ലോസ് ഏഞ്ചൽസ്: സിനിമാരംഗത്തെ സ്ത്രീകളോടുള്ള സമീപനം മലയാളികൾ ചർച്ചയാക്കുന്നതിനിടയിൽ ഹോളിവുഡിൽ നിന്നും കൂടുതൽ പീഡനവാർത്തകൾ പുറത്തുവരികയാണ്. 2015-ലെ ആസ്ട്രേലിയൻ സന്ദർശനത്തിനിടെ നടൻ ജോണി ഡെപ്പ് ഭാര്യയും നടിയുമായ ആംബർ ഹേർഡിന്റെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചതായി ആംബറിന്റെ അറ്റോർണി പറഞ്ഞു. ഡെപ്പ് ഫയൽ ചെയ്ത 100 മില്യൺ ഡോളറിന്റെ മാനനഷ്ട കേസിന്റെ വിചാരണക്കിടയിലാണ് ഹേർഡിന്റെ അഭിഭാഷക ലെയ്ൻ ബ്രെഡിയോഫ്റ്റ് കോടതിയിൽ ഇക്കാര്യം ബോധിപ്പിച്ചത്.

ഡെപ്, ഹേർഡിനെ ചുമരിനോട് ചേർത്ത് അമർത്തി. അതുകഴിഞ്ഞ് കുപ്പിയെടുത്ത് അടിച്ചു. പിന്നെ നിലത്തുകൂടി വലിച്ചിഴച്ചു. പൊട്ടിവീണ കുപ്പിച്ചില്ലുകൾക്ക് മുകളിലൂടെയായിരുന്നു അവരെ അയാൾ വലിച്ചിഴച്ചതെന്നും അഭിഭാഷക കോടതിയിൽ പറഞ്ഞു. ഈ സമയമത്രയും ഹേർഡിന് നേരെ അസഭ്യം പുലമ്പിക്കൊണ്ട് അവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ഉണ്ടായിരുന്നത്രെ. പിന്നീട് ലൈംഗികാവയവത്തിൽ കുപ്പി കയറ്റി പീഡിപ്പിക്കുകയും ചെയ്തു.

അഭിഭാഷക ഇക്കാര്യം പറയുമ്പോഴൊക്കെ കോടതിയിലിരുന്നഡെപ്പ് ഇക്കാര്യങ്ങളൊക്കെ തലയാട്ടി നിഷേധിക്കുന്നുണ്ടായിരുന്നു. എന്നാൽ, 2016-ൽ ആംബർ സമർപ്പിച്ച വിവാഹമോചന ഹർജിയിൽ ഈ ആരോപണങ്ങൾ ഒന്നും ഇല്ലായിരുന്നെന്ന് ഡെപ്പിന്റെ വക്താവ് ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന അവരുടെ പ്രസ്താവനക്കെതിരെ ഡെപ്പ് മാനനഷ്ടത്തിന് കേസുകൊടുത്തപ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വരുന്നതെന്നും വക്താവ് പറഞ്ഞു.

വാക്കുകൾക്ക് ഏറെ സ്വാധീനം മറ്റുള്ളവരിൽ ചെലുത്താനാവും. ഹോളിവുഡിന് ഞെട്ടൽ നൽകി എന്നും ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിച്ചിട്ടുള്ള ആംബർ തനിക്കനുകൂലമായ സാഹചര്യമൊരുക്കുന്നതിന് ഉണ്ടാക്കിയ കള്ളങ്ങളാണ് ഇതൊക്കെ, ഡെപ്പിന്റെ വക്താവ് തുടർന്നു. തനിക്ക് കൂടെയുള്ളവരെ ദുരുപയോഗം ചെയ്യാൻ സമർത്ഥയായ ഒരു വ്യക്തിയാണ് ഹേർഡ് എന്നായിരുന്നു ഡെപ്പിന്റെ അഭിഭാഷക കാമില്ലെ വാസ്‌ക്വെസ് കോടതിയിൽ പറഞ്ഞത്. 2009-ൽ ദി റം ഡയറി എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഹേർഡായിരുന്നു ഡെപ്പിനെ വലയിലാക്കിയത് എന്നും അറ്റോർണി പറഞ്ഞു.

കാമുകി ചമഞ്ഞ, പ്രണയം നടിച്ച് ഡെപ്പിനെ വലയിലാക്കിയ നടി പിന്നീട് അയാളെ കുഴപ്പത്തിൽ ചാടിക്കുകയായിരുന്നു എന്നാണ് ഡെപ്പിന്റെ അഭിഭാഷക പറഞ്ഞത്. വിവാഹശേഷം ഹേർഡായിരുന്നു പീഡനം നടത്തിയതെന്നും അവർ പറഞ്ഞു. ഡെപ്പിനു നേരെ കുപ്പി വലിച്ചെറിയുക, അടിക്കുക, അതുപോലെ അയാളെ ഭീരു എന്ന് വിളിച്ച് അധിക്ഷേപിക്കുക തുടങ്ങിയവയൊക്കെ അവരുടെ പരിപാടികളായിരുന്നു എന്നും അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.

അതേസമയം, തികച്ചുംആസുരഗുണങ്ങളുള്ള ഒരു വ്യക്തിയാണ് ഡെപ്പ് എന്നായിരുന്നു ഹേർഡിന്റെ അഭിഭാഷക വാദിച്ചത്. താൻ എന്നും വെറുത്തിരുന്ന അമ്മയുടേയും സഹോദരിയുടെയും സ്ഥാനത്തായിരുന്നു ഡെപ്പ് ഹേർഡിനേയും കണ്ടിരുന്നത്. ഈ ഒരു മാനസികാവസ്ഥയായിരുന്നു അയാളെ അക്രമങ്ങൾക്ക് പ്രേരിപ്പിച്ചതെന്നും അവർ വാദിച്ചു. അതിനൊപ്പം വീര്യം പകരാൻ മദ്യവും മയക്കുമരുന്നും ഉണ്ടായിരുന്നതായും അവർ കോടതിയിൽ പറഞ്ഞു.