- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ കെ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ പെയിന്റിങ്ങുകൾ എയർപോർട്ട് അഥോറിറ്റി വാങ്ങിയത് രണ്ടരലക്ഷത്തിന്; മമതയുടെ ചിത്രങ്ങൾ വിറ്റത് 9 കോടിക്ക്; പ്രിയങ്കാഗാന്ധിയുടെ പെയിന്റിങ്ങ് യെസ് ബാങ്ക് വാങ്ങിയത് രണ്ടുകോടിക്ക്; സെലിബ്രിറ്റി പെയിന്റിങ്ങുകളുടെ മറവിൽ കള്ളപ്പണ മാഫിയയോ?
ന്യൂഡൽഹി: പുരാവസ്തുക്കളുടെയും പെയിന്റിങ്ങുകളുടെയും മറവിൽ കള്ളപ്പണം വെളുപ്പിക്കുന്ന വലിയൊരു മാഫിയ ആഗോളതലത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. കാരണം പുരാവസ്തുക്കളുടെ മൂല്യവും, പെയിന്റിങ്ങുകളുടെ വിലയുമൊക്കെ പൊതു വിപണിയിൽ തീരുമാനിക്കാൻ കഴിയുന്നതല്ല. ആസ്വാദകന്റെയും താൽപ്പര്യം അനുസരിച്ചും ക്യൂറേറ്റർമാരുടെ നിലപാട് അനുസരിച്ചുമൊക്കെയായിരുക്കും ഇതിൻെ വില വരുക. അതുകൊണ്ടുതന്നെ ഒരു വലിയ തുക നൽകിക്കൊണ്ട് ചിത്രങ്ങൾ വാങ്ങുന്ന രീതിക്ക് പിന്നിൽ കള്ളപ്പണ മാഫിയയാണെന്ന് സംശയം നേരത്തെയുണ്ട്. അത് ബലപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് ഇഡിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി നമ്മുടെ രാഷ്ട്രീയക്കാരിൽ ഒരു വിഭാഗം ചിത്രകലയിലേക്ക് തിരിഞ്ഞതും, ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണെന്ന് സംശയുണ്ട്.
മറ്റ് എന്ത് കുഴപ്പങ്ങൾ ഉണ്ടെങ്കിലും അഴിമതിക്കാരനാണെന്ന ആരോപണം നേരിട്ടിട്ടില്ലാത്ത വ്യക്തിയാണ്, മുന്മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. എന്നാൽ ആന്റണി പ്രതിരോധമന്ത്രിയായിരിക്കേയാണ് ഭാര്യ എലിസബത്തിന്റെ പെയിന്റിങ്ങുകൾ, 2.5 ലക്ഷത്തിന് എയർപോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയത്. ഒരു ചിത്രകാരി എന്ന നിലയിൽ, യാതൊരു പ്രശസ്തിയുമില്ലാത്ത എലിസബത്തിന്റെ ചിത്രം ഇത്രയും വലിയ തുകയ്ക്ക് വാങ്ങിയത് അന്ന് വലിയ വിവാദമായിരുന്നു. സമാനമായ വിവാദത്തിൽ പെട്ടത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആയിരുന്നു. 2015ൽ മമതാ ബാനർജി വരച്ച മുന്നൂറോളം പെയിന്റിങ്ങുകൾ വിറ്റുപോയത് 9 കോടിക്കായിരുന്നു. മമതയുടെ ചിത്രംവര നേരത്തെ പ്രശസ്തമായിരുന്നെങ്കിലും ഇത്രയും വലിയ വില കിട്ടിയതാണ് അമ്പരിപ്പിച്ചത്. അന്ന് ദീദിയുടെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന ഈ ചിത്രം വാങ്ങിയത് ശാരദാ ചിട്ടിത്തട്ടിപ്പിൽ പിന്നീട് ജയിലിലായ സുദീപ്തോ സെൻ എന്ന വ്യവസായി ആയിരുന്നു. ഈ വിൽപ്പന അന്ന് സിബിഐ അന്വേഷിച്ചിരുന്നു. അന്നുതന്നെ കള്ളപ്പണം ഇടപാടിന്റെ സൂചനകൾ ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ ഈ കേസും തേഞ്ഞ് മാഞ്ഞുപോയി. ഏറ്റവും ഒടുവിലായി കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും ഒരുപോലെ വെട്ടിയാക്കി പ്രിയങ്കാഗാന്ധിയുടെ പേരിലും ചിത്രത്തട്ടിപ്പ് വിവാദം ഉയരുകയാണ്.
ചിത്രം വിറ്റത് സോണിയയുടെ ചികിത്സക്കെന്ന്
വഞ്ചനാക്കേസിലും കള്ളപ്പണം വെളുപ്പിക്കലിലും അകത്തായ, പൊളിഞ്ഞുപോയ, യെസ് ബാങ്കിന്റെ മുൻ ചെയർമാൻ റാണാ കപൂറിന്റെ വെളിപ്പെടുത്തലാണ് പ്രിയങ്കാഗാന്ധിക്ക് കുരുക്കാവുന്നത്. പ്രിയങ്ക ഗാന്ധിയിൽ നിന്ന് രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ കോൺഗ്രസ് നേതാവായ മുരളി ദേവ്റ നിർബന്ധിച്ചെന്ന് റാണാ കപൂർ ഇഡിയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. പത്മ പുരസ്‌കാരം കിട്ടാൻ ഇത് സഹായിക്കുമെന്ന് മുരളി ദേവ്റ ഉറപ്പ് നൽകി.
ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്‌കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കെതിരെയും മുരളി ദേവ്റക്കുമെതിരെയുള്ള മൊഴികളുള്ളത്. മുരളി ദേവ്റ ആവശ്യപ്പെട്ട പ്രകാരം രണ്ട് കോടി രൂപയുടെ ചെക്ക് നൽകി. പെയിന്റിങ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചതായി മിലിന്ദ് ദേവ്റ (അന്തരിച്ച മുരളി ദേവ്‌റയുടെ മകൻ) പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വെളിപ്പെടുത്തി.
സോണിയയുടെ ചികിത്സക്ക് അനുയോജ്യമായ സമയത്ത് ഗാന്ധി കുടുംബത്തെ സഹായിച്ചെന്നും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുമെന്നും സോണിയയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായി കപൂർ ഇഡിയോട് പറഞ്ഞു. മിലിന്ദ് ദേവ്റയാണ് ചിത്രം വാങ്ങാൻ തന്നെ നിരന്തരം പ്രേരിപ്പിച്ചത്. ഇതിനായി വീട്ടിലും ഓഫിസിലും എത്തി. ചിത്രം വാങ്ങാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ നിർബന്ധത്തെ തുടർന്നാണ് രണ്ട് കോടി നൽകി ചിത്രം വാങ്ങിയതെന്നും റാണ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.
വിറ്റത് എം എഫ് ഹുസൈൻ വരച്ച ചിത്രം
അതിനിടെ കോൺഗ്രസ് പാർട്ടിയുടെ സ്വത്താണ് ഈ ചിത്രമെന്നും, ഇത് പ്രൈവറ്റ് പ്രോപ്പർട്ടി അല്ലെന്നും വിവാദം ഉയരുന്നുണ്ട്. ഇപ്പോൾ വിവാദമായ ചിത്രം വരച്ചത് പ്രിയങ്കാ ഗാന്ധി അല്ല. സാക്ഷാൽ എം എഫ് ഹുസൈനാണെന്നതം പിന്നീട് തെളിഞ്ഞു. രാജീവ് ഗാന്ധിയെ തന്റെ കാൻവാസിലേക്ക് പകർത്തി ചിത്രം ഹുസൈൻ സമ്മാനിക്കയായിരുന്നു. ഈ ചിത്രത്തിന്റെ ഉടമസ്ഥത കോൺഗ്രസിനാണ്. ഗാന്ധി കുടുംബത്തിന് അല്ല. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ പോലും ആചോചിക്കാതെയാണ് ചിത്രം വിറ്റത്. 2020 മുതൽ തന്നെ ഈ പെയിന്റിങ്ങിനെ കുറിച്ച് നിരവധി വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
ഈ ഡീൽ സാക്ഷാത്കരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് മിലിന്ദ് ദേവ്‌റ കമ്മീഷൻ പറ്റിയതായും ആരോപണമുണ്ട്. ഇത് ഇപ്പോൾ ഇഡി കുറ്റപത്രത്തിൽ റാണയുടെ മൊഴിയായി പറയുന്നുമുണ്ട്. യെസ് ബാങ്ക് എംഡി റാണാ കപൂർ കള്ളപ്പണം വെളുപ്പിച്ചുണ്ടാക്കിയ പണമാണ് ഇത്തരത്തിൽ പലയിടത്തും നിക്ഷേപിച്ചത് എന്നും അതുകൊണ്ട് ഈ പെയിന്റിങ്ങും തൊണ്ടിമുതലായി കണക്കാക്കണം എന്നായിരുന്നു പരാതി.
പ്രിയങ്കാ ഗാന്ധിയുടെ കയ്യിൽ നിന്ന് ഈ ചിത്രം റാണാ കപൂർ വാങ്ങിയതിനെ വിജയ് മല്ല്യയ്ക്ക് സോണിയ ഗാന്ധിയുമായും, മന്മോഹൻ സിങ്ങുമായും, ചിദംബരവുമായും ഒക്കെയുണ്ടായിരുന്ന അടുപ്പത്തോടും, രാഹുൽ ഗാന്ധി നീരവ് മോദിയുടെ ബ്രൈഡൽ ജൂവലറി കളക്ഷൻ ഉദ്ഘാടനം ചെയ്തതിനോടുമാണ് ബിജെപി ഐടി സെല്ലിന്റെ ദേശീയ മേധാവി അമിത് മാളവ്യ അടക്കം അന്ന് ആരോപിച്ചിരുന്നു.
കോൺഗ്രസ് രൂപീകരിക്കപ്പെട്ടതിന്റെ ശതാബ്ദി ആഘോഷവേളയിൽ എം എഫ് ഹുസ്സൈൻ വരച്ചതാണ് ഈ ഛായാചിത്രം. ഇതിന് വിലയിട്ടതും, പ്രിയങ്കാ ഗാന്ധിയുടെ പേരിൽ രണ്ടുകോടിയുടെ ചെക്ക് കൈപ്പറ്റിയതും അവരുടെ പ്രൈവറ്റ് സെക്രട്ടറിയാണ് എന്നാണ് പറയുന്നത്. ഇത്തരത്തിൽ നാല്പതിലധികം അമൂല്യമായ പെയ്ന്റിങ്ങുകളുടെ ഒരു ശേഖരം തന്നെ ഇപ്പോൾ യെസ് ബാങ്ക് തകർന്ന ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരിക്കുന്ന റാണാ കപൂറിന്റെ പക്കലുണ്ട്. ഇതോടെ സകല കള്ളപ്പണക്കാരുടെയും ഏജന്റായി പ്രവർത്തിക്കുന്നത് ഗാന്ധികുടുംബമാണെന്ന് ആരോപിച്ച്, ബിജെപി തങ്ങളുടെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ