തിരുവനന്തപുരം: കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നുമുള്ള സ്വപ്‌ന സുരേഷിന്റെ ആരോപണം വാസ്തവവിരുദ്ധമെന്ന് മാധവ വാര്യർ. കെ ടി ജലീലിനെ നാലഞ്ച് തവണ കണ്ടിട്ടുള്ളതല്ലാതെ മറ്റ് ബന്ധങ്ങളില്ല. ഫ്‌ളൈ ജാക് എന്ന സ്ഥാപനം ഇപ്പോൾ തന്റേത് അല്ല എന്നും മാധവ വാര്യർ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മാധവ വാര്യർ ഇക്കാര്യം പറഞ്ഞത്.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സ്വപ്ന ആരോപിച്ചത്.

സംസ്ഥാനത്ത് 17ടൺ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളിൽ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാൻ ഇറക്കുമതി ചെയ്തു. ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്.

ഇതിനെക്കുറിച്ച് നേരത്തെ തന്നെ കസ്റ്റംസ് വളരെ വിശദമായിത്തന്നെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്ന് ശ്രീരാമകൃഷ്ണനോ കെടിജലീലിനോ കേസുമായി ഒരു ബന്ധവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേസിൽ കസ്റ്റംസ് തുടരന്വേഷണമുണ്ടാകാനിടയില്ല.

സ്വപ്‌നയുടെ ആരോപണങ്ങൾ നിഷേധിച്ച് കെ ടി ജലീൽ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മാധവ വാര്യർ പ്രതികരിച്ചത്. ഫ്‌ളൈ ജാക് 2010ൽ ഹിറ്റാച്ചി ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന ഒരു ജാപ്പനീസ് കമ്പനി വാങ്ങി. 2014ൽ കമ്പനിയിൽ നിന്ന് താൻ എംഡിയായി വിരമിച്ചു. ഔദ്യോഗികമായി തനിക്ക് അവിടെ യാതൊരു സ്ഥാനവും ഇല്ല. ഈന്തപ്പഴവും ഖുറാനുമൊക്കെ അതേ കമ്പനി വഴി കൊണ്ടുവന്നു എന്ന സ്വപ്നയുടെ വാദവും തെറ്റാണ്. കമ്പനി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മാധവ വാര്യർ പറയുന്നു.

കെ ടി ജലീൽ വളരെ ബഹുമാന്യനായ മുൻ മന്ത്രിയാണ്. അദ്ദേഹം നല്ലൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിനായി താൻ ഒന്നും ചെയ്തിട്ടില്ല. താനും ജലീലും തമ്മിൽ ബിനാമി ബന്ധമുണ്ടെന്നൊക്കെ പറയുന്നത് കളവാണ്. അക്കാര്യം അന്വേഷിച്ചു കണ്ടെത്തട്ടെ എന്നും മാധവ വാര്യർ പറഞ്ഞു.

ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി ഉടമ മാധവ വാര്യർ കെ ടി ജലീലിന്റെ ബിനാമി ആണെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുറാൻ എത്തിച്ചുവെന്ന് കോൺസൽ ജനറൽ വെളിപ്പെടുത്തിയതായും സ്വപ്‌ന ആരോപിച്ചിരുന്നു.

അതേസമയം, ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീൽ സമ്മർദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീൽ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.

പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, പി ശ്രീരാമകൃഷ്ണൻ, കെ ടി ജലീൽ, എം ശിവശങ്കർ അടക്കം ഉൾപ്പെട്ട് കോൺസുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് സ്വപ്ന ആരോപിക്കുന്നു. ഇതുൾപ്പെട്ട തന്റെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തുവരുന്നത് തടയാനാണ് കെ ടി ജലീൽ ശ്രമിക്കുന്നതെന്നാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പറഞ്ഞത്.

അതേ സമയം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് മുൻ മന്ത്രി കെ ടി ജലീൽ പറഞ്ഞു. തന്റെ ബിനാമിയാണെന്ന് സ്വപ്നാ സുരേഷ് ആരോപിച്ച ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യരുമായി തനിക്ക് സുഹൃത് ബന്ധമുണ്ട്. എന്നാൽ സ്വപ്നാ സുരേഷ് ജോലി ചെയ്യുന്ന എച്ച്ആർഡിഎസിനെതിരെ മാധവ് വാര്യർ മുംബൈ ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസുമായി ബന്ധപ്പെട്ട് മാധവ് വാര്യരുടെ പേര് സ്വപ്ന ഉന്നയിച്ചതെന്നും കെ ടി ജലീൽ വിശദീകരിച്ചു.

താൻ നേരത്തെ കൊടുത്ത ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തി ഇതും അന്വേഷിക്കണമെന്നും കെ ടി ജലീൽ വ്യക്തമാക്കി.
'മാധവ് നായരെ അറിയാം. തിരുന്നാവായയിൽ ബാലമന്ദിരം നടത്തുന്നുണ്ട് അദ്ദേഹം. വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായും കുറഞ്ഞ പൈസക്കും അദ്ദേഹം വീട് വെച്ച് നൽകിയിട്ടുണ്ട്. മാധവ വാര്യർക്ക് എച്ച്ആർഡിഎസുമായി തർക്കമുണ്ടെന്നാണ് അയാളുമായി ബന്ധപ്പെട്ടവരിൽ നിന്നും അറിയാൻ കഴിഞ്ഞത്. അട്ടപ്പാടിയിൽ എച്ച്ആർഡിഎസിന് 200 ലധികം വീടുകൾ നിർമ്മിച്ചു നൽകിയത് മാധവ് വാര്യരുടെ ഉടമസ്ഥതയിലുള്ള വാര്യർ ഫൗണ്ടേഷനാണ്. എന്നാൽ അവർക്ക് എച്ച്ആർഡിഎസ് പണം കൊടുത്തില്ല.

പകരം വണ്ടി ചെക്കാണ് നൽകിയത്. അതുകൊണ്ട് ചെക്ക് മടങ്ങി. ഇതിനെതിരെ മുംബൈ ഹൈക്കോടതിയിൽ വാര്യർ ഫൗണ്ടേഷൻ കേസ് നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് ഈ കേസിൽ മാധവ വാര്യരുടെ പേരും ഉന്നയിക്കുന്നത്.' കെ ടി ജലീൽ പറഞ്ഞു.
മന്ത്രിയായിരുന്നപ്പോൾ ബാലമന്ദിരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പോയിട്ടുണ്ട്. കുമ്പിടിയിൽ വാര്യർ സമുച്ചയം നിർമ്മിച്ചു നൽകിയ വീടുകളുടെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പരിപാടിക്ക് പോയപ്പോൾ ചായ കുടിച്ചു എന്നതൊഴിച്ചാൽ മറ്റൊരു ബന്ധവുമില്ല.

അത് തങ്ങൾ ഇരുവരുടേയും അക്കൗണ്ടുകൾ പരിശോധിച്ചാൽ മനസ്സിലാവുമെന്നും കെ ടി ജലീൽ പറഞ്ഞു.ഷാർജ ഷെയ്ഖിന് ഡി-ലിറ്റ് നൽകാൻ തീരുമാനിച്ചത് തന്റെ കാലത്തല്ല, അന്നത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റ് വൈസ് ചാൻസലർ ഇന്ന് ബിജെപി നേതാവാണെന്ന് കെ ടി ജലീൽ വ്യക്തമാക്കി.'ഷാർജാ സുൽത്താന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി ലിറ്റ് കൊടുത്തത് 2014 ലെ സിൻഡിക്കേറ്റാണ്. 2014 ൽ വൈസ് ചാൻസിലർ അബ്ദുൾ സലാമാണ്. അദ്ദേഹം ഇന്ന് ബിജെപി നേതാവാണ്. കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചാൽ മതി. 2016 ലാണ് തദ്ദേശ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. 2018 ലാണ് ഉന്നത വിദ്യഭ്യാസ വകുപ്പിലേക്ക് വരുന്നത്. ഷാർജാ സുൽത്താന്റെ അസൗകര്യത്തെ തുടർന്നാണ് ഡി ലിറ്റ് നൽകുന്നത് വൈകിയത്. വി കെ അബ്ദുറബ്ബാണ് അന്ന് വിദ്യാഭ്യാസ മന്ത്രി. ഇതിനൊന്നും ഒരു പ്രാധാന്യവും കൊടുക്കേണ്ടതില്ല, എന്തൊക്കെ വിളിച്ചുപറയുകയാണ്.' കെ ടി ജലീൽ വിശദീകരിച്ചു.