തൃശൂർ: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തീയറ്ററിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്നും ജനങ്ങളെ പലതരത്തിൽ പിഴിഞ്ഞാണ് ജനപ്രിയനായകൻ പണമുണ്ടാക്കുന്നതെന്നും ആക്ഷേപവുമായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം. തിയേറ്ററുടമകൾക്ക് വിഹിതം കൂട്ടി നൽകണമെന്ന ആവശ്യത്തിൽ അടുത്തിടെ നടന്ന സമരം ദിലീപിന്റെ നേതൃത്വത്തിൽ അടുത്തിടെ പൊളിച്ചിരുന്നു.

ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ നടന്ന സമരം പൊളിച്ച് ദിലീപിന്റെ നേതൃത്വത്തിൽ തിയേറ്ററുടമകളുടെ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദിലീപിന്റെ തിയേറ്ററിൽ സിനിമ കാണാൻ എത്തുന്നവരെ കൊള്ളയടിക്കുന്നതായി കാണിച്ചുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളത്.

മൾട്ടിപ്ലക്‌സ് തീയറ്ററുകളേക്കാൾ ഉയർന്ന നിരക്കാണ് ഡി സിനിമാസിൽ ഈടാക്കുന്നതെന്നാണ് പ്രധാന ആരോപണം. പാർക്കിങ് ചാർജ് ഈടാക്കരുതെന്ന മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥ പോലും ഡി സിനിമാസിൽ പാലിക്കുന്നില്ലെന്നും ഡി സിനിമാസ് കൊള്ളസങ്കേതം ആണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.

നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ആരോപണം പുറത്ത് വന്നത്. ഇപ്പോൾ നിരവധി പേർ ഇത് വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്. മുനിസിപ്പാലിറ്റി പണം ഈടാക്കരുതെന്ന് പറഞ്ഞിട്ടും ഡി സിനിമാസിൽ പാർക്കിംഗിന് 20 രൂപയാണ് വാങ്ങുന്നത്. ടിക്കറ്റിന് മൂന്ന് രൂപ അധികം സെസ് കൂടി നൽകണം. മറ്റ് തീയറ്ററുകളിൽ നാല് വയസു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട എന്നാൽ ഡി സിനിമാസിൽ മൂന്ന് വയസുള്ള കുട്ടികൾക്ക് പോലും ടിക്കറ്റ് ചോദിക്കുന്നു. ഇങ്ങനെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

കുടിവെള്ളം പോലും അകത്ത് കടത്താൻ സമ്മതിക്കില്ല. ലോഞ്ചിൽ ചെന്നിരുന്നാൽ അവിടെ തീയറ്ററുകാരുടെ വക ഐസ്‌ക്രീം, കൂൾ ഡ്രിങ്ക്‌സ്, പോപ്പ് കോൺ മുതലായ സാധനങ്ങൾ വരും. എന്നാൽ ഇതിനെല്ലാം പുറത്തുകൊടുക്കുന്നതിന്റെ ഇരട്ടി പണം നൽകണം. ചായക്ക് 25 രൂപയും ഐസ്‌ക്രീമിന് 50 രൂപയുമാണ് നൽകേണ്ടത്. പോപ്പ്‌കോണിന്റെ വില നൂറ് രൂപയാണെന്നും പോസ്റ്റിൽ പറയുന്നു.

തിയേറ്ററുടമകൾക്ക് വിഹിതം അധികം നൽകില്ലെന്ന് പ്രഖ്യാപിച്ച് പുതിയ തിയേറ്റർ സംഘടന രൂപീകരിച്ച ദിലീപ് സ്വന്തം തിയേറ്ററിൽ കൊള്ള നടത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്. അതേസമയം, ലിബർട്ടി ബഷീറിന്റെ കുത്തക തകർത്ത് തിയേറ്റർ ഉടമകളുടെ പുതിയ സംഘടനയുണ്ടാക്കിയതിലെ ദേഷ്യം തീർക്കാനാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നതെന്ന വാദവുമായി ദിലീപ് അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

'ഡി ' സിനിമാസ് ' എന്ന ചാലക്കുടിയിലെ കൊള്ളസങ്കേതം :
കേരളത്തിൽ ഷോപ്പിങ് മാളുകളിലെ മൾട്ടി പ്ലക്‌സ് കളിലോ, കേരളത്തിലെ തന്നെ തീയേറ്ററുകളിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ബി . ഉണ്ണികൃഷ്ണന്റെ തിരുവനന്തപുരത്തുള്ള ഏരീസ് പ്ലസ് തീയേറ്ററിലോ ഇല്ലാത്ത തരത്തിലുള്ള പകൽ കൊള്ളയാണ് ചാലക്കുടിയിലെ ഡി ' സിനിമാസ്സിൽ നടക്കുന്നത് . ലിബർട്ടി ബഷീറിനെ മലർത്തി അടിച്ചു എന്ന് അവകാശപ്പെട്ടു കേരളത്തിൽ തിയേറ്റർ ഉടമകളുടെ സംഘടനയെ പിളർത്തി പേരെടുത്ത ദിലീപ് എന്ന ജനപ്രിയ നായകന്റെ സ്വന്തം തിയേറ്ററിൽ ജനത്തിന് പ്രിയം ഇല്ലാത്ത രീതിയിൽ ആണ് തീവെട്ടിക്കൊള്ള നടക്കുന്നത് ,
കാർപാർക്കിൽ നിന്നും തുടങ്ങുന്നു അവരുടെ കൊള്ള , മുനിസിപ്പാലിറ്റി പണം ഈടാക്കരുത് എന്ന് പറഞ്ഞെങ്കിലും ഡി ' സിനിമാസ്സിൽ കാർ പാർക്ക് ചെയ്യണമെങ്കിൽ 20 രൂപ കൊടുക്കണം . അത് കഴിഞ്ഞു ടിക്കറ്റ് എടുക്കാൻ ചെന്നാൽ ടിക്കറ്റിന് പുറമെ 3 കൂടി സെസ്സ് വാങ്ങിയിരിക്കും , അതും കഴിഞ്ഞു ഉള്ളിൽ കയറാൻ പോകുമ്പോൾ സാധാരണ ഒരു തീയേറ്ററിലും മൂന്നോ , നാലോ വയസ്സുകാർക്കു ടിക്കറ്റ് ചോദിക്കാറില്ല ,

ഇവിടെ ചെന്നാൽ മൂന്നു വയസ്സ് കാർക്കും കൊടുക്കണം ഫുൾ ടിക്കറ്റ് ചാർജ് . ആ കടമ്പയും കഴിഞ്ഞു ചെല്ലുമ്പോൾ ആണ് രണ്ടു ആണുങ്ങളും ഒരു പെണ്ണും കൂടി എയർ പോർട്ടിൽ സെക്ക്യൂരിറ്റി ചെക്കിങ് പോലും നാണിക്കുന്ന രീതിയിൽ അമ്മമാരുടെ കൈയിലെ ഹാൻഡ് ബാഗ് മുതൽ എല്ലാം തിരഞ്ഞു പുറത്തിട്ടു പരിശോധിക്കൽ , അതിൽ കാണുന്ന കുട്ടികൾക്ക് കൊടുക്കാനുള്ള ബിസ്‌ക്കറ് പോലും എടുത്തു പുറത്തിട്ടു നമ്മളെ ഉള്ളിലേക്ക് പറഞ്ഞു വിടുന്നു , കുടി വെള്ളം പോലും അകത്തു കടത്താൻ അനുവദിക്കില്ല .

അത് കഴിഞ്ഞു ലോഞ്ചിൽ ചെന്നിരുന്നാൽ അവിടെ അവരുടെ വക ഐസ് ക്രീം , കൂൾ ഡ്രിങ്ക്‌സ് , പോപ്പ്‌കോൺ , മറ്റു സാധനങ്ങൾ . ഇതെല്ലം പുറത്തു കിട്ടുന്ന വിലയേക്കാൾ ഇരട്ടി കൊടുക്കണം . ഉദാ: ഒരു ചായ 25 രൂപ , ഐസ് ക്രീം 50 രൂപ, പോപ്പ്‌കോൺ 100 രൂപ . ജനപ്രിയ നായകന്റെ തിയേറ്ററിൽ നടക്കുന്ന ഈ പകൽ കൊള്ള അധികൃതരുടെ മുന്നിൽ പരാതി പെടും എന്ന പറഞ്ഞപ്പോൾ അവിടെ നിൽക്കുന്ന ജീവനക്കാരുടെ വക പരിഹാസം വേറെ . വെറും 500 മീറ്റർ അപ്പുറത്തു ഈ ജനപ്രിയ നായകന്റെ തന്നെ 'ഐ വിഷൻ ' എന്ന കണ്ണാസ്പത്രി ഉണ്ട് . പറയുമ്പോൾ എല്ലാം ജനത്തിന് വേണ്ടി , അടുത്തറിയുമ്പോൾ ആണ് എല്ലാം ജനത്തിന്റെ പണത്തിനു വേണ്ടി ആണെന്ന് അറിയുന്നത്.....