പത്തനംതിട്ട: സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന അക്രമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ട് പിണറായി സർക്കാർ അധികാരത്തിൽ എത്തിയത്. പിന്നീട് ഓരോ സന്ദർഭത്തിലും സ്ത്രീസുരക്ഷാ വിഷയങ്ങളിൽ ഈ നിലപാട് ആവർത്തിക്കുകയും ചെയ്ത പാർട്ടിയാണ് സി.പി.എം.

എന്നാൽ പാർട്ടി ഓഫീസിൽ തന്നെ ഉണ്ടായ പീഡനം നേരിട്ടുകണ്ട യുവ നേതാവ് മേലാവിൽ പരാതി നൽകിയപ്പോൾ പാർട്ടി നടപടിയെടുത്തത് ഇരയ്‌ക്കെതിരെയായിരുന്നു. മാത്രമല്ല, പരാതി മുക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി പത്തനംതിട്ടയിലെ ഡിവൈഎഫ്‌ഐ നേതാവ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് പരാതി നൽകിയിരിക്കുകയാണിപ്പോൾ.

ജില്ലയിലെ പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ചാണ് വയോധികനായ കർഷക തൊഴിലാളി യൂണിയൻ നേതാവും ജീവനക്കാരിയും തമ്മിലുള്ള അവിഹിതം ഡിവൈഎഫ് നേതാവ് നേരിൽ കണ്ടത്. ഇത് പരാതി ആയതോടെ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട് സംഭവം ഒതുക്കുകയാണ് പാർട്ടി.

ഈ മാസം നാലാം തിയതിയാണ് ജില്ലയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ സംഭവം നടന്നത്. ഓഫീസിലേക്ക് ഡിവൈഎഫ്ഐ ഭാരവാഹി കടന്നുചെല്ലുമ്പോൾ കാണുന്നത് വയോധികനായ കെഎസ്‌കെടിയു നേതാവും ജീവനക്കാരിയുമായുള്ള കാമകേളിയാണ്. രസച്ചരട് പൊട്ടിയതോടെ പൊടുന്നനെ കയറിവന്ന കുട്ടിസഖാവിനെ സീനിയർ നേതാവ് ചീത്തവിളിക്കുകയായിരുന്നു.

ഇതോടെ സംഭവം പരാതിയായി. കർഷക തൊഴിലാളി യൂണിയന്റെ ജില്ലാ നേതാവും വഴിയോര കച്ചവടയൂണിയൻ നേതാവുമായ വയോധികനെതിരേയായിരുന്നു പരാതി. പാർട്ടി ഓഫീസ് തന്നെ അനാശാസ്യത്തിന് വേദിയാക്കിയതിന് ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയാണ് പരാതി നൽകിയത്.

തലമുതിർന്ന കർഷക തൊഴിലാളി യൂണിയൻ നേതാവും ഓഫീസിലെ അൻപത് കഴിഞ്ഞ താൽക്കാലിക ജീവനക്കാരിയും തമ്മിൽ അടുക്കള മുറിയിൽ നടത്തിയ ഇടപാട് സംഘടനാ ആവശ്യത്തിനായി ഓഫീസിലെത്തിയ താൻ നേരിൽ കണ്ടുവെന്നായിരുന്നു യുവനേതാവ് പരാതി നൽകിയത്.

എന്നാൽ ഇത് ഏരിയാ സെക്രട്ടറി മുക്കി. രണ്ടു പേരും ഒരു ഗ്രൂപ്പുകാരായതാണ് കാരണം. നടപടി ഇല്ലാതിരുന്നതിനാൽ ഇതേത്തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റിന് യുവ നേതാവ് പരാതി നൽകിയെങ്കിലും അവിടെയും ഫലമുണ്ടായില്ല. പകരം പീഡനത്തിന് ഇരയായ താൽക്കാലിക ജീവനക്കാരിയെ ഓഫീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

തുടർന്നാണ് ഡിവൈഎഫ്ഐ നേതാവ് പരാതിയുമായി സംസ്ഥാന സെക്രട്ടറിയേറ്റിനെ സമീപിച്ചിരിക്കുന്നത്. സംഭവ ശേഷം നടന്ന കുറ്റൂർ, പെരിങ്ങര ലോക്കൽ സമ്മേളനങ്ങളിൽ ഇക്കാര്യം വലിയ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. നേതാക്കൾ ഇടപെട്ട് ശബ്ദമുയർത്തിയവരുടെ വായ മൂടിക്കെട്ടിയെന്ന ആക്ഷേപമാണ് ഉയരുന്നത്. സംഭവം ഒതുക്കിത്തീർക്കാൻ തിരക്കിട്ട നടപടികൾ ആസൂത്രണം ചെയ്യുന്നതായാണ് ലഭിക്കുന്ന വിവരം.

അതേസമയം, നേതാവിനെതിരേ നടപടി എടുക്കാതെ ഇരയെ പിരിച്ചുവിട്ടു ഏരിയാ കമ്മറ്റി നടപടിയിലും വൻ പ്രതിഷേധം ഉയരുകയാണ്. സി.പി.എം തിരുവല്ല നോർത്ത് സെക്രട്ടറി വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയെന്ന ആക്ഷേപത്തിന്റെ അലയൊലികൾ അടങ്ങും മുമ്പാണ് ജില്ലയിൽ മറ്റൊരു പീഡനവും പാർട്ടിക്ക് തലവേദനയായി മാറുന്നത്.