കൊച്ചി: വൻതുകൾ കോഴപറ്റി സിവിൽ കേസുകൾ സ്വന്തം നിലയിൽ തീർക്കുന്നതായി ആരോപണം നേരിടുന്ന തൊടുപുഴ സി ഐ എൻ ജി ശ്രീമോന് ചൂട്ടുപിടിച്ച കൊച്ചി റേഞ്ച് ഐ ജി വിജയ്സാഖറേ ഊരാകുടുക്കിൽ. ശ്രീമോനെതിരെയുള്ള കേസ്സ് പരിഗണിക്കവേ വിവരങ്ങൾ അറിയിക്കുന്നതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഐ ജി ദുഃഖിക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പൊലീസ് പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി അഡ്വ. തോമസ് ആനക്കല്ലുങ്കൽ വഴി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി വാക്കാൽ ഐ ജി വിജയ് സാഖറെയെ ഇക്കാര്യം ബോധിപ്പിച്ചത്.

ഉടുമ്പന്നൂർ സ്വദേശിയായ വിജോ സ്‌കറിയയുമായി പങ്കുചേർന്ന് താൻ 2007 മുതൽ 2012 വരെ ബിസിനസ് നടത്തിയിരുന്നെന്നും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബിസിനസ് അവസാനിപ്പിച്ചുവെന്നും ഇനിയും കണക്കുകൾ തീർപ്പാക്കിയിട്ടില്ലന്നും ഈ സാഹചര്യത്തിൽ വിജോയുടെ പ്രേരണയിൽ തൊടുപുഴ സിഐ എൻ ജി ശ്രീമോൻ ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു ബേബിച്ചൻ വർക്കിയുടെ ഹരജിയിലെ ആക്ഷേപം. ഈ ഹരജിയിൽ ഡിജിപി, ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവരെ ഹൈക്കോടതി നേരത്തെ കക്ഷി ചേർത്തിരുന്നു.ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ രണ്ട് പരാതികൾ മാത്രമേ ശ്രീമോനെതിരെ തന്റെ അറിവിൽപ്പെട്ടിട്ടുള്ളു എന്ന് കൊച്ചി റെയിഞ്ച് എസ്‌പി വിജയ് സാഖറെ സത്യവാംങ് മൂലം വഴി കോടതിയെ ധരിപ്പിച്ചു.

ഈയവസരത്തിൽ ശ്രീമോനെതിരെ പലരുടേതായി 11ലധികം പരാതികൾ ഉണ്ടെന്ന് ബേബിച്ചൻ വർക്കിയുടെ അഭിഭാഷകൻ അഡ്വ. തോമസ് ആനക്കല്ലുങ്കൽ കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട രേഖകളും ചെക്കു കേസിൽ ആരോപണ വിധേയനായ ഒരാളെ തൊടുപുഴ കോടതി അങ്കണത്തിൽ നിന്നും ബലം പ്രയോഗിച്ച് ശ്രീമോൻ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യവും കോടതിയിൽ സമർപ്പിച്ചു. അറസ്റ്റ് വിഷയത്തിൽ പ്രതിയുടെ അഭിഭാഷകർ ചീഫ് ജസ്റ്റീസിന് പരാതി നൽകിയിട്ടുണ്ടെന്നും അഡ്വ.തോമസ് ചൂണ്ടിക്കാട്ടി.ഐ.ജി ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ ഉൾപ്പെടാത്ത പല പരാതികളും ശ്രീമോനെതിരെ ഇപ്പോഴും ഐ.ജി ഓഫീസിൽ നിലനിൽക്കുന്നുണ്ടെന്നും കാണിച്ചുകൊണ്ടുള്ള രേഖകളും അഡ്വ.തോമസ് കോടതിയിൽ സമർപ്പിച്ചു.

ഈ അവസരത്തിലാണ് വിവരങ്ങൾ കോടതിയെ അറിയിക്കുന്നതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഐജി പിന്നീട് ദുഃഖിക്കേണ്ടി വരുമെന്ന് ഹൈക്കോടതി വാക്കാൽ ബോധിപ്പിച്ചത്. മേൽപറഞ്ഞ ആരോപണങ്ങളിൽ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കും. വസ്തു ഇടപാടുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് സ്റ്റേഷനുകളിൽ കൈകാര്യം ചെയ്യേണ്ടെന്ന് കോടതി നിർദ്ദേശമുണ്ടെങ്കിലും സി ഐ ശ്രീമോൻ ഇത് കാര്യമാക്കാറില്ലന്നും കമ്മീഷൻ വ്യവസ്ഥയിൽ ഇത്തരം പരാതികൾ തന്റെ ഓഫീസിൽ പരിഹരിക്കുക ഇദ്ദേഹത്തിന്റെ പതിവായിരുന്നെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.

ഇടപാട് തുകയിൽ തന്റെ വിഹിതം പറഞ്ഞ് ഉറപ്പിച്ച ശേഷമാവും ശ്രീമോൻ'ഓപ്പറേഷൻ' പ്ലാൻ ചെയ്യുക എന്നും മർദ്ദിച്ചും ഭീഷിണിപ്പെടുത്തിയും മുദ്രപത്രത്തിൽ എഗ്രിമെന്റ് എഴുതിവാങ്ങി വാദിക്ക് നൽകുകയാണ് ആദ്യഘട്ടത്തിലെ പ്രധാന ദൗത്യമെന്നുമാണ് പുറത്ത് പ്രചരിക്കുന്ന വിവരം.ആവശ്യക്കാർ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തുനൽകിയാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുപോലും ഇത്തരം കേസുകളിലെ പ്രതികളെ പൊക്കുന്നതിൽ ഈ സി ഐ താൽപര്യക്കാരനാണെന്നും അടുത്തിടെ ഡൽഹിയിൽ പറന്നൈത്തി ഒരാളെ സി ഐ പൊക്കിയിരുന്നെന്നും മറ്റുമുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.