കോഴിക്കോട്: ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സ്വകാര്യ ആശുപത്രയിൽ നിന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർന്നത് പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗം തന്നെ. ബിജെപി നേതാവിനെതിരേ സാമൂഹിക മാധ്യമങ്ങളിലും ചില പത്രങ്ങളിലും ഉയർന്ന ആരോപണങ്ങൾ ശരിയല്ലെന്ന് എരഞ്ഞിപ്പാലം മലബാർ ആശുപത്രി എംഡി പി എ ലളിത അറിയിച്ചു. സുരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്നാണ് ലളിത പറയുന്നത്. ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമിച്ചുവെന്ന ആരോപണം അവർ നിഷേധിച്ചു.

വാർത്തയിൽ പരാമർശിക്കപ്പെടുന്ന ബിജെപി ജനറൽ സെക്രട്ടറിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അദ്ദേഹം തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. തനിക്ക് കോൾ റിക്കാർഡ് ചെയ്യാൻ പോലുമറിയില്ലെന്നും അവർ പറഞ്ഞു. കിഡ്നിയിലെ കല്ല് ഓപറേറ്റ് ചെയ്യുന്നതിനായി ഒരു ബിജെപി പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം മാറിയില്ലെന്നും വീണ്ടും ഓപറേറ്റ് ചെയ്യണമെന്ന് വിദഗ്ധ ഉപദേശം ലഭിച്ചെന്നും കാണിച്ച് ഇയാൾ വീണ്ടും ആശുപത്രിയെ സമീപിച്ചു. ഇവിടെ ഓപറേറ്റ് ചെയ്യാനാവില്ലെന്നും മറ്റെവിടെയെങ്കിലും ചികിൽസ നടത്തിയാൽ തങ്ങൾ ചെലവ് നൽകാമെന്ന് പറയുകയും ചെയ്തിരുന്നു.

കോഴിക്കോട്ട് തന്നെയുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അയാൾക്ക് തുടർചികിൽസ നൽകുകയും അതിന്റെ ചെലവ് ആശുപത്രി വഹിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചത് ബിജെപി നേതാവ് രഘുനാഥാണ്. ഇതിൽ ഭീഷണിയൊന്നും ഉണ്ടായിട്ടില്ല. പണം നൽകാമെന്ന് തങ്ങൾ അങ്ങോട്ട് വാഗ്ദാനം ചെയ്യുകയാണുണ്ടായതെന്നും ഡോ. ലളിത പറഞ്ഞു. തേജസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും താൻ ആരെയും വിളിച്ചിട്ടില്ലെന്നും ആശുപത്രിയിൽ നിന്നും നിജസ്ഥിതി ബോധ്യമാവുമെന്നും സുരേന്ദ്രനും പ്രതികരിക്കുന്നു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രി മാനേജ്മെന്റിനോട് പണം ആവശ്യപ്പെട്ടെന്ന് ആരോപണമുയർത്തിയത് പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു. ബിജെപി പ്രവർത്തകന്റെ ചികിൽസയിൽ പിഴവു വരുത്തിയെന്ന് ആരോപിച്ചാണ് നേതാവ് പണം ആവശ്യപ്പെട്ടതെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് ആശുപത്രി മാനേജ്മെന്റ് ആർഎസ്എസ് നേതൃത്വത്തിന് പരാതി നൽകിയതിനെത്തുടർന്ന് ഇദ്ദേഹത്തെ നേതൃത്വം ശാസിക്കുകയും ചെയ്തതായും വിവരം പുറത്തുവിട്ടു. ഇതു സംബന്ധിച്ച ആരോപണത്തിന് പിന്നിൽ ബിജെപിയിലെ ഗ്രൂപ്പ് പോരാണെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മാസം പ്രവേശിപ്പിച്ച ബിജെപി പ്രവർത്തകനെ ചികിൽസാ പിഴവ് മൂലം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രശ്നത്തിൽ ഇടപെട്ട നേതാവ് നഷ്ടപരിഹാരമായി ആദ്യം ഒരു ലക്ഷം രൂപ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയും അത് പ്രവർത്തകനെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, നേതാവ് വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ വിളിക്കുകയായിരുന്നുവെന്നായിരുന്നു സുരേന്ദ്രനെതിരെ മറുവിഭാഗം ഉയർത്തിയ ആരോപണം. പണം നൽകിയില്ലെങ്കിൽ ഭവിഷ്യത്ത് ആശുപത്രി അറിയുമെന്ന് ഭീഷണി മുഴക്കിയായിരുന്നു പിന്നീട് വിളിച്ചതെന്നും പറഞ്ഞു.

നേതാവിന്റെ ഫോൺ സംഭാഷണമടക്കം റിക്കാർഡ് ചെയ്താണ്് ആശുപത്രി അധികൃതർ ആർഎസ്എസ് നേതൃത്വത്തിന് പരാതി നൽകിയതെന്നായിരുന്നു ആക്ഷേപം. പണം ആവശ്യപ്പെട്ടത് പ്രവർത്തകന് വേണ്ടിയല്ലെന്ന് കണ്ടെത്തിയ ആർഎസ്എസ് നേതൃത്വം ഇദ്ദേഹത്തെ താക്കീത് ചെയ്തുവെന്നായിരുന്നു വാർത്ത. വിഷയം ബിജെപിയിൽ സജീവ ചർച്ചയാക്കാനാണ് മറ്റൊരു ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ ശ്രമമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ആശുപത്രി മാനേജ്‌മെന്റ് തന്നെ ഈ വാദങ്ങൾ തള്ളിക്കളഞ്ഞ് രംഗത്ത് വന്നത്. ഇതോടെ ഈ വിഷയം ബിജെപിയിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.