തിരുവനന്തപുരം: ആരും അറിയാത്ത അഭിഭാഷകനായിരുന്നു സൗമ്യ വധക്കേസിന് മുമ്പ് വരെ ആളൂർ. ഗോവിന്ദചാമിയുടെ വധശിക്ഷ, സുപ്രീംകോടതിയിൽ പോയി ജീവപര്യന്തം ആക്കി കുറച്ചതോടെ ആളൂർ താരമായി. ആരും എടുക്കാത്ത കേസുകളെടുത്ത് വിജയിപ്പിക്കുന്ന അഡ്വക്കേറ്റാണിത്. അതിനിടെ ഗോവിന്ദചാമിക്ക് പിന്നിലുള്ളത് മയക്കുമരുന്ന്-ഭിക്ഷാടന മാഫിയയാണെന്ന് തുറന്നു പറഞ്ഞും ആളൂർ താരമായി. അതിനിടെ മറ്റൊരു പ്രമുഖ കേസിൽ കൂടി കേരളാ പൊലീസിന് തലവേദനയാകാൻ ആളൂരെത്തുന്നു.

എ.ടി.എം. കവർച്ചക്കേസിലെ പ്രതി റുമാനിയൻ സ്വദേശി ഗബ്രിയേൽമരിയനുവേണ്ടി അഭിഭാഷകനായ ബി.എ.ആളൂർ ഹാജരായി. പ്രതിക്കുവേണ്ടി ഹാജരായ ആളൂർ ജാമ്യഹർജിയും നൽകി. ജാമ്യഹർജിയിൽ വ്യാഴാഴ്ച കോടതി വാദംകേൾക്കും. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകനാണ് ആളൂർ. ജിഷ വധക്കേസിലെ പ്രതി അമറുൾ ഇസ്ലാമിനുവേണ്ടിയും ഇദ്ദേഹം ഹാജരായിരുന്നു. മുമ്പ് ഹൈടെക് മോഷ്ടാവ് ബണ്ടിചോറിനുവേണ്ടി ഹാജരാകാൻ ആളൂർ തിരുവനന്തപുരത്തെ കോടതിയിൽ എത്തിയിരുന്നു.

തിരുവനന്തപുരത്തെ അഭിഭാഷകരുടെ പ്രതിഷേധത്തെത്തുടർന്ന് ബണ്ടിചോറിനുവേണ്ടി ഹാജരാകാതെ ആളൂർ മടങ്ങിയിരുന്നു. ആ പഴയ ആളൂരല്ല ഇന്ന്. ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്ന പ്രധാനിയാണ്. അതുകൊണ്ട് തന്നെ എടിഎം കവർച്ചയിലെ ആളൂരിന്റെ സാന്നിധ്യവും വിചാരണയ്ക്ക് പ്രധാന്യം കൂട്ടും. കേരളാ പൊലീസ് ഏറെ പ്രാധാന്യത്തോടെ കാണുന്ന കേസാണ് ഇത്. അതിൽ ആളൂർ പ്രതിക്കായി എത്തുമ്പോൾ പൊലീസ് കരുതലും കൂട്ടും.

ഗബ്രിയേലിനെ കൂടാതെ ക്രിസ്ത്യൻ വിക്ടർ കോൺസ്റ്റാന്റിൽ, ബോഗ്ദീൻ ഫ്‌ളോറിയൻ എന്നീ റുമാനിയക്കാരാണ് കേസിലെ മറ്റ് പ്രതികൾ. എ.ടി.എം. കൗണ്ടറുകളിൽ ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ഉപഭോക്താക്കളുടെ കാർഡ് വിവരം ശേഖരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.