- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ എ റഹീം അർധരാത്രി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി; പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂർ സംസാരിച്ചു; സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കണം; റൂറൽ എസ്പിക്ക് രാഷ്ട്രീയ ചായ്വുണ്ട്; വെഞ്ഞാറമൂട് സ്റ്റേഷൻ ഭരിക്കുന്നത് എസ്പി; തന്നെ സംശയ നിഴലിൽ നിർത്താൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നു; ഡി കെ മുരളി എംഎൽഎയുടെ മകനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നൽകുന്നു; വെല്ലുവിളി ആവർത്തിച്ചു അടൂർ പ്രകാശ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളി ആറ്റിങ്ങൽ എംഎൽഎ അടൂർ പ്രകാശ്. അതേസമയം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരെ അദ്ദേഹം പുതിയ ആരോപണം ഉന്നയിക്കുകയും ചെയ്തു. അർധരാത്രി പൊലീസ് സ്റ്റേഷനിലെത്തിയ റഹീം പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂർ സംസാരിച്ചുവെന്നും അടൂർ പ്രകാശ് ആരോപിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം വേണമെന്നും അടൂർ പ്രകാശ് എംപി ആരോപിച്ചു. തിരുവനന്തപുരം റൂറൽ എസ്പിക്ക് രാഷ്ട്രീയചായ്വുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത് റൂറൽ എസ്പിയാണ്. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനുവേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത് റൂറൽ എസ്പിയാണെന്നും അടൂർ പ്രകാശ് ആരോപിച്ചു.
ഫൈസൽ വധശ്രമത്തിൽ പ്രതികൾക്കായി ഇടപെട്ടിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ അത് തെളിയിക്കണം എന്നും അടൂർ പ്രകാശ് വെല്ലുവിളിച്ചു. 'വ്യവസായ വകുപ്പ് മന്ത്രിയാണ് എനിക്കെതിരെ ആരോപണമുന്നയിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞത് ഈ പ്രതികൾ കൊല ചെയ്തതിന് ശേഷം വിളിക്കുന്നത് എന്നെയാണ് എന്നാണ്. അതിനുള്ള മറുപടി ഞാൻ ഇന്നലെ തന്നെ പറഞ്ഞിരുന്നു. മറുപടി എന്ന് പറഞ്ഞാൽ ഞാൻ ആവർത്തിക്കുകയാണ്. ഇന്നത്തെ എല്ലാ ആധുനിക സംവിധാനങ്ങളും വെച്ച് കൊണ്ട് എന്നെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ, കോൾ വിവരങ്ങൾ എടുത്ത് അങ്ങനൊരു സംഭവംഉണ്ടായിട്ടുണ്ടോ, അതിൽ ഞാൻ ബന്ധപ്പെട്ട് കിടക്കുന്നുണ്ടോ എന്നും പറയാൻ പറ്റണം. അതല്ലാതെ വെറുതെ എന്തെങ്കിലും വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല,'അടൂർ പ്രകാശ് പറഞ്ഞു.
അതിനിടെ വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് അടൂർപ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച് സിപിഎം രംഗത്തുവന്നിരുന്നു. അടൂർ പ്രകാശിന്റെയും പ്രതികളുടേയും ഫോൺ വിളികൾ പരിശോധിക്കണമെന്ന് ഡി കെ മുരളി എംഎൽഎ ആവശ്യപ്പെട്ടു. തെളിവുകളുണ്ടെങ്കിൽ മന്ത്രിമാർ പുറത്ത് വിടണമെന്ന് പറഞ്ഞ് കോൺഗ്രസ് അടൂർ പ്രകാശിന് വീണ്ടും വെല്ലുവിളി ആവർത്തിക്കുകയും ചൈയ്തു. കൊലപാതകത്തിൽ ഉന്നത കോൺഗ്രസ് നേതൃത്വത്തിന്റെ പങ്കുണ്ടെന്നായിരുന്നു തുടക്കം മുതൽ സിപിഎം ആരോപണം. സ്ഥലം എം പി അടൂർപ്രകാശും പ്രതികളുമായുള്ള ബന്ധം ആദ്യം ആരോപിച്ചത് മന്ത്രി ഇപിജയരാജനാണ്, പിന്നാലെ പ്രതികളിലൊരാൾ നേരത്തെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എം പി ഇടപ്പെട്ടന്ന ശബ്ദരേഖ ഡിവൈഎഫ് പുറത്തുവിട്ടു. മന്ത്രിമാർ തന്നെ വീണ്ടും എംപിക്കെതിരെ ആരോപണം ആവർത്തിക്കുന്നു.
സാമൂഹിക വിരുദ്ധർക്ക് ഒരു വർഷമായി എല്ലാ പിന്തുണയും നൽകുന്നത് അടൂർ പ്രകാശ് ആണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. അടൂർ പ്രകാശിന് കേസിൽ ബന്ധമുണ്ട് എന്നത് വസ്തുതാപരമായ കാര്യമാണെന്നും. കൊലപാതകം നടന്നത് ആസൂത്രിതമായാണെന്നും മന്ത്രി ആരോപിക്കുന്നു. ആരോപണങ്ങൾ തള്ളിയ അടൂർ പ്രകാശ് ഡി കെ മുരളി എംഎൽഎയുടെ മകനെതിരെ തിരിച്ച് ആക്ഷേപമുന്നയിച്ചു. ഒരു വർഷം മുമ്പ് എംഎൽഎയുടെ മകൻ ഇടപെട്ട തർക്കങ്ങളാണ് കൊലയിലേക്കെത്തിച്ചതെന്ന ആരോപണം ഡി കെ മുരളി തള്ളി. അടൂർ പ്രകാശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാമനപുരം എംഎൽഎ തന്റെ മകൻ ആരുമായാണ് സംഘർഷം ഉണ്ടാക്കിയത് എന്ന് അടൂർ പ്രകാശ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ആവർത്തിക്കുന്ന കോൺഗ്രസ് അടൂർ പ്രകാശിന് പ്രതിരോധം തീർക്കുകയാണ്. അതേ സമയം എംഎൽഎയുടെ മകനെതിരായ എംപിയുടെ ആരോപണം കോൺഗ്രസ് ഏറ്റെടുത്തിട്ടില്ല. അതേസമയം എംഎൽഎയുടെ മകന് എതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും അടൂർ പ്രകാശ് പറഞ്ഞു. മനോരമ ചാനലിൽ ആവർത്തിച്ച് തന്നോട് ചോദിച്ചിരുന്ന ഒരു കാര്യം താൻ ഒരു കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് കൊണ്ട് ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ എന്നാണ്. എംപിയായിട്ട് താൻ ഒന്നേകാൽ വർഷം ആകുന്നേയുള്ളു. ആ കാലയളവിനുള്ളിൽ നിരവധി പേർ തന്നെ വിളിച്ചിട്ടുണ്ട്. അതിൽ അവരുടെ ആവശ്യങ്ങൾ കേൾക്കുകയും അത് മനസിലാക്കുകയും ചെയ്തിട്ടുണ്ട്. ന്യായമാണ് എന്ന് തോന്നുന്ന ബന്ധപ്പെടേണ്ട കാര്യങ്ങൾക്ക് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് താൻ ഇന്നലെ ചാനൽ ചർച്ചയിലടക്കം പറഞ്ഞതെന്നും അടൂർ പ്രകാശ് പറഞ്ഞു.
പരസ്പരം ആരോപണം ഉന്നയിക്കുന്ന സിപിഎമ്മും പ്രകാശും വ്യക്തമായ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് വിശദീകരിക്കുന്നത്. ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരാണ് വെട്ടേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാവുന്നത്. രാത്രി 11.10ഓടെയാണ് ആക്രമണമുണ്ടാവുന്നത്. 10.45ഓടു കൂടി തന്നെ അക്രമി സംഘം സ്ഥലത്ത് തമ്പടിച്ചിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ കലുങ്കിന്മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.
മറുനാടന് മലയാളി ബ്യൂറോ