരെയും മറ്റും പരക്കെ ചോദ്യം ചെയ്യുന്നതു കാരണമാണിത്.
സംഭവത്തിൽ കർണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറി പി.രവികുമാർ, ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത തുടങ്ങി 31 ഉദ്യോഗസ്ഥർക്ക് നോട്ടിസ് അയച്ചു. റാക്കറ്റിലെ മുഖ്യകണ്ണികളും ഡോക്ടർമാരുമായ റിഹാൻ, ശശി എന്നിവർ ഉൾപ്പെടെ 4 പേരെ ബുധനാഴ്ച ബെംഗളൂരു പൊലീസിനു കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ എംഎസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ കിടക്ക 1.2 ലക്ഷം രൂപ കൈക്കൂലി വാങ്ങി തരപ്പെടുത്തിയതിനു ആശുപത്രി ജീവനക്കാരായ വെങ്കടസുബ്ബ റാവു (32), മഞ്ചുനാഥ് (31), ബിബിഎംപി ആരോഗ്യമിത്ര ജീവനക്കാരനായ പുനീത് (31) എന്നിവരെ കൂടി അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ