കൊച്ചി: രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടത്തുന്ന എക്‌സ്‌പോ ധൂർത്തും ആർഭാടവുമാകുന്നതായി പരാതി. എറണാകുളം മറൈൻ ഡ്രൈവിൽ 18ന് തുടങ്ങിയ എക്‌സ്‌പോ 25 വരെയാണ് നടക്കുന്നത്. ഈ എക്‌സ്‌പോയുടെ പേരിൽ കഴിഞ്ഞ മാർച്ച് അവസാനം മുതൽ സംസ്ഥാന സഹകരണ വകുപ്പിന്റെ പ്രവർത്തനം ഭാഗികമായിരുന്നു. കഴിഞ്ഞ ദിവസം മുതൽ സഹകരണ വകുപ്പ് മന്ത്രിയും ഓഫീസും അടക്കം പൂർണമായും എക്‌സപോയിലാണെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.

സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ രജിസ്ട്രാർ, 14 ജില്ലകളുടെ ജോയിന്റ് രജിസ്ട്രാർമാർ, അസിസ്റ്റന്റ് രജിസ്ട്രാർമാർ, സഹകരണ ഓഡിറ്റിങ് വിഭാഗം തലവന്മാർ തുടങ്ങി ഓഫീസ് ജീവനക്കാർ ഉൾപ്പെടെ സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൈപറ്റുന്ന പതിനായിരത്തോളം ജീവനക്കാർ ഒരു എക്‌സ്‌പോയുടെ നടത്തിപ്പിനായി മറ്റെല്ലാം ജോലികളും നിർത്തിവെച്ചിരിക്കുകയാണെന്നാണ് ഉയർന്നിരിക്കുന്ന പരാതി.

ഇതോടെ സഹകരണ മേഖല പൂർണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇത് കോടികളുടെ നഷ്ടത്തിനിടയാക്കുമെന്ന് സഹകരണ മേഖലയിൽ ഉള്ളവർ വ്യക്തമാക്കുന്നു. സാമ്പത്തിക വർഷാവസാനത്തോടെയുള്ള ഓഡിറ്റിങും തുടർ പ്രവർത്തനങ്ങളും സാമ്പത്തിക വർഷാരംഭത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളും ഉൾപ്പടെ നിശ്ചലമായിരിക്കുകയാണ്. എക്‌സ്‌പോ കഴിഞ്ഞാലും വകുപ്പിന്റെ പ്രവർത്തനം സാധാരണ നിലയിലെത്താൻ ദിവസങ്ങളെടുക്കും.

എക്‌സ്‌പോയുടെ പേരിൽ സംഘങ്ങളിൽ നിന്ന് നിർബന്ധിത പിരിവും നടക്കുന്നുണ്ട്. സഹകരണ വകുപ്പിന് കീഴിലുള്ള എല്ലാ സംഘങ്ങൾക്കും ദൈനം ദിന പ്രവർത്തനങ്ങൾക്കല്ലാതെയുള്ള ചെലവുകൾക്ക് ഓരോ തലത്തിനനുസരിച്ച് അസി. രജിസ്ട്രാർ മുതൽ സംസ്ഥാന സഹകരണ രജിസ്ട്രാർ വരെയുള്ള ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി വേണമെന്നാണ് ചട്ടം. ഇതെല്ലാം കാറ്റിൽപറത്തി ഒരോ സഹകരണ സംഘത്തിൽ നിന്നും 5000 രൂപ വീതം 12000 ത്തിലധികം സംഘങ്ങളിൽ നിന്ന് സഹകരണ വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. 300 ഓളം സ്റ്റാൾ സൗകര്യം ഒരുക്കാനും സ്റ്റാൾ വാടകയുടെയും പേരിൽ സംഘത്തിൽ നിന്ന് 5 ലക്ഷം രൂപയോളമാണ് നൽകുന്നത്. എക്‌സ്‌പോ പരസ്യം, മറ്റു അനുബന്ധ ചെലവിലേക്കും സർക്കാർ ഖജനാവിൽ നിന്നും കോടികൾ അനുവദിച്ച് നൽകിയിരിക്കുന്നു. സർക്കാർ ആഘോഷത്തിനപ്പുറം പൊതുജനങ്ങൾക്കോ സംഘങ്ങൾക്കോ ഉപകാരപ്രദമല്ലാത്ത എക്‌സ്‌പോയുടെ പേരിൽ ധൂർത്തിനും ആർഭാടത്തിനുമാണ് സഹകരണ വകുപ്പ് കളമൊരുക്കുന്നത്.

ആളെക്കൂട്ടാൻ നെട്ടോട്ടമോടി ഉദ്യോഗസ്ഥർ

സഹകരണ വകുപ്പിലെ ഉന്ന ഉദ്യോഗസ്ഥരടക്കം എക്‌സപോക്ക് ആളെക്കൂട്ടാനുള്ള നെട്ടോട്ടത്തിലാണ്. സെമിനാർ വിജയിപ്പിക്കാൻ സംഘങ്ങളെ ഭീഷണിപെടുത്തി രജിസ്‌ട്രേഷൻ നടത്തുകയാണ് ഉദ്യോഗസ്ഥർ. ഓരോ പ്രാഥമിക സംഘങ്ങളിൽ നിന്നും ഡയറക്ടർമാരും ഉദ്യോഗസ്ഥരും ഉൾപ്പടെ മൂന്ന് പേർ വീതം പങ്കെടുക്കണമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശം.

യു.ഡി.എഫ് സഹകാരികളെ അവഗണിച്ച് പാർട്ടി എക്‌സ്‌പോ

എക്‌സ്‌പോയുടെ ഭാഗമായി നടക്കുന്ന സെമിനാറുകളിൽ യു.ഡി.എഫ്. പ്രമുഖ സഹകാരികളെയും സംഘങ്ങളുടെ പ്രസിഡന്റുമായവരെയും പൂർണമായി അവഗണിച്ച് പാർട്ടി പരിപാടിയാക്കുകയാണ് സഹകരണ വകുപ്പ്. മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് എംഎ‍ൽഎ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് യു.എ ലത്തീഫ് എംഎ‍ൽഎ എന്നിവരെ ഉൾപ്പെടെ സഹകാരികളെയും പ്രതിപക്ഷ നേതാക്കളെയും അവഗണിച്ചാണ് സഹകരണ വകുപ്പ് എക്‌സ്‌പോ നടത്തുന്നത്. എക്‌സ്‌പോ മറവിലെ പിരിവും കോടികളുടെ അഴിമതി എന്നിവയിൽ അന്വേഷണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽക്കുവാൻ പ്രമുഖ പ്രതിപക്ഷ സഹകാരി നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.