കോഴിക്കോട്: ജനാധിപത്യത്തിന്റെ നാലാം തൂണ് ആണ് മാധ്യമങ്ങൾ എന്നാണ് പൊതുവെ പറയുക. മറ്റുള്ളവരുടെ അഴിമതിയും, തട്ടിപ്പുമൊക്കെ പുറത്തുകൊണ്ടുവരുന്ന നമ്മുടെ മാധ്യമങ്ങൾ ചേർന്ന് നടത്തുന്ന ഒരു തട്ടിപ്പിനെക്കുറിച്ചാണ്, ഈ റിപ്പോർട്ട്. വ്യാജ ഔഷധങ്ങളുടെ വിൽപ്പന നിരോധിക്കപ്പെട്ട രാജ്യമാണിത്. എന്നാൽ 'ലൈംഗിക ശേഷിക്കുറവ്, പൈൽസ്, മദ്യപാനം നിർത്തൽ, ഒറ്റമൂലി ചികിത്സ' എന്നിവയുടെ ഒക്കെ പരസ്യങ്ങൾ സ്വീകരിച്ചുകൊണ്ട് നമ്മുടെ മുഖ്യധാര പത്രങ്ങൾ, ജനത്തെ കബളിപ്പിക്കാൻ കൂട്ടുനിൽക്കുന്നതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.

കപട ചികിത്സക്കെതിരെ നിരന്തരം പ്രതികരിക്കുന്ന, ക്യാപ്സ്യൂൾ കേരള എന്ന, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് ഈ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് പ്രകാരം, രണ്ടു വർഷം തടവും 10 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണിത്. എന്നിട്ടും നമ്മുടെ മാധ്യമങ്ങൾ ഈ തട്ടിപ്പിനെ പ്രോൽസാഹിപ്പിക്കയാണ്.

തട്ടിപ്പു പരസ്യങ്ങൾ ധാരാളം

ക്യാപ്സൂൾ കേരളയുടെ പഠന റിപ്പോർട്ട് ഇങ്ങനെയാണ്. 'വ്യാജ ഔഷധ നിർമ്മാണവുമായി ബന്ധപ്പെട്ട ചെറുകിട വ്യാപാരികൾ ജനങ്ങളെ സ്വാധീനിക്കുന്നത് പത്രങ്ങളിലെ ക്ലാസ്സിഫൈഡ് പരസ്യങ്ങളിലൂടെയാണ്. ആവശ്യക്കാർ മാത്രം വായിക്കുകയും മറ്റുള്ളവർ ശ്രദ്ധിക്കാതെ വിടുകയും ചെയ്യുന്ന പേജുകൾ ആയതിനാൽ ഇവ മുഖ്യധാരയിൽ ചർച്ചയാകുന്നില്ല. ഒറ്റമൂലി ചികിത്സയിൽ വിശ്വസിക്കുന്നവരും, രോഗങ്ങളുടെ ഗൗരവ സ്വഭാവങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരും ഇത്തരം ലഘു പരസ്യങ്ങളുടെ വലയിൽ പെട്ടുപോകും. ക്യാപ്സ്യൂൾ കേരള പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലയാണിത്.

സാധാരണക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വ്യാജ ഔഷധ പരസ്യങ്ങൾക്കെതിരെ ക്യാപ്സ്യൂൾ കേരളയുടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച പഠനവിവരങ്ങളിൽ ചിലത് പങ്കുവെയ്ക്കുന്നു. ഈ വർഷം, (2022) മെയ് മാസം 22 മുതൽ 28 വരെ തിരുവനന്തപുരം ജില്ലയിൽ പ്രചാരത്തിലുള്ള 12 മലയാള ദിനപത്രങ്ങളിൽ നിന്നും 192 പരസ്യങ്ങൾ കണ്ടെത്തി. അതിൽ എൺപതുശതമാനവും അഞ്ചു ദിനപത്രങ്ങളിൽ ആണ് പ്രസിദ്ധീകരിച്ചു കണ്ടത്. ക്യാപ്സ്യൂൾ കേരള 2018 ഒക്ടോബർ ഒന്ന് മുതൽ ഏഴ് വരെ പ്രസ്തുത പത്രങ്ങളിൽ നിന്നും 475 പരസ്യങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് ക്യാപ്സ്യൂൾ കേരള നടത്തിയ നിയമ ഇടപെടലുകളുടെയും, പ്രചാരണ പ്രവർത്തനങ്ങളുടെയും ഫലമായെന്നോണം ഇത്തരം പരസ്യങ്ങളുടെ എണ്ണം 2019 ജൂലൈ ആയപ്പോൾ തന്നെ ഗണ്യമായി കുറഞ്ഞു. ഇക്കുറി പരസ്യങ്ങൾ 266 ആയി ചുരുങ്ങി. അതായത് 44 ശതമാനം കണ്ട് കുറവുണ്ടായി. എന്നാൽ 2022 ൽ വീണ്ടും നടത്തിയ പഠനത്തിൽ രണ്ടാം ഘട്ടത്തേക്കാൾ 28 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കാണുന്നു. ആദ്യകാലത്തേക്കാൾ 60 ശതമാനമാണ് കുറവ് കാണുന്നത്.

2. ടീസിഎംസി (ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിൽ) യുടെ ഇടപെടൽ മൂലം വൈദ്യനൈതികതക്ക് എതിരായ പരസ്യങ്ങളിൽ ഗണ്യമായ കുറവുണ്ടായി. ക്യാപ്സ്യൂൾ കേരള നൽകിയിട്ടുള്ള പരാതികളിൽ ടീസിഎംസി നടപടിയുണ്ടായ മുറയ്ക്ക് ഡോക്ടർമാരുടെ പേര് സഹിതം നൽകിയിരുന്ന പരസ്യങ്ങൾ അവയുടെ ദാതാക്കൾ തന്നെ പിൻവലിക്കുകയോ പരസ്യങ്ങളിൽ നിന്നും ഡോക്ടർമാരുടെ പേര് ഒഴിവാക്കുകയോ ചെയിതിട്ടുണ്ട്. ഇപ്പോൾ അഞ്ച് പരസ്യങ്ങളിൽ ഡോക്ടർമാരുടെ പേരുകൂടി ചേർന്ന് വരുന്നതായി കാണുന്നു.

3. പല തവണ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ള ചില പരസ്യങ്ങൾ ഇനിയും ആവർത്തിക്കപ്പെടുന്നു. ആയുർ കേരള, സെന്റിനോൾ, ബ്ലൂം ക്യാപ്സ്യൂൾ, മെഘയോഗ് എന്നിവ അതിൽ ഉൾപ്പെടുന്നു. ഇവയ്‌ക്കെതിരെ അധികാരികൾ ശക്തമായ നിലപാട് എടുക്കേണ്ടതായുണ്ട്.

4. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള 192 പരസ്യങ്ങളിൽ 113 എണ്ണവും ഡ്രഗസ് ആൻഡ് മാജിക്കൽ റെമഡീസ് ആക്്റ്റ് (ഡിഎംആർ) 1954, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് 1940 എന്നിവക്ക് എതിരാണ്. എഫ്എസ്എസ്എഐ യുടെ നിയമങ്ങൾക്ക് എതിരായിട്ടുള്ള ഒമ്പത് പരസ്യങ്ങളും, ഡിസ്‌ക്ലെയിമർ വ്യക്തമല്ലാതെ, എഎസ്സിഐ യുടെ കോഡ് ലംഘിക്കുന്ന നാല് പരസ്യങ്ങളും കണ്ടെത്തി. പരസ്യങ്ങളിലേറെയും (62 ശതമാനം) ഉപഭോക്താക്കൾക്ക് ഫലം കിട്ടിയില്ല എങ്കിലും പരാതി ഉണ്ടാകുവാൻ ഇടയില്ലാത്ത വിഷയങ്ങളിലാണ്. ലൈംഗിക ശേഷി കുറവ്, പൈൽസ്, മദ്യപാനം നിറുത്തൽ എന്നീ ആവശ്യങ്ങളാണ് പ്രമേയം.

5. പഠനത്തിൽ ഉൾപ്പെടാത്ത മറ്റൊരു വക പരസ്യം കൂടി കാപ്സ്യൂൾ കേരള ശ്രദ്ധിക്കുന്നുണ്ട്. ജ്യോതിഷവും വിശ്വാസങ്ങളുമായി ബന്ധപെട്ടതാണ് അവ. ഇപ്പോൾ 56 പരസ്യങ്ങൾ ആറു പത്രങ്ങളിൽ നിന്ന് കണ്ടെത്തി- ക്യാപസ്യൂൾ കേരളക്ക് വേണ്ടി ചെയർമാൻ, ഡോക്ടർ. യൂ.നന്ദകുമാർ, കൺവീനർ എം. പി.അനിൽ കുമാർ എന്നിവരാണ് അറിയിപ്പ് പുറത്തിറക്കിയത്.

രണ്ടുവർഷം വരെ തടവ് കിട്ടാം

നിയമം ശക്തമല്ലാത്തതുമൂലം തട്ടിപ്പുകാർ രക്ഷപ്പെടുന്ന അവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഡിഎംആർ ആക്റ്റ് 1954 പ്രകാരം ആദ്യ തവണ നിയമം ലംഘിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ പിഴ, രണ്ടാം തവണ ഒരു വർഷം തടവ് അല്ലെങ്കിൽ പിഴ എന്നതായിരുന്നു നേരത്തെ നിയമം. എന്നാൽ ഈ നിയമപ്രകാരം ആർക്കും തടവ് നൽകിയതായി അറിവില്ല. പിഴയും പരിമിതം ആണ്. മുമ്പ് 5000 മുതൽ 10000 വരെ, ഇതും വർഷങ്ങൾ നീളുന്ന വിചാരണയ്ക്ക് ഒടുവിൽ ആണ് വരിക. അതാണ് ഈ നിയമപ്രകാരം കേസ് എടുക്കുന്നതിനെ നിയമം ലംഘിക്കുന്നവർ കാര്യമാക്കാത്തത്.

എന്നാൽ ഇപ്പോൽ ഈ നിയമം പുതുക്കിയിട്ടുണ്ട്. ആദ്യ തവണ കുറ്റം കണ്ടെത്തിയാൽ 2 വർഷം തടവും 10 ലക്ഷം രൂപ പിഴയും, ആവർത്തിച്ചാൽ 5 വർഷം തടവും 50 ലക്ഷം പിഴയും. നിയമപ്രകാരം പരസ്യം നൽകുവാൻ പാടില്ലാത്ത രോഗങ്ങളുടെ എണ്ണം 54 ൽ നിന്നും 78 ആയി ഉയർത്തിയിട്ടുണ്ട്.

നിയമപ്രകാരം ഡ്രഗ് ലൈസൻസ് നേടിയ ഉൽപ്പന്നങ്ങൾ ആണ് പലരും ഇപ്രകാരം നിയമ വിരുദ്ധ പരസ്യങ്ങളിൽ കൂടി വിറ്റഴിക്കുന്നത്. അതിനാൽ ഡിഎംആർ ആക്റ്റ് 1954 പ്രകാരം ഉള്ള നടപടികൾക്ക് ഒപ്പം ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് 1940 പ്രകാരവും നടപടി എടുക്കുകയും കൂടി ചെയ്താൽ ഈ പരസ്യങ്ങൾ വലിയോരളവ് വരെ നിയന്ത്രിക്കുവാൻ ആകുമെന്നാണ് ക്യാപ്സ്യൂൾ കേരളയുടെ നിഗമനം.