ലണ്ടൻ: സ്‌കൂളിൽ വച്ച് അലർജി സംബന്ധമായ റിയാക്ഷനെ തുടർന്ന് ഇന്ത്യൻ വംശജനായ ബാലൻ മരിച്ച സംഭവത്തിൽ ഇതിന് ഉത്തരം പറയാൻ സ്‌കൂൾ അധികൃതർക്ക് മുകളിൽ സമ്മർദം രൂക്ഷമായി. വെസ്റ്റ്‌ലണ്ടനിലെ ഗ്രീൻഫോർഡിലുള്ള തന്റെ സ്‌കൂളിൽ വച്ചായിരുന്നു കരൺ ചീമ എന്ന 13കാരന് ഈ ദാരുണാന്ത്യം സംഭവിച്ചിരുന്നത്. വെണ്ണ അലർജിയായ കുട്ടിയെ കൂട്ടുകാർ നിർബന്ധിച്ച വെണ്ണ തീറ്റിച്ചതിനെ തുടർന്നുണ്ടായ അലർജി മൂലമാണ് കുട്ടി മരിച്ചിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് ഒരു സഹപാഠിയെ അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടിയുടെ അമ്മയും ലണ്ടനിൽ താമസിക്കുന്നയാളുമായ ചീമ നിയമപോരാട്ടം തുടരുകയാണ്.

കുട്ടിക്ക് അലർജിയുണ്ടെന്ന് മുൻകൂട്ടി അറിയാവുന്ന സ്‌കൂൾ അധികൃതർ സംഭവത്തിന് ശേഷം സഹായിക്കാനായി കരണിന്റെ അടുത്തേക്ക് ഓടിയെത്തിയെങ്കിലും ഫലമില്ലാതെ പോവുകയായിരുന്നു. തുടർന്ന് കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ സഹപാഠികൾ നിർബന്ധിച്ച് വെണ്ണ കഴിപ്പിക്കുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. വെണ്ണ കുട്ടിയുടെ മുഖത്ത് പറ്റിപ്പിടിച്ചിരുന്നുവെന്നാണ് മറ്റുള്ളവർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ കുട്ടിയുടെ തൊണ്ടയിൽ നിന്നും വെണ്ണ കലർന്ന ഭക്ഷണാവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നുവെന്നാണ് കരണിന്റെ അമ്മ ആരോപിക്കുന്നത്.

കൊലപാതകശ്രമം ആരോപിച്ചാണ് തുടർന്ന് കരണിന്റെ ഒരു സഹപാഠിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അലർജികളുണ്ടെങ്കിലും തന്റെ മകൻ സാധാരണ ജീവിതമാണ് നയിച്ചിരുന്നതെന്നും അവന് എങ്ങനെ മരണം സംഭവിച്ചുവെന്നും അധികൃതർ അത് വെളിപ്പെടുത്തണമെന്നും ഹൃദയവേദനയോടെ റീന ആവശ്യപ്പെടുന്നു. തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്‌കൂൾ അധികൃതർ മറച്ച് വയ്ക്കുകയാണെന്നാണ് പൊലീസിനോടും സി ഓഫ് ഇ സ്‌കൂൾ ആയ വില്യം പെർകിനോടും റീന പരാതിപ്പെട്ടിരിക്കുന്നത്. തന്റെ മകന്റെ ഗതികേട് ഇനിയൊരു കുട്ടിക്കും ഉണ്ടാകരുതെന്നും അതിനാൽ സ്‌കൂളുകളിൽ കുട്ടികൾക്കുണ്ടാകുന്ന അലർജികൾ കൈകാര്യം ചെയ്യുന്നതിനും ഉചിതമാച പരിഹാരം ഉടനടി എടുക്കുന്നതിനുമായി മെഡിക്കൽ പരിശീനം നേടിയ സ്റ്റാഫിനെ ഇതിനായി നിയമിക്കണമെന്നുമാണ് റീന ആവശ്യപ്പെട്ടിരിക്കുന്നത്.

താൻ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ രാവിലെ 11.30ന് തന്നെ സ്‌കുളിൽ നിന്നും വിളിച്ചതിനെ തുടർന്ന് സ്‌കൂളിൽ കുതിച്ചെത്തിയത്തുകയായിരുന്നു റീന. മകനെ ട്രോളിയിൽ ഉന്തി ആംബുലൻസിനടുത്തേക്ക് കൊണ്ടു പോകുന്നതായിരുന്നു താൻ കണ്ടതെന്നും ഈ അമ്മ ദുഃഖത്തോടെ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് കുട്ടിയെ നോർത്ത് പാർക്ക് ഹോസ്പിറ്റലിലാണെത്തിച്ചിരുന്നത്. പിന്നീട് ഗ്രേറ്റ് ഒസ്മണ്ട് ഹോസ്പിററലിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഇന്റൻസീവ് കെയർ യൂണിറ്റിൽ വച്ചായിരുന്നു കരൺ അധികം വൈകാതെ മരിച്ചത്. മകന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് തന്നെ ഇനിയും അറിയിച്ചിട്ടില്ലെന്നാണ് റീന ആരോപിക്കുന്നത്. തനിക്ക് വെണ്ണ അലർജിയുള്ള കാര്യം ആരോടും തുറന്ന് സമ്മതിക്കാൻ കരണിന് യാതൊരു മടിയുമില്ലെന്നും അതിനാൽ അവനെ ആരോ നിർബന്ധിച്ച് കഴിപ്പിച്ചതിനെ തുടർന്നാവും മരണം സംഭവിച്ചിരിക്കുകയെന്നും റീന ഉറച്ച് വിശ്വസിക്കുന്നു.

മകൻ രാവിലെ പുറപ്പെട്ട് ഗുഡ് ബൈ പറഞ്ഞ് സ്‌കൂളിലേക്ക് പോകുമ്പോൾ അത് അവസാന ഗുഡ് ബൈ ആയിരിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നാണ് ഹൃദയം പൊട്ടുന്ന വേദനയോടെ ഈ അമ്മ പറയുന്നത്.അമ്മയ്ക്കും മുത്തച്ഛനുമൊപ്പം വെസ്റ്റ് ലണ്ടനിലെ പെറിവാലെയിലാണ് കരൺ താമസിച്ചിരുന്നത്. കുട്ടിക്ക് ആറ് മാസം പ്രായമുള്ളപ്പോൾ പിതാവ് വീട് വിട്ട് പോവുകയായിരുന്നു. തുടർന്ന് മാസത്തിൽ രണ്ട് മണിക്കൂർ മാത്രമാണ് കുട്ടി അച്ഛനൊപ്പം ചെലവഴിച്ച് വന്നിരുന്നത്.