തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെതിരായ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മടക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത്. കേസിലെ ധർമ്മടം ബന്ധം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധർമ്മടത്തെ രണ്ട് വ്യക്തികളെക്കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നത് ഗൗരവതരമാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ധർമ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സാജനെ സർക്കാർ സംരക്ഷിക്കുന്നുവെന്നും സാജനെതിരെ റിപ്പോർട്ട് കിട്ടിയിട്ടും നടപടി സ്ഥലമാറ്റത്തിൽ ഒതുക്കിയത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ മൂലമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിയമപരമായി മുന്നോട്ട് പോകുന്നതിനെക്കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ കൺസർവേറ്റർ എൻ.ടി. സാജൻ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയെന്നതാണ് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. മരംമുറി കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ വനംവകുപ്പ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് വനംവകുപ്പിലെ കൺസർവേറ്ററായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ എൻ.ടി. സാജനെതിരേ ഗുരുതര ആരോപണങ്ങളുള്ളത്.

എൻ.ടി.സാജൻ മുട്ടിൽ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും കേസ് അട്ടിമറിക്കാൻ മറ്റൊരു കേസ് സൃഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.