മുംബൈ: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണെന്ന ആവശ്യം ശക്തമായി ഉയരുന്ന സമയമാണിപ്പോൾ. ഇതുമായി ബന്ധപ്പെട്ട് കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ് താനും. എന്തായാലും സ്ത്രീകളുടെ ക്ഷേത്രപ്രവേശന ആവശ്യം ശക്തമായി ഉയരുന്നതിനിടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ച് ബോംബൈ ഹൈക്കോടതിയുടെ വിധിയും. എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.

ആരാധനാലയങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് വിലക്കുന്ന നിയമമൊന്നും രാജ്യത്ത് നിലവില്ല. അത്തരത്തിൽ വിലക്കുകൾ ഏർപ്പെടുത്തുന്നവർക്ക് ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കുമെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.എച്ച് വഘേല, എം.എസ് സോണക് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർണായക നിരീക്ഷണം. ഈ വിധിയോടെ രാജ്യത്ത് ഒട്ടാകെ സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമായ ക്ഷേത്രങ്ങളിൽ പ്രവേശിക്കാമെന്ന് വനിതാ ഭക്തരുടെ ആഗ്രഹം സഫലമായേക്കും.

മഹാരാഷ്ട്രയിലെ ഷാനി ഷിഗ്‌നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് അഭിഭാഷകയായ നീലിമ വർതക്, സാമൂഹ്യപ്രവർത്തകയായ വിദ്യാബാൽ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം വിലക്കുന്നത് നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഹർജി സമർപ്പിച്ചത്.

പുരുഷന് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൂടായെന്ന് കോടതി ആരാഞ്ഞു. 1956ലെ മഹാരാഷ്ട്ര ഹിന്ദു പ്ലേസ് ഓഫ് വർഷിപ്പ് ആക്റ്റ് പ്രകാരം ഇത്തരം വിലക്കുകൾ ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വ്യക്തമാക്കി. ഈ ആക്റ്റിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ശബരിമലയിലെ ക്ഷേത്രപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് അടുത്തിടെ ആർഎസ്എസ് അടക്കമുള്ള സംഘടനകൾ സ്വീകരിച്ചിരുന്നത്. രാജ്യത്താകമാനം അമ്പലങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കേണ്ടതാണെന്നും എന്നാൽ പ്രക്ഷോഭങ്ങളിലൂടെയല്ലെന്നും ചർച്ചകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയും വേണം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകേണ്ടതെന്നുമാണ് ആർഎസ്എസ് നിലപാട്. ഈ നിലപാടിന് പിന്നാലെയാണ് ഇപ്പോൾ കോടതി വിധിയും ഉണ്ടായിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമ തീർപ്പ് തന്നെയാകും നിർണ്ണായകമാകുക എന്നത് ഉറപ്പാണ്.