കൽപ്പറ്റ: അഴിമതിയുടെ പ്രകടരൂപമായി കേരളത്തിന്റെ മനസ്സിൽ സ്ഥാനം പിടിച്ച ഡാം പ്രോജക്ട് ആണ് കാരാപ്പുഴ. ഏഴര കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പ്രോജക്ട് 300 കോടി ചെലവിട്ടിട്ടും ഒന്നുമാകാത്ത കഥയാണ് കാരാപ്പുഴ പറഞ്ഞത്. അഴിമതിയുടെ കറവപ്പശു എന്ന് പോലും കാരാപ്പുഴ പദ്ധതി വിശേഷിപ്പിക്കപ്പെട്ടു. ഇപ്പോൾ കാരാപ്പുഴയുടെ ചുവട് പിടിച്ചുള്ള ടൂറിസം പ്രോജക്ടും അഴിമതിയിലേക്ക് തന്നെ നീങ്ങുന്നതായി മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വെളിവാകുന്നു. കോടികളുടെ അഴിമതിയാണ് കാരാപ്പുഴ ഡാം ആൻഡ് സറൗണ്ടിങ്‌സ് മേക്കിങ് എ ടൂറിസം ഡെസ്റ്റിനി എന്ന പ്രോജക്ടിന്റെ പേരിൽ നടക്കുന്നത്. ടൂറിസം പ്രോജെക്റ്റിന്റെ കരാറിലാണ് കോടികളുടെ അഴിമതി പത്തിവിടർത്തി ആടുന്നത്. വിവിധ സ്റ്റേജുകളിലാണ് ടൂറിസം പദ്ധതി പുരോഗമിക്കുന്നത്.

ഇപ്പോൾ നടക്കുന്നത് മൂന്നാം സ്റ്റേജ് ആണ്. ഒന്നാം സ്റ്റേജ് അഴിമതി ഇല്ലാതെ കടന്നുപോയപ്പോൾ രണ്ടും മൂന്നും സ്റ്റേജുകളിൽ കോടികളുടെ അഴിമതി എന്നാണ് വെളിവാകുന്നത്. പത്ത് ലക്ഷം രൂപയുടെ പ്രോജക്ട് വർക്കുകൾ രണ്ടാം സ്റ്റേജിൽ കഴിഞ്ഞപ്പോൾ ബിൽ തുകയായി മാറിയത് ഒന്നരക്കോടി രൂപ. മൂന്നാം സ്റ്റേജിൽ മാറാൻ പോകുന്നത് രണ്ടര കോടിയിലേറെ രൂപയുടെ ബില്ലാണ്. നിസാര തുകയ്ക്ക് പണികൾ തീർത്ത് വൻതുക അതായത് കോടികൾ ബില്ലായി മാറാൻ പോകുകയാണ്. അഴിമതിയിൽ ഇറിഗേഷൻ വകുപ്പിനോ ഇപ്പോഴത്തെ ഇറിഗേഷൻ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കോ ഒഴിഞ്ഞു മാറാൻ കഴിയില്ല. അഴിമതിക്ക് കുട പിടിക്കുന്ന കിഡ്ക് എന്ന കോർപ്പറേഷൻ ചെയർമാൻ ഇറിഗേഷൻ മന്ത്രി കെ.കൃഷ്ണൻകുട്ടി തന്നെയാണ്. കാരാപ്പുഴ ടൂറിസം പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്ത കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചറൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ എന്ന കമ്പനിയെ ചുറ്റിപ്പറ്റിയാണ് അഴിമതിയാരോപണങ്ങൾ ഉയരുന്നത്.

അഴിമതിയാരോപണങ്ങൾ ഉയരുന്നത് കിഡ്ക് സിഇഒ ആയ ജയപാലൻ നായരെ ചുറ്റിപ്പറ്റി

കിഡ്ക് സിഇഒ ആയ ജയപാലൻ നായരെ ചുറ്റിപ്പറ്റിയാണ് ആരോപണങ്ങൾ ഉയരുന്നത്. കാരാപ്പുഴ ഡാമിനു ചുറ്റുമായി വികസിപ്പിക്കുന്ന ടൂറിസം പ്രോജക്ട് ജോലികൾ ജയപാലൻ നായർ സ്വന്തം ബിനാമികളെ തന്നെയാണ് ഏൽപ്പിക്കുന്നത് എന്നാണു ആരോപണം. ജലവിഭവവകുപ്പ് മന്ത്രി ചെയർമാനായും, എസ് റീമയെ എം ഡി യായും, വിവിധ അണ്ടർ സെക്രട്ടറിമാർ ഡയറക്ടർമാരുമായി പത്ത് കോടി രൂപ പെയ്ഡ് കാപ്പിറ്റലായി കേരളാ സർക്കാർ ഉടമസ്ഥതയിൽ തുടങ്ങിയ കമ്പനിയാണ് കിഡ്ക്.

9.10 .2015 ൽ ഈ നമ്പറിൽ ഇറങ്ങിയ 453/2015 സർക്കാർ ഉത്തരവ് പ്രകാരം സർക്കാരിന്റെ കീഴിലുള്ള വിവിധ ഇറിഗേഷൻ, ടുറിസ്സം ഡെവലപ്പ് മെന്റ് വർക്കുകൾ നേരിട്ട് കിട്ക് നേരിട്ട് എറ്റെടുത്ത് നടത്താം. അങ്ങിനെയാണ് കാരാപ്പുഴ ഡാം കേന്ദ്രീകൃതമായ ടൂറിസം പ്രോജക്ടിന് കിഡ്കിന് അനുമതി നൽകിയത്. കാരാപ്പുഴയിലെ ജനങ്ങൾക്ക് ഈ പ്രൊജക്റ്റിനെ കുറിച്ച് ഒരു പിടിയുമില്ല. ടൂറിസം പദ്ധതിയെക്കുറിച്ച് വിവരാവകാശം ചോദിച്ചാൽ ഇത് ഞങ്ങളുടെ വർക്ക് അല്ല എന്നാണ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ മറുപടി. കിഡ്ക് പക്ഷെ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള ബോഡിയാണ് എന്നത് മറച്ചുവെക്കുകയും ചെയ്യും. ഇതിൽ തന്നെ ഒത്തുകളി വ്യക്തമാണ്, കാരാപ്പുഴ വർക്ക് കിഡ്കിന്റെ കയ്യിൽ അമർന്നതോടെ പ്രോജക്ടിൽ സ്വന്തം നോമിനികളെ ജയപാലൻ തിരുകി കയറ്റിയിരുന്നു. ഇറിഗേഷൻ വകുപ്പിൽ നിന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആയി വിരമിച്ച ആളാണ് ജയഗോപാലൻ..

ജയപാലന്റെ കിഡ്ക് നിയമനം തന്നെ വിവാദമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ആരോപണവിധേയരെ നിയമിക്കരുത് എന്നാണ് സർക്കാർ തീരുമാനം തന്നെ. ഈ തീരുമാനമാണ് ജയപാലന്റെ കാര്യത്തിൽ ആദ്യം തന്നെ കാറ്റിൽപ്പറന്നത്. സർവീസിലിരിക്കെ വിജിലൻസ് അന്വേഷണം നേരിട്ടയാളാണ് ജയപാലൻ. . ഇതറിഞ്ഞുകൊണ്ടാണ് കിഡ്ക് സിഇഒ സ്ഥാനത്ത് ജയപാലനെ നിയമിച്ചത്. ജയപാലനെ നിയമിച്ചപ്പോൾ തന്നെ ഈ നിയമനത്തിന്നെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ജലസേചന വകുപ്പിൽ നിന്നും വിരമിച്ചവരെയാണ് കിഡ്കിൽ ഒരു വിധം എല്ലാ തസ്തികകളിലും നിയമിച്ചിട്ടുള്ളത്. കാരാപ്പുഴ ടൂറിസം പ്രോജക്ട് ജയപാലൻ നായരുടെ കീഴിൽ ആരംഭിച്ചപ്പോൾ തന്നെ തട്ടിപ്പിന്റെ പരമ്പരകൾ തന്നെ കിഡ്കിൽ അരങ്ങേറിയതായാണ് സൂചനകൾ. അതിനായി ഇറിഗേഷൻ വകുപ്പിലെ തന്റെ പഴയ സഹപ്രവർത്തകരെ തന്നെ ജയപാലൻ ഈ ടൂറിസം പ്രൊജക്ടിൽ നിയമിക്കുകയും ചെയ്തു. ഇങ്ങിനെ വന്നവരാണ് വടകര സ്വദേശി കിഷോറും , ബെയ്‌സലും.

കിഷോറിനെ കാരാപ്പുഴയുടെ ചുമതലയുള്ള കിഡ്കിന്റെ അസ്സിസ്റ്റന്റ് എക്സ്സിക്കുട്ടിവ് എഞ്ചിനിയറായും, ബെയ്‌സലിനെ സൈറ്റിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനിയർ ആയും നിയമിച്ചു.ഇതോടെ ടൂറിസം പ്രോജക്ട് പൂർണമായും ജയപാലൻ നായരുടെ കൈപ്പിടിയിൽ ഒതുങ്ങുകയും ചെയ്തു. അഴിമതിയുടെ വ്യാപ്തി വലുതാകും വിധം വൻ പദ്ധതികൾ കാരാപ്പുഴ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡാമിന് ചുറ്റും പാർക്ക്, അഡ്വഞ്ചർ ടൂറിസം, വ്യൂ ടവർ, ഉദ്യാനം തുടങ്ങിയവ കാരാപ്പുഴ ഡാം ആൻഡ് സറൗണ്ടിങ്‌സ് മേക്കിങ് എ ടൂറിസം ഡെസ്റ്റിനിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടികളുടെ തട്ടിപ്പിനാണ് ഈ ടൂറിസം പ്രൊജക്റ്റിലൂടെ അരങ്ങൊരുങ്ങുത് എന്നാണ് ടൂറിസം പ്രൊജക്റ്റിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ വെളിവാക്കുന്നത്.

കരാറുകാരൻ കെ.എസ്.മോഹനൻ ജയപാലന്റെ ബിനാമിയോ?

പ്രോജക്ട് വർക്കുകൾ പൂർണമായും സിഇഒ ജയപാലൻ ബിനാമികൾക്കാണ് നൽകിയിരിക്കുന്നത്. കാരാപ്പുഴ ടൂറിസം പ്രൊജക്റ്റിൽ കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് നടത്തുന്നത് ജയപാലന്റെ സുഹൃത്തും നിരവധി കേസുകളിലെ പ്രതിയുമായ കെ.എസ്.മോഹനനാണ്. ജയപാലന്റെ നോമിനിയാണ് കെ.എസ്.മോഹനൻ എന്ന് വിളിക്കുന്ന ഫുൾ കൈ മോഹനൻ എന്നാണ് ആക്ഷേപം. ഈ മോഹനനെ കണ്ടുകൊണ്ട് തന്നെയാണ് ജയപാലൻ പ്രോജക്ട് മുന്നോട്ടു നീക്കിയത് എന്നാണ് സൂചനകൾ. ജയപാലൻ വയനാട്ടിലെ ബാണാസുര ഡാമിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ ആയി എത്തിയപ്പോൾ മുതൽ മോഹനനുമായി അടുപ്പമുണ്ട്. പരിചയപ്പെടുന്നതും ബിനാമി ബിസിനസ് തുടങ്ങുന്നതും അതിനു ശേഷമാണെന്നാണ് സൂചന.

ഇവർ രണ്ടുപേരും കൂടി ഈ സമയത്തും കോടികളുടെ തട്ടിപ്പുകൾ നടത്തി എന്നും അപ്പോഴുള്ള എക്സ്സിക്യുട്ടിവ് എഞ്ചിനിയറുടെ സഹായം ഇവർക്ക് ലഭിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. കിഡ്കിൽ കോൺട്രാക്ട് വർക്കുകൾ ഏൽപ്പിക്കാൻ കിഡ്കിന്റെ തന്നെ പാനലുണ്ട്. ഈ കോൺട്രാക്റ്റർമാർക്കാണ് വർക്കുകൾ കൊടുക്കുന്നത്. കോൺട്രാക്ടർമാർ പാനലിൽ ഉണ്ടെങ്കിലും വർക്കുകൾ ഇഷ്ടക്കാർക്ക് വീതം വയ്ക്കുകയാണ് ചെയ്യുന്നത്. കിഡ്കിന്റെ കോൺട്രാക്ട് പാനലിൽ ഉൾപ്പെടാൻ തന്നെ ലക്ഷങ്ങൾ കൈക്കൂലിയായി നല്കണമെന്ന് ആക്ഷേപം മുൻപ് തന്നെ ഉയർന്നതുമാണ്. കിഡ്ക് ഇ ടെൻഡർ നടത്തുന്നില്ല. ഇ ടെൻഡർ സുതാര്യമായതിനാൽ അഴിമതിക്ക് കോപ്പില്ലാത്തതാണ് കാരണം. ഇ ടെൻഡർ നൽകാത്തതിന് കാരണം പക്ഷെ വേറെയാണ് പറയുന്നത്. കിഡ്ക് എന്നാൽ സർക്കാർ ജോലികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്ന ബോഡിയാണ്.

അതിനാൽ കിഡ്കിന് ജോലികൾ പാനലിലെ കോൺട്രാക്ടർമാർക്ക് വീതിച്ചു നൽകാം. ഇതുതന്നെയാണ് കിഡ്കിൽ നടക്കുന്നതും. ഇവിടെയാണ് കെ.എഎസ്.മോഹനന്റെ സാന്നിധ്യം ജയപാലൻ നായർക്ക് തുണയാകുന്നത്. കോൺട്രാക്ട് സംബന്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥൻ ഉടക്ക് വയ്ക്കുകയാണെങ്കിൽ മോഹനൻ പ്രത്യക്ഷപ്പെടും. ഉദ്യോഗസ്ഥനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തുക. കൈക്കൂലി ആണെങ്കിൽ അങ്ങിനെ, പെണ്ണ് മതിയെങ്കിൽ അങ്ങിനെ. രണ്ടിലും വഴങ്ങിയില്ലെങ്കിൽ മൂന്നാമത് ഭീഷണി വരും. ഇതോടെ ഉദ്യോഗ്‌സസ്ഥൻ ഒതുങ്ങും. ഒതുക്കാത്തവരെ ഒതുക്കാൻ പ്രത്യേക പാടവമുള്ള കോൺട്രാക്ടർ കൂടിയാണ് മോഹനൻ. ഇതിനായാണ് കിഡ്ക് പാനലിലേക്ക് മോഹനനെ ജയപാലൻ തിരുകി കയറ്റിയത് എന്ന് മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നതാണ്. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി മോഹനനും ജയപാലനും കല്ലുപാടിയിൽ ഒരു വീട് എടുത്തിട്ടുണ്ട്. ഈ വീട് കേന്ദ്രീകരിച്ചാണ് ഇടപാടുകൾ എന്നാണ് ആക്ഷേപം.

കാരപ്പുഴ വർക്കുകൾ വിവിധ സ്റ്റേജുകളിലായാണ് പുരോഗമിക്കുന്നത്. ഫസ്റ്റ് സ്റ്റേജ് വെറും ചെറിയ തുകയ്ക്ക് മാനന്തവാടി സ്വദേശിയായ ഒരു ചെറിയ കോൺട്രാക്ടർക്ക് ആദ്യം നൽകി. ചെറിയ വർക്കുകൾ മറ്റ് ചെറിയ കോൺട്രാക്ട്ടർമാരെ എൽപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ സ്റ്റേജിലാണ് മോഹനൻ എത്തുന്നത്. രണ്ടാമത്തെ സ്റ്റേജ് ഒന്നര കോടി രൂപയ്ക്ക് കെ.എസ്.മോഹനന് നൽകി. ഇതിലാണ് അഴിമതി വന്നത്. വെറും വെറും പത്ത് ലക്ഷത്തിൽ താഴെയുള്ള വർക്കുകൾ പൂർത്തീകരിക്കുകയും ബിൽ തുകയായി ഒന്നര കോടിയിലധികം കൈപ്പറ്റുകയും ചെയ്തു. സൈറ്റ് എഞ്ചിനീയർമാരുടെ ഒത്താശ ഇതിനു പിന്നിലുണ്ട് എന്നാണ് സൂചന. സൈറ്റിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയർ താമസിക്കുന്നത് മോഹനന്റെ വീട്ടിൽ തന്നെയാണ് എന്നാണ് ലഭിക്കുന്ന വിവരം. വർക്കിന്റെ പ്രധാന എഴുത്ത് ജോലികൾ ചെയ്യുന്നതും ഇതേ വീട്ടിൽ വച്ചാണ്.

കിഡ്ക് വയനാട്ടിൽ ഏറ്റെടുത്തത് കോടികളുടെ പ്രോജക്ട് വർക്ക്, പക്ഷെ സ്വന്തമായി ഓഫീസില്ല

കോടികളുടെ വർക്ക് കാരാപ്പുഴ കിഡ്ക് ഏറ്റെടുത്ത് നടത്തുന്നുണ്ടെങ്കിലും കിഡ്കിന് വയനാട്ടിൽ ഓഫീസില്ല. കിഡ്കിന് വയനാട്ടിൽ ഓഫീസില്ലാ എന്ന കാര്യം കിഡ്ക് എംഡി എസ്.രമ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓഫീസ് ഇല്ലാത്തതിനാൽ വർക്കിന്റെ എം ബുക്ക് അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും മോഹനന്റെ വീട്ടിൽ തന്നെയാണ് എന്നാണ് സൂചന. ഏതെല്ലാം അഴിമതി സുഗമമാക്കുന്നു. കിഡ്കിന് സ്വന്തമായി ഓഫീസ് വേണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് അവഗണിക്കപെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

പദ്ധതിക്ക് വേണ്ടി കറന്റു ചോർത്തലും; കരാറുകാരന്റെ ലക്ഷങ്ങളുടെ ബിൽ അടക്കുന്നത് ഇറിഗേഷൻ വകുപ്പ്

കാരാപ്പുഴ ടൂറിസം പ്രോജക്ട് വർക്കിന് ഇലക്ട്രിസിറ്റി നൽകേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്തമാണ്. സ്വന്തം പണം മുടക്കി കരാറുകാരൻ കറന്റ് വാങ്ങണം എന്നാണ് ചട്ടം. പക്ഷെ കാരാപ്പുഴ ടൂറിസം പദ്ധതിക്ക് വേണ്ട ഇലക്ട്രിസിറ്റി കാരാപ്പുഴ പദ്ധതിയിൽ നിന്ന് നൽകുകയാണ് ചെയ്യുന്നത്. ഈ ഇലക്ട്രിസിറ്റിയാണ് ടൂറിസം പ്രൊജക്റ്റിനു വേണ്ടി ഉപയോഗിക്കുന്നത്. അതിനു കാരാപ്പുഴ ഇറിഗേഷന്റെ പദ്ധതിയുടെ ചാർജുള്ള 'അസ്സിസ്റ്റന്റ് എക്സ്സിക്യൂട്ടിവ് എഞ്ചിനീയറുടെ സഹായമാണ് മോഹനന് ലഭിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ടൂറിസം പദ്ധതിക്ക് വേണ്ടി വരുന്ന ലക്ഷങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ ഇറിഗേഷൻ വകുപ്പിൽ നിന്നാണ് അടയ്ക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടം ഈയിനത്തിൽ മാത്രം ഇറിഗേഷൻ വകുപ്പിന് വരുന്നുമുണ്ട്. എല്ലാത്തിനും പടരുന്നത് അഴിമതിയുടെ മണം തന്നെയാണ്.

(തുടരും)