- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പത്താംക്ലാസ് പാസാവാത്ത സിഎം രവീന്ദ്രൻ വാങ്ങുന്നത് കളക്ടറേക്കാൾ വലിയ ശമ്പളം; 40 വർഷം മുമ്പ് തലസ്ഥാനത്ത് എത്തുമ്പോൾ ഒഞ്ചിയത്ത് പെട്ടിക്കട നടത്തുകയായിരുന്നു; പീഡനക്കേസും ആവിയായി; ഇന്ന് കോടികളുടെ ആസ്തി': കറൻസിക്കടത്ത് വിവാദത്തിൽ പിണറായിയുടെ വിശ്വസ്തൻ വീണ്ടും വാർത്തകളിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും, സംശയത്തിന്റെ നിഴലിൽ നിർത്തിയ, കറൻസിക്കടത്തും ബിരിയാണിച്ചെമ്പ് വിവാദവും, വീണ്ടും ചർച്ചയാവുമ്പോൾ പ്രശ്നങ്ങളുടെ ഫോക്കസ് നീങ്ങുന്നത്, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനിലേക്കാണ്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെടുന്ന, സിഎം ഓഫീസിനെ നിയന്ത്രിക്കുന്ന രവീന്ദ്രന്റെ അടുത്തകാലത്തുണ്ടായ പല കാര്യങ്ങളും സംശയാസ്പദമാണെന്ന് സിപിഎമ്മിന് അകത്തുനിന്നുതന്നെ ആരോപണം ഉയരുന്നുണ്ട്.
അടുത്തകാലത്തായി കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണവും സിഎം രവീന്ദ്രന്റെ മുന്നിലുണ്ട്. ജന്മനാടായ ഒഞ്ചിയത്തുനിന്ന് വെറും കൈയുമായി തിരുവനന്തപുരത്ത് എത്തിയ രവീന്ദ്രൻ എങ്ങനെ കോടീശ്വരനായി എന്ന ചോദ്യമാണ് ഉയരുന്നത്. വി എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ സിപിഎം വിമതനുമായ കെ എം ഷാജഹാൻ ഈ ആരോപണം പരസ്യമായി രണ്ടുവർഷം മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്റെ വിധവയും, വടകര എംഎൽഎയുമായ കെ കെ രമയും രവീന്ദ്രന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രവീന്ദ്രനെതിരായ ഈ ആരോപണങ്ങൾ ഇ ഡി അന്വേഷിച്ച് തള്ളിയതാണെന്നാണ് സിപിഎം ഒരുക്കുന്ന പ്രതിരോധം. എന്നാൽ, സോഷ്യൽ മീഡിയിൽ അടക്കം സി എം രവീന്ദ്രനാണ് നിറഞ്ഞു നിൽക്കുന്നത്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് സിബിഐ ഏറ്റെടുത്ത്, രവീന്ദ്രൻ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്നാണ് പ്രതിപക്ഷം പറയുന്നത്.
'പത്താംക്ലാസും ഗുസ്തയും മാത്രം'
2020 നവമ്പർ 4 വിനു വി ജോൺ നയിച്ച ചർച്ചയിലാണ് കെ എം ഷാജഹാൻ, സിഎം രവീന്ദ്രന്റെ ചരിത്രം മുഴുവൻ പറഞ്ഞ് ആഞ്ഞടിച്ചത്. മുതിർന്ന സിപിഎം നേതാവ് ആനന്ദത്തലവട്ടം ആനന്ദന് മറുപടിയായാണ്, അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കെ എം ഷാജഹാന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:
' ബഹുമാനപ്പെട്ട ആനത്തലവട്ടം ആനന്ദൻ സഖാവ് പറഞ്ഞ ഒരു കാര്യം പറയാതെ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല. പണ്ട് വിഎസിന് ഒപ്പം നിന്ന് പോരാടിയവർ ആണ് നാം. ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കാം. പക്ഷേ എനിക്ക് ആനത്തലവട്ടം സഖാവിനോട് ബഹുമാനമേ ഉള്ളൂ. പക്ഷേ ഇപ്പോൾ ആനത്തലവട്ടം സഖാവ് ഇവിടെ പറയുന്നത് കേട്ടിട്ട് എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോനുന്നത്. ഈ പറയുന്ന വാദഗതികൾ വച്ചാണെങ്കിൽ എന്തിനാണ് സഖാവേ നിങ്ങൾ ഉമ്മൻ ചാണ്ടിക്കെതിരെ ഗോഗ്വോ വിളിച്ചത്. ഉമ്മൻ ചാണ്ടി രാജിവെക്കണമെന്ന് നിങ്ങൾ ആവശ്യപ്പെട്ടത്. ഉമ്മൻ ചാണ്ടിയും കുറ്റാരോപിതൻ ആയിരുന്നില്ലേ. ഉമ്മചാണ്ടിക്കെതിരെ എന്തെങ്കിലും ഒരു ആരോപണം തെളിഞ്ഞിട്ടുണ്ടായിരുന്നോ. മാണിയും കുറ്റാരോപിതൻ മാത്രം ആയിരുന്നില്ലേ. അന്ന് എന്തുകൊണ്ടാണ് നിങ്ങൾ ഈ വാദഗതികൾ ഉയർത്താതിരുന്നത്. അതുകൊണ്ട് സഖാവിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി ഞാൻ പറയട്ടെ. ഇത് ഇരട്ടത്താപ്പാണ്, ശുദ്ധ അസംബന്ധമാണ്.'
'സി എം രവീന്ദ്രൻെക്കുറിച്ച് പറഞ്ഞു. അപ്പോഴും ആനന്ദൻ സഖാവ് കൈ മലർത്തുകയാണ്. അങ്ങേക്ക് ഓർമ്മയുണ്ടാവും. പത്തറുപത് വർഷമായി പാർട്ടിയിൽ നിൽക്കുന്നയാളാണ് താങ്കൾ. ആനന്ദൻ സഖാവിന് നന്നായി ഓർമ്മയുണ്ടാവും ഈ സി എം രവീന്ദ്രൻ എന്നാണ് ഇവിടെ വന്നത് എന്നത്. സിഎം രവീന്ദ്രൻ പത്താംക്ലാസ് പാസായിട്ടുണ്ടോ, ഇല്ലയോ എന്ന് എനിക്കറിയില്ല, പാസായിട്ടില്ല എന്നാണ് കേൾക്കുന്നത്. സി എം രവീന്ദ്രൻ ഇവിടെ വന്നത് 1980ലാണ്. ആനന്ദൻ സഖാവിനൊപ്പം അന്ന് പ്രവർത്തിച്ചിരുന്നു, പിന്നീട് നിങ്ങൾ പാർട്ടിയിൽ നിന്ന് ചവിട്ടിപ്പുറത്താക്കിയ, പി വി കുഞ്ഞിക്കണ്ണൻ എന്ന എൽഡിഎഫ് കൺവീനറുടെ ഒരു കൈയാളായിട്ട് വന്ന ആളാണ് ഈ സി എം രവീന്ദ്രൻ.'
'1980ൽ തിരുവനന്തപുരത്ത് വരുമ്പോൾ ഒഞ്ചിയത്ത് ഒരു പെട്ടിക്കട മാത്രമേ രവീന്ദ്രന് ഉണ്ടായിരുന്നുള്ളൂ. ആ പെട്ടിക്കട മാത്രമുള്ള പത്താംക്ലാസ് പാസാവാത്ത, സി എം രവീന്ദ്രൻ ഇപ്പോൾ, എം ശിവശങ്കർ എന്ന ഐഎഎസുകാരനൊപ്പം ശമ്പളം മേടിക്കയാണ്. ശിവശങ്കർ കുറ്റാരോപിതനാണ്. പക്ഷേ അയാൾ ഐഎഎസ് പാസായിട്ടുള്ള ആളാണ്. പക്ഷേ ഈ പത്താംക്ലാസ് പാസാവാത്ത സി എം രവീന്ദ്രൻ കലക്ടറുടെ മുകളിൽ ശമ്പളം മേടിക്കയാണ്. നാൽപ്പതുവർഷമായി പേഴ്സണൽ സ്റ്റാഫിൽ ജോലിചെയ്യുകയാണ് ഈ പത്താംക്ലാസ് പാസാവത്തയാൾ. ഇയാൾ 2006- 2011 കാലത്ത് കോടിയേരി ടൂറിസം മന്ത്രിയായിരുന്നപ്പോൾ, ഏക ഛത്രാധിപതിയായി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ ആ സ്റ്റാഫിലും ഉണ്ടായിരുന്നു. അക്കാലത്ത്് വീട്ടിൽ ജോലിചെയ്യുന്ന ഒരു സ്ത്രീയിൽ നിന്ന് രവീന്ദ്രനെതിരെ പീഡന പരാതിപോലും വന്നു. അച്യുതാനന്ദൻ അത്, ഏറ്റെടുത്തിട്ടുപോലും, രോമത്തിൽ തൊടാൻ കഴിഞ്ഞില്ല ഈ സി എം രവീന്ദ്രന്റെ.'
'കേരളം 35ലക്ഷം ചെറുപ്പക്കാർ ജോലിയില്ലാത്ത സംസ്ഥാനമാണ്. ആ സമയത്താണ് സിഎം രവീന്ദ്രൻ എന്ന ഈ പത്താംക്ലാസ് പോലും പാസാവാത്ത, ഒഞ്ചിയത്ത് ഒരു പെട്ടിക്കട മാത്രം നടത്തിയിരുന്ന വ്യക്തി, നാൽപ്പതുവർഷമായി പാർട്ടി ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും പേഴ്സണൽ സ്റ്റാഫിൽ തുടരുന്നത്. അയാളാണ് ഇന്ന് മുഖ്യമന്ത്രിയുടെ എല്ലാകാര്യങ്ങളും നോക്കുന്നത്. വ്യക്തിപരമായ കാര്യങ്ങൾ, കുടുംബപരമായ കാര്യങ്ങൾ, വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മൂഴുവൻ നോക്കുന്നത് രവീന്ദ്രനാണ്.
സിഎം രവീന്ദ്രന് വടകരയിലുള്ള സ്വത്തിനെക്കുറിച്ച് കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും. അയാളുടെ സ്വത്ത് സമ്പാദനം അദ്ഭുതകരമാണ്. അപ്പോൾ പത്താംക്ലാസുപോലും പാസാവാതെ തിരുവനന്തപുരത്ത് വന്ന ഒരു മനുഷ്യൻ, കേരളം പോലെ ഇത്രയും രാഷ്ട്രീയ പ്രബുദ്ധമായിട്ടുള്ള ഒരു സംസ്ഥാനത്ത് നിലനിൽക്കയാണ്. ഏതാണ്ട് 8000ത്തോളം എംബിബിഎസുകാർക്ക് ജോലിയില്ലാത്ത നാടാണ് ഇത്. അവിടെയാണ് ഇവരൊക്കെ ഐഎഎസുകാർക്ക് ഒപ്പം ഇരുന്ന് ശമ്പളം മേടിക്കുന്നുവെന്ന് പറയുന്നത്. ആനത്തലവട്ടം ആനന്ദൻ സഖാവെ നെഞ്ചത്ത് കൈവെച്ച് പറയണം. ഇതിനൊയൊന്നും ന്യായീകരിക്കാൻ പറയരുത്. ഇതുപോലെയുള്ള വൃത്തികെട്ടവരെ തള്ളിപ്പറയാനുള്ള ആർജ്ജവം ഈ ഘട്ടത്തിലെങ്കിലും സഖാവ് കാണിക്കണം.''- കെ എം ഷാജഹാൻ ആഞ്ഞടിച്ചു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.
ടി പി വധത്തിൽ പങ്കെന്ന് രമ
സിഎം രവീന്ദ്രനെതിരെ അതിഗുരുതരമായ ആരോപണം നേരത്തെ ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമയും ഉന്നയിച്ചിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് രമ ആരോപിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് വീടുകൾ കയറി ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രൻ സിപിഎമ്മിനുവേണ്ടി കോഴിക്കോട് വടകര മേഖലയിൽ പ്രചാരണം നടത്തിയത്. സി എം രവീന്ദ്രൻ കോടികളുടെ സ്വത്ത് സമ്പാദനം നടത്തി. പിണറായി വിജയന്റെ ചിത്രം പോസ്റ്ററിൽ വച്ചാൽ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടെന്നും കെ കെ രമ പറഞ്ഞു.
സ്വർണക്കടത്തിലും സി എം രവീന്ദ്രാണ് നിർദ്ദേശം നൽകിയത് എന്നാണ് സ്വപ്ന പറയുന്നത്. ഇനിയും കൂടുതൽ വെളിപ്പെടുത്താനുണ്ടെന്നാണ് സ്വപ്ന സുരേഷ് ഇന്നലെയും പറയുന്നത്. അതിൽ സി എം രവീന്ദ്രന്റെ പങ്കും അവർ ആവർത്തിക്കുന്നു. 'ഏതെങ്കിലും കുടുംബത്തെ കുറിച്ചല്ല പിണറായി വിജയൻ, കമല, വീണ, എം. ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ തുടങ്ങിയ കുറേ വ്യക്തികളെ കുറിച്ചാണ് താൻ പറയുന്നത്. തന്റെ കേസിനെ കുറിച്ചും കേസിൽ ഉൾപ്പെട്ട വ്യക്തികളെയും അവരുടെ പങ്കിനെയും കുറിച്ചുമാണ് പറയുന്നത്. തന്റെ പ്രതികരണങ്ങൾ ആരുടെയെങ്കിലും കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തനിക്കറിയേണ്ട കാര്യമില്ല. ആരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് തന്റെ വിഷയമല്ല. തനിക്ക് യാതൊരു വ്യക്തിപരമോ രാഷ്ട്രീയപരോ ആയ അജണ്ടയില്ല'- സ്വപ്ന വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാവുമെന്നാണ് പറഞ്ഞുകേൾക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ