കോഴിക്കോട്: ആരാധനാലയങ്ങൾക്കും ട്രസ്റ്റുകളും കൈവശം വെക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കാൻ സർക്കാർ നടപടി കൈക്കൊള്ളുമെന്നതാണ് ഇന്ന് പുറത്തുവന്ന വാർത്ത. ഭൂമിയും വീടുമില്ലാത്തവർക്ക് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സർക്കാർ ഇതിലൂടെ വ്യക്തമാക്കിയത്. ഇങ്ങനെ നടപടി കൈക്കൊള്ളുമ്പോൾ സർക്കാർ ആദ്യം കൈവെക്കാൻ ധൈര്യം കാണിക്കേണ്ടത് സിപിഎം എംഎൽഎ ജോർജ്ജ് എം തോമസിന്റെ ഭൂമിയിലാണ്. ഇദ്ദേഹവും സഹോദരങ്ങളും സർക്കാറിൽ നിക്ഷിപ്തമാകേണ്ട മിച്ചഭൂമി കൈവശം വെക്കുന്നു എന്നതാണ് ഉയരുന്ന ആരോപണം.

നാലേക്കറിലധികം വരുന്ന സർക്കാർ ഭൂമി തിരുവമ്പാടിയിലെ ഇടത് എംഎൽഎ ജോർജ് എം തോമസ് അധികൃതമായി കയ്യേറി വീടുവെച്ച് താമസിക്കുന്നതായാണ് സർക്കാർ രേഖ. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ വില്ലേജിൽ ദേവസ്വംകാട് എന്ന സ്ഥലത്ത് ജോർജ് എം തോമസ് എംഎൽഎയുടെ വീടിരിക്കുന്ന നാലേക്കറിലധികം സ്ഥലം സർക്കാർ മിച്ച ഭൂമിയാണെന്ന് വർഷങ്ങൾക്ക് മുമ്പ് ലാന്റ് ബോർഡ് സർവ്വേ നടത്തി കണ്ടെത്തിയിരുന്നു. എംഎൽഎയുടേതടക്കം 16 ഏക്കർ 9 സെന്റ് ഭൂമി തിരിച്ചെടുക്കണമെന്ന് 2000ൽ ലാന്റ് ബോർഡ് ഉത്തരവിട്ടിരിന്നു. എന്നാൽ എംഎൽഎയുടെയും സഹോദരങ്ങളുടെയും എതിർപ്പ് കാരണം ഉത്തരവ് നടപ്പിലാക്കാനായിട്ടില്ല.

ആകെയുള്ള 16 ഏക്കർ ഭൂമി എംഎൽഎയുടെ സഹോദരങ്ങളുടെ ഭൂമിയും ഉൾപ്പെടുന്നതാണ്. ഇതിന് പുറമെ മിച്ചഭൂമിയാണ് കണ്ടെത്തിയിരുന്ന രണ്ടേക്കർ സ്ഥലം പിന്നീട് എംഎൽഎ വാങ്ങുകയും ചെയ്തു. ഈ ഭൂമിയിൽ കുറച്ച് ഭാഗം എംഎൽഎയും ബന്ധുക്കളും വിൽക്കുകയും ചെയ്തിരുന്നു. വാങ്ങിയവർ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. 1977 മുതൽ എംഎൽഎയും കുടുംബവും ഇവിടെയാണ് താമസം. ഇക്കാരണത്താൽ തന്നെ തന്നെ ഇവിടെ നിന്നും ഇറങ്ങാനാകില്ലെന്ന എംഎൽഎയുടെനിലപാട് കാരണം ഇതുവരെയും ഉത്തരവ് നടപ്പിലാക്കാനായിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ കേസുമായി ബന്ധപ്പെട്ട് നവംബർ 27ന് ഹാജരാകാൻ എംഎൽഎക്ക് താലൂക്ക് ലാന്റ് ബോർഡ് നോട്ടീസ് നൽകിയിരിക്കുകയാണ്.

അതേ സമയം സ്ഥലത്തിന് എല്ലാവിധ രേഖകളുമുണ്ടെന്നും ലാന്റ്ബോർഡ് സർവ്വെയിൽ വന്ന പിശകാണ് ഭൂമി മിച്ചഭൂമിയായി കണക്കാക്കാൻ കാരണമെന്നും എംഎൽഎ പറഞ്ഞു. 1971ൽ തന്റെ പിതാവ് വാങ്ങിയ സ്ഥലമാണിത്. അതിൽ 4.9 ഏക്കർ ഭൂമിയാണ് തനിക്ക് തന്നിട്ടുള്ളത്. ഈ ഭൂമിയുടെ പേരിൽ മലപ്പുറം ലാന്റ് ട്രിബ്യൂണൽ ബോർഡിൽ നിന്ന് പട്ടയം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 1977 മുതൽ ഈ ഭൂമിയിൽ വീടുവെച്ച് താമസിക്കുകയാണ്. ഇപ്പോഴും ഇവിടെയാണ് താമസിക്കുന്നത്. ഈ ഭൂമിയുടെ രേഖകൾ സമർപ്പിച്ച് മുക്കം കനാറാ ബാങ്ക് ശാഖയിൽ നിന്ന് വായ്പയുമെടുത്തിട്ടുണ്ട്.

അച്ഛന്റെ പേരിൽ വേറെയും ഭൂമികൾ ഉണ്ടായിരുന്നു. അവയിൽ ചിലത് റബ്ബർ തോട്ടമായി രജിസ്റ്റർ ചെയ്യപ്പെട്ടവയും മറ്റ് ചിലത് സാധാരണ കരഭൂമിയുമയിരുന്നു. ഭൂപരിധി നിയമപ്രകാരം ഒഴിവു നൽകേണ്ട റബ്ബർ തോട്ടത്തെ തെങ്ങിൻ തോട്ടമായി തെറ്റായി എഴുതിയതിനാലാണ് ഈ കേസുണ്ടായിരിക്കുന്നത്. ഇത് സംബന്ധമായി കേസിൽ പെട്ട എല്ലാ ഭൂമികളും ഇപ്പോഴത്തെ കൈവശക്കാരുടേതാണ് എന്ന് ലാന്റ് ബോർഡിന് ബോദ്ധ്യപ്പെട്ട് വിധി ആയതും അച്ഛന്റെ അക്കൗണ്ടിൽ നിന്ന് കുറവ് ചെയ്തിട്ടുള്ളതുമാണ്. അതിനാൽ തന്നെ ഈ കേസ് നിലനിൽക്കാൻ ഇടയില്ല. ലാന്റ് ബോർഡ് യോഗം ചേരാത്തതുകൊണ്ട് മാത്രമാണ് ഇക്കാര്യം ബോധ്യപ്പെടുത്താൻ കഴിയാതിരുന്നത്.

2006 മുതൽ 2011 വരെയും 2016 മുതലും തിരുവമ്പാടി മണ്ഡലത്തിലെ എംഎൽഎ യാണ് ഞാൻ. എന്റെ കേസിൽ അനുകൂലമായി വിധി സമ്പാദിക്കാൻ ഒരാളോടും യാതൊരു വിധ ശുപാർശയും നടത്തിയിട്ടില്ല. ഇനി മേലിലും വ്യക്തിപരമായോ, സംഘടനാ പരമായോ ഒരു സാധ്വീനവും ചെലുത്തുകയുമില്ല. രേഖകൾ ശരിയായി പഠിച്ച് കോടതി എടുക്കുന്ന തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും അതനുസരിച്ച് മുന്നോട്ട് പോവും. ഇതിന്റെ പേരിൽ നടക്കുന്ന എല്ലാ പ്രചരണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ജോർജ് എം തോമസ് എംഎൽഎ പറഞ്ഞു.