തൊടുപുഴ: സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മൃതദ്ദേഹത്തെ വെന്റിലേറ്ററിൽക്കിടത്തി ചികത്സിച്ചതായി പൊലീസിൽപ്പരാതി. ഏനാനല്ലൂർ ഇടക്കുടിയിൽ ഇ കെ ചന്ദ്രനാണ് ഇത് സംബന്ധിച്ച് തൊടുപുഴ ചാഴികാട്ട് ആശുപത്രിക്കെതിരെ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

46 വയസുള്ള തന്റെ മകൻ ബിജുമോനെ കിഡ്നി സംബന്ധമായ അസുഖവുമായി ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും മരിച്ച ശേഷം മൂന്നുദിവസം കൂടി വെന്റിലേറ്ററിൽ കിടത്തി ചികത്സിച്ചതായി കാണിച്ച് ആശുപത്രി അധികൃതർ പണം വാങ്ങിയെന്നുമാണ് ചന്ദ്രൻ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

പരാതിയിലെ വിവരങ്ങൾ ഇങ്ങിനെ...

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗുരുതരമായ രോഗബാധയെത്തുടർന്ന് മകൻ ബിജുമോനെ ഗുരുതരമായ കിഡ്നി രോഗത്തെത്തുടർന്ന് തൊടുപുഴയിലെ ചാഴികാട് ആശുപുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 23-ാം തീയതി വെന്റിലേറ്ററിൽ കിടത്തിയിരുന്ന അവസ്ഥയിൽ മകനെ കണ്ടിരുന്നു.ഈയവസരത്തിൽ ശരീരത്തിൽ തൊട്ടപ്പോൾ ഐസിൽ തൊട്ടപോലെയുള്ള തണുപ്പ് അനുഭവപ്പെട്ടു. കൈയുംകാലും പൊക്കിനോക്കിയിപ്പോൾ മൃതദ്ദേഹത്തെ പിടിയിക്കുമ്പോഴുള്ള അവസ്ഥയാണ് അനുഭവപ്പെട്ടത്.

ഈയവസരത്തിലും മകൻ രക്ഷപടും എന്നാണ് അശപപത്രി അധികൃതർ അറിയിച്ചിരുന്നത്.പിന്നീട് 27-ാം തീയതി വരെ ഇത്തരത്തിൽ ചികിൽസ തുടർന്നു. വിലക്കൂടിയ മരുന്നുകൾ വാങ്ങിപ്പിക്കുകയും ചെയ്തു. 23-ാം തീയതിമുതൽ 27-ാം തീയതിവരെ മകന്റെ മൃതദ്ദേഹത്തിനാണ് ആശുപത്രി അധികൃതർ ചികിത്സ നൽകിയതെന്നാണ് വിശ്വസിക്കുന്നത്. 23-ാം തീയതി നൽകിയ ബില്ലിൽ മൃതദ്ദേഹം മൂടുന്നതിനുള്ള ഷീറ്റിന് 300 രൂപ ഈടാക്കിയിട്ടുണ്ട്. മരണപ്പെടുന്നതിന് മുമ്പ് മൃതദ്ദേഹം മൂടാൻ ഷീറ്റ് വാങ്ങിപ്പിക്കില്ല എന്നകാര്യം ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച്, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം-ഇതാണ് പരാതി

ചന്ദ്രന്റെ പരാതി സ്വീകരിച്ചതായി കാണിച്ച് പൊലീസ് രസീത് നൽകിയിട്ടുണ്ട്. അഡ്വ.ടോം തോമസ് പൂച്ചാലിൽ മുഖേന ചന്ദ്രൻ ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുന്നതിനും നീക്കം ആരംഭിച്ചിട്ടുണ്ട്. ഫീസിനത്തിൽ ഒരു രൂപ പോലും വാങ്ങാതെയാണ് താൻ ഈ കേസ്സ് ഏറ്റെടുക്കാൻ തയ്യാറായിട്ടുള്ളതെന്നും ചന്ദ്രൻ ഉന്നയിക്കുന്ന വിഷയം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് ഉത്തമ ബോദ്ധ്യത്തിലാണ് ഈ കേസ്സുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും അഡ്വ.ടോം തോമസ്സ് മറുനാടനോട് വ്യക്തമാക്കി.

മകൻ മരിച്ച് ഇത്രയും നാളും ഈ വിഷയം ചൂണ്ടിക്കാട്ടി എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച് ചന്ദ്രൻ പലരുടെ അടുത്ത് പോയെങ്കിലും പലകാരണങ്ങളാൽ കൃത്യമായ നിയപദേശം ലഭിച്ചിരുന്നില്ലന്നും താൻ കൂടി ഇടപെട്ടാണ് ഇപ്പോൾ വിഷയത്തിൽ നിയമ നടപടികൾ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ മകൻ മരിച്ചതല്ലെ മൃതദ്ദേഹത്തെ അല്ലെ നിങ്ങൾ ചികത്സിക്കുന്നത് എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ മാത്രമാണ് ഒക്ടോബർ 27-ന് ആശുപത്രി അധികൃതർ മകന്റെ മരണം സ്ഥിരീകരിച്ച്,മൃതദ്ദേഹം വീട്ടുനൽകാൻ തയ്യാറായതെന്ന് ചന്ദ്രൻ മറുനാടനോട് വ്യക്തമാക്കി.എനിയ്്ക്ക് നേരിട്ട അവസ്ഥ മറ്റൊരാൾക്കും ഉണ്ടാവരുതെന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നത്.സത്യം പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.ചന്ദ്രൻ കൂട്ടിച്ചേർത്തു.

ബില്ലിലുണ്ടായ പ്രശ്നം സാങ്കേതിക തകരാർ മാത്രമാണെന്നും ഇത് പൊലീസിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്. ബില്ലിലുണ്ടായി എന്നുചൂണ്ടികാണിച്ചിട്ടുള്ള വിഷയം ഒരിക്കൽ പോലും ചന്ദ്രൻ ആശുപത്രി മാനേജുമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല.7 മാസത്തിന് മുമ്പുനടന്ന സംഭവത്തിലാണ് ചന്ദ്രൻ ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയരിക്കുന്നത്.

ആശുപത്രിക്കെതിരെ അപകീർത്തീകരമായ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ആശുപത്രി പി ആർ ഒ ജിസ്മോൻ മറുനാടനോട് വ്യക്തമാക്കി.