കൊല്ലം: കേരള സർവകലാശാലാ കലോത്സവത്തിൽ മത്സരഫലങ്ങൾ അട്ടിമറിച്ച് സീരിയൽ താരത്തിന് കലാതിലക പട്ടം നൽകിയതായി ആക്ഷേപം. ഇന്നലെ അവസാനിച്ച കലോത്സവത്തിൽ ഇത് കല്ലുകടിയായതോടെ നടി മഹാലക്ഷ്മിക്ക് നൽകിയ കലാതിലക പട്ടം തിരിച്ചുപിടിച്ച് പകരം മാർ ഇവാനിയോസിലെ തന്നെ രേഷ്മയെ പുതിയ കലാതിലകമായി പ്രഖ്യാപിച്ച് അധികൃതരുടെ തിരുത്തലും. അപ്പീൽ കമ്മിറ്റിയുടെ തീരുമാനം എന്ന നിലയിൽ ഇത്തരത്തിൽ ആദ്യം നടി മഹാലക്ഷ്മി്ക്ക് നൽകിയ കലാതികല പട്ടം റദ്ദാക്കി മറ്റൊരാളെ തിരഞ്ഞെടുത്തത് ചർച്ചയാവുകയാണ് ഇപ്പോൾ.

സീരിയൽ നടി കൂടിയായ മഹാലക്ഷ്മിക്ക് കലാതിലക പട്ടം ലഭിക്കാൻ മത്സരഫലം തിരുത്തിയെന്ന വിദ്യാർത്ഥികളുടെ ആരോപണം ഉയർന്നതോടെയാണ് സംഭവം ചർച്ചയായത്. കഴിഞ്ഞ നാല് ദിവസമായി കൊല്ലത്ത് നടന്നുവന്നിരുന്ന കലോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെയാണ് വിവാദം ഉണ്ടായത്. അവസാന ദിവസം നടന്ന കുച്ചിപ്പുടിയുടെയും കഥാപ്രസംഗത്തിന്റെയും മത്സരഫലത്തെ ചൊല്ലിയായിരുന്നു തർക്കം. നേരത്തെ ഫലം പ്രഖ്യാപിച്ച ഈയിനങ്ങളിൽ പിന്നീട് സീരിയൽ നടിയായ വിദ്യാർത്ഥിനിക്ക് വേണ്ടി മത്സരഫലം തിരുത്തിയെന്ന് ആക്ഷേപം ഉയർന്നു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിനിയും സീരിയൽ-ടിവി താരവുമാണ് മഹാലക്ഷ്മി. ഇവർക്കായി മത്സരഫലം അട്ടിമറിച്ചെന്നാണ് മറ്റു വിദ്യാർത്ഥികളുടെ ആരോപണം. ഇതോടെ മറ്റു കോളേജിലെ വിദ്യാർത്ഥികൾ കലോത്സവ വേദിയിൽ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചു. നേരത്തെ ഈ രണ്ട് മത്സരയിനങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ പോലും എത്തിയിരുന്നില്ല മഹാലക്ഷ്മിയെന്നും ഫലം തിരുത്തി ഒന്നാം സ്ഥാനം നൽകിയെന്നും ആയിരുന്നു ആക്ഷേപം.

കുച്ചിപ്പുടിയിൽ ആദ്യം ഫലം പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ ദിവ്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ പിന്നീട് അപ്പീൽ മുഖേന ഇവാനിയോസിലെ മഹാലക്ഷ്മിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദിവ്യ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്ന് പിന്തള്ളപ്പെടുകയും ചെയ്തു. കഥാപ്രസംഗ മത്സരഫലത്തിലും സമാനമായ രീതിയിൽ അട്ടിമറി നടന്നതായി ആക്ഷേപം ഉയർന്നു. മെറിൽ എന്ന വിദ്യാർത്ഥിനിക്കായിരുന്നു ആദ്യത്തെ ഫലപ്രഖ്യാപനത്തിൽ ഒന്നാം സ്ഥാനം. എന്നാൽ ഈ മത്സരയിനത്തിലും പിന്നീട് അപ്പീൽ വഴി മഹാലക്ഷ്മി ഒന്നാം സ്ഥാനത്തെത്തി.

കഥാപ്രസംഗത്തിലും മഹാലക്ഷ്മി നേരത്തെ സമ്മാനപ്പട്ടികയിൽ ഉണ്ടായില്ലെന്ന് മറ്റ് മത്സരാർത്ഥികൾ ആരോപിച്ചു. എന്നാൽ കലോത്സവ മത്സരഫലം സംബന്ധിച്ചുള്ള അന്തിമ തീരുമാനം വിധികർത്താക്കളുടേതാണെന്നാണ് സംഘാടക സമിതിയുടെ നിലപാടെടുത്തു. ഇതോടെ വിഷയം ചർച്ചയായി. വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിച്ചെങ്കിലും ഫലപ്രഖ്യാപനത്തിൽ ഇനി തിരുത്തൽ ഇല്ലെന്നും സംഘാടകർ അറിയിച്ചു.

കലോത്സവത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് കീരിടം ചൂടുമെന്ന് ആയതോടെയാണ് വിവാദമുണ്ടായതെന്നാണ് മറുപക്ഷം വാദിച്ചത്. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള സംഘാടക സമിതി കലോത്സവ നടത്തിപ്പിലും വിധി നിർണ്ണയത്തിലും വീഴ്ച വരുത്തിയെന്ന് പരാതി ഉയരുകയും ചർച്ചയാവുകയും ചെയ്തതോടെയാണ് പിന്നീട് അപ്പീൽ കമ്മിറ്റിയുടെ പുതിയ തീരുമാനം വന്നത്.

മഹാലക്ഷ്മിയെ കലാതിലകമാക്കാൻ വിധികർത്താക്കൾ അനർഹമായി മാർക്ക് നൽകിയെന്ന് മറ്റ് മത്സരാർത്ഥികൾ പരാതി നൽകിയിരുന്നു. ഇതോടെയാണ് മുൻ ഫലങ്ങൾ റദ്ദാക്കി രേഷ്മയ്ക്ക് കലാതിലക പട്ടം നൽകാൻ അപ്പീൽ കമ്മിറ്റി തീരുമാനിച്ചതായി സംഘാടകർ അറിയിച്ചത്.