- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിഗ്രിക്കാരൻ ഇരിക്കേണ്ട കസേരയിൽ പത്താം ക്ലാസുകാരൻ; കട്ടി ശമ്പളവും സർക്കാർ വക ക്വാർട്ടേഴ്സും ആനുകൂല്യങ്ങളുടെ പെരുമഴയും; പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ അനധികൃത നിയമനമെന്ന് പരാതി; തസ്തിക സൃഷ്ടിച്ചതും നിയമവിരുദ്ധം ആയെന്ന് വിവരാവകാശ രേഖകൾ
തിരുവനന്തപുരം: പെരിയാർ കടുവ സങ്കേതത്തിന്റെയും, ചുറ്റുവട്ട പ്രദേശങ്ങളുടെയും സംരക്ഷണത്തിനും, ആശ്രിത വിഭാഗങ്ങളുടെ ഉന്നമനത്തിനുമായി സ്ഥാപിതമായ ഫൗണ്ടേഷനിൽ യോഗ്യതയ്ക്ക് വിരുദ്ധമായി നിയമനമെന്ന് പരാതി. ഡിഗ്രി യോഗ്യത വേണ്ട തസ്തികയിൽ പത്താംക്ലാസ് യോഗ്യതയുള്ളയാളെ നിയമിച്ചു എന്നാണ് പരാതി.
പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ആയ ടി.ആർ ശ്രീജിത്തിനെതിരെയാണ് പരാതി. ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കുന്നതിനായി ഭേദഗതി വരുത്തിയ ഓപ്പറേഷൻ മാനുവൽ പ്രകാരവും, വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ നിന്നും നൽകിയ മറുപടിയിലും ഫൗണ്ടേഷനിലെ ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത ഇൻഫർമേഷൻ സയൻസിലോ ഇൻഅലൈഡ് സയൻസിലോ ബിരുദമാണ്. എന്നാൽ ശ്രീജിത്തിന് ഈ വിദ്യാഭ്യാസ യോഗ്യത ഇല്ല എന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്.
2021 മെയ് അഞ്ചിന് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ നിന്നും ലഭിച്ച വിവരാവകാശ മറുപടിയിൽ നിലവിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്ന ശ്രീജിത്തിന് എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യത മാത്രമെയുള്ളൂ എന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ തനിക്ക് എസ്എസ്എൽസി വിദ്യാഭാസ യോഗ്യത മാത്രമേയുള്ളൂ എന്ന് ക്രൈം നമ്പർ 108 /2019 എന്ന കേസിൽ സാക്ഷിയായി വിസ്തരിക്കവേ പീരുമേട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ശ്രീജിത്ത് മൊഴി നൽകിയിട്ടുമുണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ശ്രീജിത്ത് ടിആറിനെ നിയമ വിരുദ്ധമായി നിയമിച്ച്, 2017 നവംബർ മുതൽ 27800 രൂപ ശമ്പളവും, സർക്കാർ വക ക്വാർട്ടേഴ്സും, കെഎസ്ആർ പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നൽകിവരുന്നതായും പരാതിയിൽ പറയുന്നു. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതവേണ്ട തസ്തികയിൽ കേവലം എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ഒരാളെ നിയമിച്ച് ശമ്പളം നൽകി വരുന്നത് നിയമ വിരുദ്ധവും, സർക്കാരിനെ വഞ്ചിച്ചതിന് ക്രിമിനൽ നിയമ പ്രകാരവും, അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതുവുമായ കുറ്റകൃത്യമാണിത്.
പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ രൂപീകരിക്കുന്നതിന് മുൻപ് നിലവിൽ ഉണ്ടായിരുന്ന പെരിയാർ ഫൗണ്ടേഷനിൽ നിലവിലുണ്ടായിരുന്ന ഇൻഫർമേഷൻ അസിസ്റ്റന്റ് എന്ന തസ്തിക പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ മാനുവലിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ 2018 മെയ് 23ന് കൂടിയ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ 30-ാമത് എക്സിക്യുട്ടീവ് കമ്മറ്റിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തിക പെരിയാർ ഫൗണ്ടേഷന്റെ പ്രവർത്തനത്തിന് അത്യന്ത്യാപേക്ഷിതമാണെന്ന് അന്നത്തെ പിടിസിഎഫ് സെക്രട്ടറി ശില്പ വി കുമാർ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിടിസിഎഫിന്റെ അംഗീകൃത ഓപ്പറേഷൻ മാനുവലിൽ ഭേദഗതി വരുത്താനും തീരുമാനം എടുത്തു. ഈ തീരുമാനം 2019 ഫെബ്രുവരി 27 ന് ചേർന്ന ഗവേർണിങ് ബോഡി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇന്നുവരെ മാനുവൽ ഭേദഗതി അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
ഗവേർണിങ് ബോഡി തീരുമാനപ്രകാരം മാന്യുവൽ ഭേദഗതി അനുമതിക്കായി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ സർക്കാരിലേയ്ക്ക് അയച്ചത് 2020 ജൂൺ 12 നാണ്ന്ന്ഫൗണ്ടേഷനിൽ നിന്നും ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ നിന്നും വ്യക്തമാകുന്നു. ഈ ഭേദഗതിക്ക് സർക്കാർ അംഗീകാരം ലഭിക്കുന്നതിന് മുൻപ് തന്നെ ഭേദഗതിയിലെ പല തീരുമാനങ്ങളും നിയമ വിരുദ്ധമായി ഫൗണ്ടേഷൻ നടപ്പിലാക്കി. അത്തരത്തിൽ നിയമ വിരുദ്ധമായി നടപ്പിലാക്കിയതാണ് ഇൻഫർമേഷൻ അസിസ്റ്റന്റ് എന്ന തസ്തികയിലെ നിയമനവും.
ഭേദഗതി വരുത്തിയ മാനുവൽ സർക്കാർ അംഗീകരിക്കുന്നതിന് മുൻപുതന്നെ ശ്രീജിത്ത് ടിആർ എന്ന വ്യക്തിയെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ 2017 നവംബർ മാസം മുതൽ നിയമിച്ചതായി വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലഭിച്ച പരാതിയിൽ ആരോപിക്കുന്നു. മാസം 28000ൽ അധികം രൂപയാണ് ശമ്പള ഇനത്തിൽ നൽകിവരുന്നത്. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ സർക്കാർ അംഗീകരിച്ച നിലവിലുള്ള മാനുവലിൽ ഇങ്ങനെ ഒരു തസ്തിക നിലവിലില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സോഷ്യോളജിസ്റ്റ്, എക്കണോമിസ്റ്റ്, എക്കോ ടൂറിസം ഓഫീസർ, ബോട്ടണിസ്റ്റ്, നേച്വർ എജ്യൂക്കേഷൻ ഓഫീസർ, കൺസർവേഷൻ ബയോളജിസ്റ്റ്, ജിഐഎസ് എക്സ്പെർട്ട്, അക്കൗണ്ടന്റ്, അസിസ്റ്റന്റ് നാച്വർ എജ്യൂക്കേഷൻ ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ്, ഫെസിലിറ്റേറ്റർ, ക്ലെറിക്കൽ അസിസ്റ്റന്റ്, ഡ്രൈവർ, ഓഫീസർ അസിസ്റ്റന്റ് എന്നീ തസ്തികകൾ മാത്രമാണ് ഉള്ളത്. പിന്നീട് മാനുവൽ ഭേദഗതിയിലൂടെ ഈ തസ്തിക സൃഷ്ടിച്ചെങ്കിലും ഈ ഭേദഗതി നാളിതുവരെ സർക്കാർ അംഗീകരിച്ചിട്ടുമില്ല.
പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ അന്നത്തെ സെക്രട്ടറി ശിൽപ വി കുമാറിന്റെയും, എക്സിക്യുട്ടീവ് ഡയറക്ടർ ജോർജി പി മാത്തച്ചന്റെയും അറിവോടെയാണ് ഈ നിയമ വിരുദ്ധ നിയമനം നടന്നിരിക്കുന്നതെന്ന് പരാതിക്കാർ പറയുന്നു. ഈ നിയമവിരുദ്ധ നിയമനം നടത്തിയതിന് പിന്നിൽ സാമ്പത്തിക താല്പര്യങ്ങൾ ഉൾപ്പെടെയുള്ള അഴിമതികൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.