തിരുവനന്തപുരം:ഒരു കാല് മുറിച്ചിട്ടാണേലും പ്രശ്നമില്ല, എന്റെ അൽത്താഫ് ഇക്കാനെ എനിക്ക് ജീവനോടെ തന്നെ തിരിച്ച് വേണം കൈയിൽ കിടന്ന അവസാനത്തെ സ്വർണ്ണവും വിറ്റ് കിട്ടിയ പണം എസ്‌പി ഫോർട്ട് ഹോസ്പിറ്റലിൽ ക്യാഷ്‌കൗണ്ടറിൽ അടയ്ക്കുമ്പോൾ സജീന ഡോക്ടർമാരോട് പറഞ്ഞതാണ് ഇത്.ബൈക്കപകടത്തിൽ കാലിനും തോളിനും പൊട്ടലേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അൽത്താഫ് 39 ദിവസങ്ങൾ കഴിഞ്ഞ് മരണമടഞ്ഞതിന് ആശുപത്രി അധികൃതർ പറയുന്നത് വിചിത്രമായ ന്യായങ്ങളുമായിരുന്നു.എസ്‌പി ഫോർട്ട് ഹോസ്പിറ്റൽ പറയുന്നത് കിഡ്നിയുടെ പ്രവർത്തനം തകരാറിലായി, ബ്ലീഡിങ് അമിതമായി, ബിപി ലോ ആയി എന്നൊക്കെ യാണ്. ഓർത്തോ വിഭാഗം പ്രശ്നവുമായി അഡ്‌മിറ്റ് ആയ രോഗിയുടെ കിഡ്നി എങ്ങനെ തകരാറിലാകും?. 15 ലക്ഷത്തോളം രൂപ വിഴുങ്ങിയ ശേഷം അൽത്താഫിന്റെ ജീവനില്ലാത്ത ശരീരമാണ് ബന്ധുക്കൾക്ക് ഇന്നലെ ലഭിച്ചത്.

ഒന്നര മാസം മുൻപ് നടന്ന ഒരപകടത്തിൽ കാലിൽ മൂന്നു പൊട്ടലും തോളിൽ ഒരു പൊട്ടലും മാത്രമാണ് അൽത്താഫിനു പറ്റിയ പ്രധാന പരിക്കുകൾ. കഴിഞ്ഞ 39 ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനിടയിൽ ഒന്നിൽ കൂടുതൽ ഓപ്പറേഷനു അൽത്താഫ് വിധേയനായി. കാലിനു പൊട്ടലുമായി പോയ രോഗി എങ്ങനെയാണ് മരിക്കുക. ഒരു കാരണവശാലും എസ്‌പി ഫോർട്ട് ആശുപത്രി അധികൃതരെ വെറുതെ വിടില്ല. അവർക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് സഹോദരൻ സെയ്ദ് അലി മറുനാടൻ മലയാളിയോട് പറഞ്ഞു.ഇത്രയും ചികിത്സയും ശസ്ത്രക്രിയയും ഒക്കെ നടത്തിയിട്ടും ഒന്നിന്റേയും വിശദാംശങ്ങൾ നഴ്സായ ഭാര്യയെ പോലും അധികൃതർ അറിയിച്ചില്ല.

എഐവൈഎഫ് പവർത്തകൻ കൂടിയായ അൽത്താഫിന്റെ ശവസംസ്‌കാരത്തിന് വൻ ജനാവലിയാണ് ഇന്നലെ നെടുമങ്ങാട് വാളിക്കോടുള്ള വീട്ടിലും പള്ളിയിലും എത്തിയത്.കാലിൽ രണ്ട് പൊട്ടലും തോളെല്ലിന് പൊട്ടലുമായി ആശുപത്രിയിൽ ചികിത്‌സയ്ക്കും ശസ്ത്രക്രിയയ്ക്കും പോകുമ്പോൾ എല്ലാവരോടും തമാശ പറഞ്ഞും ചിരിച്ചും കളിച്ചുമാണ് അൽത്താഫ് പോയത്. എന്നിട്ട് അയാൾ ഇന്ന് മരണമടഞ്ഞിരിക്കുന്നു എന്നത് വിശ്വസിക്കാൻ നാട്ടുകാരും സഹപ്രവർത്തകരും അൽത്താഫിന്റെ ഒപ്പം പ്രവർത്തിക്കുന്ന പാർട്ടിക്കാരും തയ്യാറാകുന്നില്ല.

അൽത്താഫിന് അപകടം സംഭവിച്ചത് ഇങ്ങനെ

ഐഡിയ നെടുമങ്ങാട് ഏരിയ മാനേജറായി ജോലി ചെയ്യുകയായിരുന്നു അൽത്താഫ്. സിപിഐയുടെ സജീവ പ്രവർത്തകനുമായിരുന്നു. എഐവൈഎഫ് നെടുമങ്ങാട് ലോക്കൽ കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാർച്ച് 21ന് ഒരു മീറ്റിങ്ങിന് പോയ ശേഷം സുഹൃത്തിനെ വെള്ളനാടുള്ള വീട്ടിൽ ആക്കി മടങ്ങി വരുമ്പോഴാണ് പാലക്കാടേക്ക് വാഴക്കുലയുമായി പോയ മിനി വാൻ അൽത്താഫിന്റെ പൾസർ 220 ബൈക്കുമായി കൂട്ടിയിടിച്ചത്. മിനിവാൻ ഡ്രൈവർ തന്നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതും.അപകട സമയത്ത് അൽത്താഫ് ഹെൽമറ്റ് ഉപയോഗിച്ചിരുന്നതുകൊണ്ട് തന്നെ തലയ്ക്ക് പരിക്ക് പറ്റിയതുമില്ല.എന്നാൽ ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടർമാർ പരിശോധന നടത്തി ബന്ധുക്കൾ എത്തിയപ്പോൾ വിവരമറിയിക്കുകയും ഒരു ശസ്ത്രക്രിയ വേണമെന്നും എന്നാൽ അത് കഴിഞ്ഞാൽ ഒരു കാലിന് പൊക്കക്കുറവ് ഉണ്ടാകുമെന്നും അറിയിക്കുകയായിരുന്നു.

ആറ് മാസത്തോളം ചികിൽസ നടത്തേണ്ടി വരുമെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത് അനുസരിച്ചാണ് കൂടുതൽ മെച്ചപ്പെട്ട ചികിത്സ വേണമെന്നും ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകാമെന്നും ബന്ധുക്കൾ തീരുമാനിച്ചത്. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ശേഷം സ്വകാര്യ ആശുപത്രിയായ എസ്‌പി ഫോർട്ട് ആശുപത്രിയിലേക്ക് എത്തുയായിരുന്നു

എസ്‌പി ഫോർട്ട് ആശുപത്രിയിൽ സംഭവിച്ചത്

മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ചികിത്സ റിപ്പോർട്ട് എസ്‌പി ഫോർട്ട് ആശുപത്രി അധികൃർക്ക് മെയിൽ ചെയ്യുകയായിരുന്നു. അൽത്താഫിന്റെ ഭാര്യ നേരിട്ട് പോയി സംസാരിക്കുകയും ചെയ്തിരുന്നു. എല്ലാം ശരിയാക്കി എടുക്കാമെന്നും ആറുമാസത്തിനുള്ളിൽ അൽത്താഫിന്റെ കാലുകൾ പഴയത് പോലെ ആക്കി തരാമെന്നും എന്നാൽ ചില ശസ്ത്രക്രിയകൾ ഉണ്ടെന്നും അൽപ്പം പണം ചെലവ് വരും എന്നും മാത്രമാണ് എസ്‌പി ഫോർട്ട് അധികൃതർ പറഞ്ഞത്.സ്വന്തം ഇഷ്ടപ്രകാരം മാറ്റുന്നു എന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എഴുതി കൊടുത്ത ശേഷമാണ് കൊണ്ട് പോയത്. ആദ്യ ദിവസം തന്നെ ഒരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തോളെല്ലിനും തുടയിലുമാണ് ശസ്ത്രക്രിയ നടത്തിയത്.

പിന്നീട് പല ഘട്ടങ്ങളായി നിരവധി സർജറികൾ നടത്തി. പിന്നീട് വലത് കാലിന് രക്തയോട്ടം കുറവാണെന്ന പറഞ്ഞ് ഇടത് കാലിൽ നിന്നും ഒരു വെയ്ൻ മുറിച്ച് വലത് കാലിലേക്ക് സ്ഥാപിക്കുകയായിരുന്നു.അതിന് ശേഷം അന്ന് വൈകുന്നേരം തന്നെ വാർഡിലേക്ക് മാറ്റുകയും ചെയ്തു.എല്ലാരോടും സന്തോഷത്തോടെ പെരുമാറുകയും ചിരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.പിന്നീട് വലത് കാലിലേക്ക് മുതുകിൽ നിന്നും മാംസം മുറിച്ച് ഫ്ളാപ്പ് ചെയ്യണമെന്ന് പറഞ്ഞു. ഇതിന് മൂന്നര ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ നിശ്ചയിച്ച ഫീസ്. ആ ശസ്ത്രക്രിയ ചെയ്യുമ്പോൾ തന്നെ ഏകദേശം 10 ലക്ഷം രൂപയുടെ ചികിത്സ നടത്തി കഴിഞ്ഞിരുന്നു. അൽത്താഫിന് ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും, എല്ലാരോടും വിളിച്ച് ഫോണിൽ സംസാരിച്ച ശേഷമാണ് അൽത്താഫിനെ പിന്നെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്.

അപകടം സംഭവിച്ചത് മുതുകിൽ നിന്നും മാംസം വെട്ടിയെടുക്കുന്ന ശസ്ത്രക്രിയയ്ക്ക് ഇടയിൽ

രാവിലെ ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെയാണ് ശസ്ത്രക്രിയ കഴിഞ്ഞത്.ഇടയ്ക്ക് അന്വേഷിച്ചപ്പോൾ അത് ഒരു വലിയ ശസ്ത്രക്രിയ ആണെന്നാണ് ഒരു നഴ്സ് ബന്ധുക്കളെ അറിയിച്ചത്.രാത്രി 11.30 കഴിഞ്ഞാണ് പുറത്തിറക്കിയത്. അനിയത്തി അകത്ത് കയറി നോക്കിയപ്പോൾ സെഡേഷനിലായിരുന്നു. രാവിലെ ആയപ്പോൾ അറിയിച്ചത്. ഇടത് കാലിൽ നിന്നും എടുത്ത് വെയിൻ സർക്കുലേറ്റ് ചെയ്യുന്നില്ല എന്നായിരുന്നു.പിന്നെ അതേ വെയിൻ വീണ്ടും സർജറി ചെയ്തതായി ഡോക്ടർ വിജയകുമാർ അറിയിച്ചു. നല്ല ബ്ലീഡിങ്ങ് ഉണ്ടെന്നും ഉടൻ രക്തം വേണമെന്നും അവർ അറിയിക്കുകയും ചെയ്തു. ഭാര്യ തന്നെയാണ് എല്ലാവരേയും വിളിച്ച് ബ്ലഡ് വേണമെന്ന കാര്യം അറിയിച്ചതും അത് സംഘടിപ്പിക്കാൻ മുൻപിൽ നിന്നതും.

കുറച്ച് കൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കും എന്ന് കരുതിയാണ് അവിടേക്ക് കൊണ്ട് പോയത്. പിന്നീട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ പറഞ്ഞത് മൂത്രം ശരിക്ക് പോകുന്നില്ലെന്നും ഡയാലിസസ് വേണമെന്നുമാണ്. രക്ത സമ്മർദ്ദം കുറവാണെന്നും ഒരു മരുന്നിനോടും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞ ശേഷം ആളെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയ്ൽ ആശുപത്രി അധികൃതർ പറഞ്ഞത് എല്ലാം തന്നെ കുഴപ്പമില്ലാതെ പോകുന്നു എന്നാണ്. പേടിക്കേണ്ട സഹചര്യം കഴിഞ്ഞു എന്ന് എന്നെയും അൽത്താഫിന്റെ ഭാര്യയേയും വിളിച്ച് അറിയിക്കുകയും ചെയ്തു.പിന്നീട് നസീം എന്ന ഡോക്ടർ വിളിച്ച് പറഞ്ഞത് അനുസരിച്ച് അത്യാവശ്യമായി കാണണം എന്ന ഡോക്ടർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ പോയി കാണുകയായിരുന്നു.ഐസിസി യൂണിറ്റിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞത് ചെയ്യാനുള്ളത് എല്ലാം ചെയ്തു.പക്ഷേ ഒന്നും ചെയ്യാനായില്ല എന്നാണ്.അകത്ത് കേറി കണ്ടോളു എന്ന് പറയുമ്പോൾ പോലും ആള് പോയി എന്ന് അറിയില്ലായിരുന്നു. പിന്നീട് അവർ തന്നെ സജീനയേയും വാപ്പയേയും വീട്ടിലേക്ക് പറഞ്ഞ് വിടാനും നിർദ്ദേശിക്കുകയായിരുന്നു.

അവസാനമായി കാണാൻ വൻ ജനാവലി

അൽത്താഫിന്റെ മരണം ഒരു കുടുംബത്തിന്റെ മാത്രം നഷ്ടമായിരുന്നില്ല. നാട്ടുകാരും സമീപവാസികളും ഒക്കെ ഇപ്പോഴും മ്ലാനതയിൽ തന്നെയാണ് ഉള്ളത്.അവൻ ഈ നാട്ടുകാർക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് അറിയണമെങ്കിൽ അവന്റെ ശവസംസ്‌കാരത്തിന് വന്നാൽ മതിയായിരുന്നു. പള്ളിയിലും ഇവിടെ വീട്ടിലും ആയിരകണക്കിന് ആളുകൾ എത്തി.നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിലായിരുന്നു നാട്ടുകാരും. ഇന്ന് വരെ ഒരു ചീത്ത പോലും വിളിക്കുന്നത് കേട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.സിപിഐ പ്രവർത്തകൻ കൂടിയായ അൽത്താഫ് എല്ലാവർക്കും ഒരു സഹായിയായിരുന്നു.

മഞ്ചയിൽ വാടക വീട്ടിലാണ് താമസമങ്കിലും എല്ലാ ദിവസവും വൈകുന്നേരം നെടുമങ്ങാടും വാളിക്കോടും വരുമായിരുന്നു.എല്ലാവരോടും ചിരിച്ച മുഖത്തോടെ മാത്രമെ അൽത്താഫ് പെരുമാറിയിരുന്നുള്ളു.പൊട്ടിക്കരഞ്ഞും നിലവിളിച്ചുമാണ് പുരുഷന്മാർ പോലും അൽത്താഫിന്റെ മൃതശരീരം പള്ളിയിലേക്ക് എടത്തപ്പോൾ കരച്ചിലടക്കാൻ കഷ്ടപെട്ടു. വാളിക്കോടുള്ള സഹോദരൻ സെയ്ദ് അലിയുെട വാടക വീട്ടിലായിരുന്നു മൃതദേഹം അവസാനമായി കൊണ്ട് വന്നതും. സഹോദരനും വാപ്പയും നെടുമങ്ങാട് മാർക്കറ്റിലാണ് ജോലി. അതുകൊണ്ട് തന്നെ അവിടെ നിരവധി പേരെ കാണാൻ എത്തുമായിരുന്ന അൽത്താഫ് എല്ലാവരോടും നല്ല സൗഹൃദത്തിലായിരുന്നു.

ബന്ധുക്കളോട് സദാ സമയം കളി ചിരിയുമായി നടന്നവൻ

അൽത്താഫിന്റെ കാര്യം പറയുമ്പോൾ അളിയൻ ഷബീറിന് നൂറ് നാവായിരുന്നു. എല്ലായിപ്പഴും എന്റെ വീട്ടിൽ വരുമായിരുന്നു. എനിക്കും അവനും സ്വന്തമായി വീടില്ലായിരുന്നു. വാടകയ്ക്കായിട്ടാണ് താമസിച്ചത്. ഈ അടുത്ത് ഞാൻ വീട് പണി ആരംഭിച്ചു. അതിൽ അവനായിരുന്നു ഏറ്റവും വലിയ സന്തോഷം. എത്ര പറഞ്ഞാലും തീരാത്ത സന്തോഷം ഉണ്ടെന്നായിരുന്നു അന്ന് അൽത്താഫ് അളിയനോട് പറഞ്ഞത്. നിങ്ങൾ വലിയ വീട് വയ്ക്കണം ഇക്ക എന്നാണ് എപ്പോഴും പറഞ്ഞിരുന്നത്. ഒരു ദിവസം പോലും സഹോദരിയേയും പിള്ളാരെയും കാണാതെ അവൻ പോകുമായിരുന്നില്ലെന്നും ഷബീർ പറയുന്നു.

മറ്റ് ബന്ധുക്കൾക്കും അൽത്താഫിനെക്കുറിച്ച് സമാനമായ അഭിപ്രായമായിരുന്നു. നമ്മളൊക്കെ ഒത്ത് കൂടുന്നു എന്നറിഞ്ഞാൽ തന്നെ അളിയാ എത്ര വൈകിയാലും ഞാൻ വരും എന്ന് ഇങ്ങോട്ട് വിളിച്ച് പറഞ്ഞ ശേഷം അവൻ എപ്പോഴും കൂട്ടത്തിലെ കുസൃതിക്കാരനായിരുന്നു.ആരും ബോർ അടിച്ച് ഇരിക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല. വിഷമിച്ചിരിക്കുന്നവരെ ഞൊടയിടയിൽ സന്തുഷ്ടരാക്കാൻ അവന് പ്രത്യേക കഴിവുണ്ടായിരുന്നുവെന്നും ബഹന്ധുക്കൾ പറയുന്നു.

സ്നേഹിച്ച് കൊതിതീരും മുൻപെ സജീനയും അമൻനൂറും ഒറ്റയ്ക്കായി.ബാക്കിയാവുന്നത് വീടെന്ന സ്വപ്നം

പ്രണയ വിവാഹമായിരുന്നു അൽത്താഫും സജീനയും തമ്മിൽ 2016 ഏപ്രിൽ 23ന് ആയിരുന്നു ഇരുവരുടേയും വിവാഹം. വീട്ടുകാരും സമ്മത്തതോടെ തന്നെയായിരുന്നു. ഭാര്യ സജീന സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.ഒൻപത് മാസം പ്രായമുള്ള ഏക മകൻ അമൻ നൂർ അൽത്താഫിന് ജീവനായിരുന്നു. ഒരുമിച്ച് ജീവിച്ച് മതിയായില്ലെന്ന പറഞ്ഞ് വാവിട്ട് കരഞ്ഞ സജീനയെ ആശ്വസിപ്പിക്കാൻ ചുറ്റും കൂടി നിന്നവരും നന്നായി ബുദ്ധിമുട്ടി. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ വച്ചാണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചതും കേക്ക് മുറിച്ചതുമൊക്കെ.

സ്വന്തമായി വീട് പണിയണം എന്ന സ്വപ്നം പൂർത്തിയാക്കാതെയാണ് അൽത്താഫ് പോയത്. ചികിത്സയ്ക്കായി തന്റെ പേരിലുള്ള സ്വർണ്ണവും ഭൂമിയും മുഴുവൻ വിൽക്കാൻ സജീന തയ്യാറായിരുന്നു.

പ്രിയ സഖാവിന്റെ മരണം ഉൾക്കൊള്ളാനാകാതെ പാർട്ടി പ്രവർത്തകർ, അനുസ്മരണ യോഗത്തിൽ കണ്ണ് നിറഞ്ഞ് പ്രാസംഗികർ

നല്ല രാഷ്ട്രീയ ബോധവും ചുറുചുറുക്കുമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ. കൂടുതൽ യുവാക്കളെ പ്രസ്ഥാനത്തിലേക്ക് കൊണ്ട് വരാൻ അവന് പ്രത്യയേകം കഴിവുണ്ടായിരുന്നു. ഒരു പ്രവർത്തകനെ അല്ല കൂടപ്പിറപ്പിനെ തന്നെയാണ് നെടുമങ്ങാട്ടെ ഒരോ പാർട്ടിക്കാരനും നഷ്ടപെട്ടിരിക്കുന്നത്. അൽത്താഫിനെ പോലെ ഒരു ചെറുപ്പക്കാരൻ 10, 15 വർഷത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസമാണ്.നെടുമങ്ങാട്ടെ ഓരോ വ്യക്തിയേയും അവന് നേരിട്ട് പരിചയമുണ്ട്. രാഷ്ട്രീയമായി എതിർ ചേരിയിലുള്ള കോൺഗ്രസിനും ബിജെപിക്കും പോലും അവനോട് വലിയ സ്നേഹമായിരുന്നു. പാർട്ടിയിൽ ഉന്നദ സ്ഥാനത്തേക്കും ഉപരി കമ്മിറ്റികളിലേക്കും പോകാൻ യോഗ്യതയുണ്ടായിട്ടും പലപ്പോഴും തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അവൻ അത് സ്നേഹത്തോടെ നിരസിച്ചുവെന്ന് എവൈഐഎഫ് സംസ്ഥാന നേതാവ് പികെ സാം ഓർമിക്കുന്നു.എന്നാൽ പ്രവർത്തകരം ആവേശം കൊള്ളിക്കുന്ന മുദ്രാവാക്യം വിളിക്കുന്നതിൽ പ്രത്യേകകഴിവുള്ള അൽത്താഫ് അത് മാത്രം മറ്റാർക്കും വിട്ട് കൊടുത്തിരുന്നില്ല.

ഇന്നലെ അൽത്താഫിന്റെ അനുസ്മരണയോഗത്തിൽ പ്രസംഗിച്ച ഒരു നേതാവിന് പോലും കണ്ണ് നിറയാതെ അആവനെ ഓർക്കാനോ അനുസ്മരിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. അത് തന്നെയാണ് അൽത്താഫ് ആരാണെന്നതിനുള്ള ഏറ്റവും വലിയ മറുപടി. തങ്ങളുടെ പ്രിയ സഖാവിന്റെ മരണത്തിനിരയായ എസ്‌പി ഫോർട്ട് ആശുപത്രിക്കെതിതിരെ പാർട്ടി നേതാക്കളുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുെമന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു