ലണ്ടൻ: മനുഷ്യമാംസം വിളമ്പുവെന്ന വ്യാജവാർത്ത സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ബ്രിട്ടനിലെ ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ. വ്യാജവാർത്തകൾ മാത്രം നൽകുന്ന ഒരു സൈറ്റിൽനിന്നുള്ള വാർത്ത യഥാർഥമെന്ന രീതിയിൽ ഫെയ്സ് ബുക്കിൽ പ്രചരിച്ചതാണു വിനയായത്. വടക്കുകിഴക്കൻ ലണ്ടനിലെ 'കറിട്വിസ്റ്റ്' ഭക്ഷണശാലയാണ് പ്രതിസന്ധിയിലായത്.

കടയിൽ മനുഷ്യമാംസം വിളമ്പുന്നുണ്ടെന്നും റെസ്റ്റോറന്റിന്റെ ഫ്രീസറിൽ നിന്നും ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയെന്നുമായിരുന്നു വാർത്ത. കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും വിശദീകരിച്ചു. രജൻ പട്ടേലെന്ന ഹോട്ടൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും വാർത്തയിലുണ്ടായിരുന്നു. ഇതോടെ കഷ്ടകാലം തുടങ്ങി. ആളുകൾ കടയ്ക്ക് എതിരെ സംഘടിപ്പിച്ചു. വ്യാജ വാർത്തയാണെന്ന് അറിയാതെ ഫെയ്‌സ് ബുക്കിൽ ആളുകൾ വാർത്ത ഷെയർ ചെയ്തു. ഇതോടെ ഹോട്ടലിന് മുമ്പിൽ പ്രതിഷേധക്കാർ തടിച്ചു കൂടി. കട അടിച്ചുതകർക്കുമെന്ന് ഭീഷണി ഉയർന്നതോടെ പൊലീസിനെ വിളിക്കേണ്ടിവന്നതായി 'കറിട്വിസ്റ്റ്' ഭക്ഷണശാലയുടെ ഉടമ ഷിന്റ ബീഗം അറിയിച്ചു.

അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും നിറഞ്ഞ വ്യാജവാർത്തയെങ്കിലും പലരും അതു വിശ്വസിച്ചു. കടയിൽ തിരക്കു കുറഞ്ഞതോടെ ജോലിക്കാരെയും കുറച്ചതായി കടയുടമ പറഞ്ഞു. അറുപത് വർഷമായി ഷിന്റ ബീഗത്തിന്റെ കുടുംബം ഇവിടെ കട നടത്തുന്നു. അച്ഛന്റെ മരണ ശേഷമാണ മകൾ ഏറ്റെടുത്തത്. രണ്ട് വർഷം മുമ്പ് കട പുതുക്കി തുടങ്ങുകയായിരുന്നു. സൽപ്പേര് വീണ്ടെടുത്ത് കച്ചവടം സജീവമാകുമ്പോഴാണ് എല്ലാം തുലയ്ക്കാൻ വ്യാജ വാർത്ത എത്തിയത്.

അറുപത് വർഷം മുമ്പ് തുടങ്ങിയ കച്ചവടം പൂർണ്ണമായും അവസാനിപ്പിക്കേണ്ടി വരുമോയെന്ന ഭയവും ഇവർക്കുണ്ട്. എന്നാൽ വ്യാജ വാർത്തയാണെന്ന് തിരിച്ചറിഞ്ഞ് വീണ്ടും ഹോട്ടലിലേക്ക് ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് അവർ. ഫെയ്‌സ് ബുക്കിൽ കാണുന്നത് എന്തും വിശ്വസിക്കുന്ന സമൂഹ സൃഷ്ടിയാണ് പ്രശ്‌നത്തിന് കാരണമെന്ന് അവർ തിരിച്ചറിയുന്നുണ്ട്. നിരവധി ഭീഷണി സന്ദേശങ്ങളും ഫോൺ കാളുകളുമാണ് ഇവർക്ക് ലഭിച്ചത്.

ഒറ്റ നോട്ടത്തിൽ തന്നെ പിശകുകൾ ഏറെയുള്ള വാർത്ത ലണ്ടനുകാർ പോലും വിശ്വസിക്കുന്നുവെന്നത് ആശ്ചര്യജനകമാണെന്നും അവർ പറയുന്നു.