- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ഇവിടെയുള്ളപ്പോൾ പുതിയവർ ഷൈൻ ചെയ്യേണ്ടെന്ന് പഴയ പെട്രോൾ പമ്പുടമകൾ; പുതിയ പമ്പുകൾക്ക് അനുമതി നൽകി ഒരുവർഷം പിന്നിട്ടപ്പോൾ ഒറ്റയടിക്ക് ഇരുട്ടടി നൽകുന്ന നിയമവുമായി പിഡബ്ല്യുഡിയും മലിനീകരണ നിയന്ത്രണ ബോർഡും; പുതിയ നിയമം പഴയ പമ്പുടമകളെ സുഖിപ്പിക്കാനെന്ന് ആരോപണം
തിരുവനന്തപുരം: പുതിയ പെട്രോൾ പമ്പുകൾക്ക് വിചിത്രമായ വാദങ്ങൾ നിരത്തി സർക്കാർ എൻഒസി നൽകുന്നില്ലെന്ന പരാതിയുമായി അപേക്ഷകർ രംഗത്ത്. നിലവിൽ പെട്രോൾ പമ്പുകൾ ഉള്ളവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ എൻഒസി നൽകാൻ വിമുഖത കാണിക്കുന്നതെന്നാണ് ആരോപണം. ഇതുമൂലം പെട്രോൾ പമ്പുകൾ ആരംഭിക്കാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയ നിരവധി സംരംഭകർ പ്രതിസന്ധിയിലാണ്.
പമ്പുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ പുതിയ പമ്പുകൾ തടയാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നാണ് ഇവർ ആരോപിക്കുന്നത്. 2018 നവംബർ 24 മുതൽ ഡിസംബർ 24 വരെയായിരുന്നു പൊതുമേഖലാ പെട്രോൾ പമ്പുകൾക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവരിൽ നിന്നും അന്നത്തെ നിയമമനുസരിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുള്ളവർക്ക് ബിഡ് ചെയ്യാനുള്ള അനുമതി നൽകി. ഉയർന്ന ബിഡ് നടത്തിയിട്ടുള്ളവർക്ക് പെട്രോൾ പമ്പുകൾ അനുവദിച്ചു. അതിന് ശേഷം സ്ഥലം ഇല്ലാത്തവർക്ക് സ്ഥലം ഏറ്റെടുക്കാൻ ആറ് മാസത്തെ സമയം നൽകി.
അങ്ങനെയിരിക്കുമ്പോഴാണ് പൊതുമരാമത്ത് വകുപ്പ് 2019 നവംബറിൽ പുതിയ നിയമം കൊണ്ടുവരുന്നത്. എന്നാൽ പുതിയ നിയമം വരുമ്പോൾ അത് സംബന്ധിച്ച വ്യക്തത പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്കോ ഡീലേഴ്സിനോ എണ്ണകമ്പനികൾക്കോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നിയമം വന്നശേഷവും എണ്ണക്കമ്പനികൾ ലെറ്റർ ഓഫ് ഇൻഡന്റ് എല്ലാവർക്കും വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപ ലൈസൻസ് ഫീസിൽ 50000 രൂപ സർക്കാരിലേയ്ക്ക് അടച്ചശേഷമാണ് ലെറ്റർ ഓഫ് ഇൻഡന്റ് ലഭിക്കുന്നത്. അതിന് ശേഷം 2020 ഫെബ്രുവരി 10-ാം തീയതി നിയമങ്ങളിൽ ചില മാറ്റങ്ങൾ വന്നു. ദേശീയ പാതാ അഥോറിറ്റിയുടെ നിയമം സംസ്ഥാന പാതകൾക്കും പിഡബ്ല്യുഡി പാതകൾക്കും ബാധകമാണെന്നായിരുന്നു ആ നിയമം.
പുതിയ നിയമപ്രകാരം റൂറൽ പ്രദേശങ്ങളിൽ 35 മീറ്റർ ഫ്രണ്ടേജും 35 മീറ്റർ ഡെപ്തും ഉണ്ടെങ്കിൽ മാത്രമെ പമ്പ് അനുവദിക്കുകയുള്ളു. മാത്രമല്ല 300 മീറ്റർ ചുറ്റളവിൽ ബൈറോഡുകൾ വരുകയാണെങ്കിൽ ആ റോഡുകളുടെ വീതി മൂന്നര മീറ്ററിൽ താഴെയായിരിക്കണം. അർബൻ ഏരിയയിൽ ആണെങ്കിൽ പമ്പിന്റെ ഫ്രണ്ടേജും ഡെപ്തും 30ഃ30 ഉം ബൈറോഡിന്റെ അകലം 100 മീറ്ററുമാണ്. എന്നാൽ ഒരുവർഷം മുമ്പ് എണ്ണക്കമ്പനികൾ അനുമതി നൽകിയ പെട്രോൾ പമ്പുകൾക്ക് വേണ്ടി അപേക്ഷകർ സ്ഥലം വാങ്ങുകയും അനുമതികൾക്കായി ഫീസടക്കം അടയ്ക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. കടം വാങ്ങിയും ലോണെടുത്തും പുതിയ സംരംഭത്തിനായി ഇറങ്ങിത്തിരിച്ച അവരുടെ പ്രതീക്ഷകളെ ഇരുട്ടിലാക്കിക്കൊണ്ടാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഈ നിയമങ്ങൾ കൊണ്ട് നിലവിൽ പമ്പിന് വേണ്ടി സ്ഥലം വാങ്ങിച്ചവർക്കും ലീസിന് എടുത്തവർക്കും പിഡബ്ല്യൂഡി ഇരുട്ടടി നൽകിയപ്പോൾ പമ്പിൽ നിന്നും വീടുകളിലേയ്ക്കുള്ള അകലം ഏഴ് മീറ്ററിൽ നിന്നും ഒറ്റയടിക്ക് 50 മീറ്ററാക്കി വർദ്ധിപ്പിച്ച് മലിനീകരണനിയന്ത്രണബോർഡും സംരംഭകരെ പ്രഹരിച്ചു.
റെയിൽവേ ഗേറ്റിൽ നിന്നും 300 മീറ്റർ ചുറ്റളവിനുള്ളിൽ പമ്പുകൾ പാടില്ലെന്നായിരുന്നു പഴയ നിയമം. എന്നാൽ അത് ഒറ്റയടിക്ക് ഒരു കിലോമീറ്ററാക്കി വർദ്ധിപ്പിച്ചു. ഒറ്റയടിക്ക് ഇത്രയധികം വ്യവസ്ഥകളിൽ മാറ്റം കൊണ്ടുവരുന്നത് നിലവിലെ പമ്പുടമകളുടെ സമ്മർദ്ദം മൂലം പുതിയ പെട്രോൾ പമ്പുകൾ വരുന്നത് തടയാനാണെന്ന് സംരംഭകർ ആരോപിക്കുന്നു. പമ്പുകൾക്ക് അപേക്ഷ ക്ഷണിക്കുന്നതിന് മുമ്പ് ഈ നിയമങ്ങൾ കൊണ്ടുവന്നിരുന്നെങ്കിലും നിരവധിപേർക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നു. പമ്പുകൾക്ക് അനുമതി കിട്ടിയവർ ഏറ്റവും കുറഞ്ഞത് മൂന്ന് ലക്ഷം രൂപയെങ്കിലും വിവിധ അനുമതികളുടെ ഫീസ് ഇനത്തിൽ സർക്കാരിലേയ്ക്ക് അടച്ചിട്ടുണ്ട്. പമ്പിന് വേണ്ടി ഭൂമി വാടകയ്ക്കും ലീസിനും എടുത്തിട്ടുള്ളവർക്ക് ആ ഇനത്തിൽ നഷ്ടപ്പെട്ടിട്ടുള്ള പണം വേറെ.
2018 ൽ അനുമതി ലഭിച്ച പമ്പുകളിൽ പത്തിൽ താഴെ പമ്പുകൾക്ക് മാത്രമാണ് ഇതുവരെ പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടുള്ളത്. അഞ്ഞൂറിലധികം പമ്പുകൾ പിഡബ്ല്യുഡിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ പുതിയ വ്യവസ്ഥകൾക്കെതിരെ കോടതിയിൽ കേസ് നടത്തുകയാണ്. മുന്നൂറോളം പേർ സമ്മർദ്ദം സഹിക്കാനാകാതെ പ്രോജക്ട് ഉപേക്ഷിച്ചുപോയതായി അവർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ദേശീയപാതകളിൽ മാത്രമാണ് ദൂരപരിധി നിയമങ്ങൾ ബാധകമായിരിക്കുന്നത്. എന്നാൽ പെട്രോൾ പമ്പ് അസോസിയേഷന്റെ നിർബന്ധത്തെ തുടർന്ന് സംസ്ഥാന പാതകൾക്കും പിഡബ്ല്യുഡി റോഡുകൾക്കുമെല്ലാം ഈ നിയമങ്ങൾ ബാധകമാക്കിയിരിക്കുകയാണ് കേരളം.
ആയിരക്കണക്കിന് യുവാക്കളുടെ തൊഴിൽ അവസരങ്ങളും ഈ പമ്പുകൾ വൈകുന്നതോടെ നഷ്ടമാവുകയാണ്. പുതിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ആവശ്യമുന്നയിക്കാനാണ് പരാതിക്കാരുടെ ശ്രമം. വകുപ്പിന് പറ്റിയ പിഴവുകൾ തിരുത്തി മുന്നോട്ടുപോകാൻ റിയാസിന് കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.