തിരുവനന്തപുരം: സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പിഎസ് ശ്രീകല സ്വന്തമായി പിഎയെ നിയമിച്ചത് ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയാണെന്ന് രേഖകൾ. പിഎ യോഗ്യനെന്ന് വരുത്തി തീർക്കാൻ സാക്ഷരത മിഷൻ ഡയറക്ടർ മാധ്യമങ്ങളോട് നടത്തിയ വാദമുഖങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ഡയറക്ടറുടെ പിഎ നിയമന കാര്യത്തിൽ ഒഴിവ് അച്ചടിമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി അപേക്ഷകൾ ക്ഷണിച്ച്, നടപടി ക്രമങ്ങൾ പാലിച്ചു നടത്തണമെന്ന് 2013 നവംബർ 5ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് സാക്ഷരതാ മിഷൻ ഓഫീസിൽ പൂഴ്‌ത്തുകയായിരുന്നു.

ഡയറക്ടറുടെ പിഎ തസ്തിക ഗസറ്റഡ് റാങ്കിലുള്ളതായതിനാൽതന്നെ ഇത്തരം നിയമനങ്ങൾ നടത്തുമ്പോൾ കൂടുതൽ യോഗ്യനായ ആളെ നിയമിക്കണമെന്നും ഉത്തരവിൽ ഉണ്ട്. എന്നാൽ ഈ ഉത്തരവ് മറച്ചു വച്ചാണ് യോഗ്യത ഇല്ലാത്ത എസ്ആർ രാജേഷ് എന്ന ജീവനക്കാരനെ പിഎസ് ശ്രീകല 2016-ൽ പിഎ ആക്കിയത്.

ഓഫീസ് അറ്റൻഡർ ആണ് രാജേഷ്. 2017 ഫെബ്രുവരി 21ന് കൂടിയ സാക്ഷരത മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കൊണ്ട് പിഎ നിയമനത്തിൽ അംഗീകാരം നേടിയെടുത്തതും സ്പെഷ്യൽ അലവൻസ് അനുവദിപ്പിച്ചതും 2013 ലെ ഉത്തരവ് പൂഴ്‌ത്തി വച്ചാണ്. വേണ്ടപ്പെട്ടവന് പിഎയുടെ ചുമതല നൽകുമ്പോൾ യോഗ്യത മാനദണ്ഡം ഒളിപ്പിക്കാനായിരുന്നു ഇതെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണം..

ശ്രീകല സാക്ഷരതാമിഷൻ ഡയറക്ടർ ആയി 2016 ജൂലായ് മാസത്തിൽ ചുമതല ഏറ്റഉടൻ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു പിഎയെ നിയോഗിച്ച നടപടി. പിഎ തസ്തികയുടെ കാര്യത്തിൽ കൂടുതൽ യോഗ്യത പരിഗണിക്കണമെന്ന 2013 ലെ ഉത്തരവിനെ അടിവര ഇട്ടു തന്നെയാണ് 2018 ലും പൊതുവിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉത്തരവ് ഇറക്കിയത്.

എസ് ആർ രാജേഷ് എന്ന ജീവനക്കാരൻ സാക്ഷരത മിഷനിൽ പ്രവർത്തിക്കുന്നത് ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ആണെന്ന് 2018 ജനുവരി 6ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തം ആണ്. എന്നാൽ ഇയാൾ ഓഫീസ് അസിസ്റ്റന്റ് ആണെന്ന് 2017 ഫെബ്രുവരി 21 ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സാക്ഷരത മിഷൻ ഡയറക്ടർ തെറ്റിദ്ധരിപ്പിച്ചതായും ആരോപണം ഉണ്ട്.

2012-ൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു ഉദ്യോഗസ്ഥനെ സർക്കാർ ഉത്തരവ് പ്രകാരം സാക്ഷരത മിഷനിൽ പിഎ ആക്കിയിരുന്നുവെന്ന് റോജി എം ജോണിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ മറുപടി നൽകിയിരുന്നു. സാക്ഷരത മിഷനിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ, പ്രോഗ്രാം ഓഫീസർ എന്നീ തസ്തികകളിൽ നിലവിൽ പ്രവർത്തിക്കുന്നത് ഡെപ്യൂട്ടേഷൻ നിയമനം ലഭിച്ചവർ ആണ്. പ്രോഗ്രാം ഓഫീസർ കഴിഞ്ഞ മാസമാണ് ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങിയത്. സാഹചര്യം ഇതായിരിക്കെ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ആർക്കും തന്നെ പിഎ തസ്തികയുടെ ചുമതല നൽകാതെ യോഗ്യത ഇല്ലാത്ത ആളെ പ്രതിഷ്ഠിച്ചത് ഗുരുതര ക്രമക്കേട് ആയാണ് കണക്കാക്കപ്പെടുന്നത്.

യോഗ്യത ഇല്ലാത്ത ആൾക്ക് പിഎ തസ്തികയുടെ ചുമതല നൽകിയതും 5000 രൂപ സ്പെഷ്യൽ അലവൻസ് അനുവദിച്ചതും റദ്ദ് ചെയ്തു 2018-ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ടോ എന്ന റോജി എം ജോണിന്റെ ചോദ്യത്തിന് മന്ത്രി ശിവൻകുട്ടി മറുപടി നൽകാത്തത് ക്രമക്കേടിലേക്ക് വിരൽ ചൂണ്ടുന്നതാണ്.