ഡബ്ലിൻ: പതിനഞ്ചു വർഷത്തിനു ശേഷം അയർലണ്ടിലുള്ളവരെല്ലാം പൊണ്ണത്തടിയന്മാരായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 2030 ആകുമ്പോഴേയ്ക്കും നിലവിലുള്ളതിനെക്കാൾ 89 ശതമാം പുരുഷന്മാരും 85 ശതമാനം സ്ത്രീകളും  അമിതഭാരമുള്ളവരായി മാറുമെന്നാണ് ഡബ്ല്യൂഎച്ച്ഒ കണ്ടെത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ ഈ കണ്ടെത്തൽ അമിത ഭാരമുള്ള ആൾക്കാരുള്ള 53 രാജ്യങ്ങളുടെ ലിസ്റ്റിൽ അയർലണ്ടിനെ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ്. പൊണ്ണത്തടിയുടെ കാര്യത്തിൽ അയർലണ്ടിനൊപ്പം നിൽക്കുക ഉസ്‌ബെക്കിസ്ഥാൻ മാത്രമായിരിക്കും. സ്ത്രീകളുടെ കാര്യം മാത്രം എടുക്കുകയാണെങ്കിൽ ബൾഗേറിയ, ബെൽജിയം എന്നീ രാജ്യങ്ങൾ മുമ്പന്തിയിൽ വരും.

പൊണ്ണത്തടിയുടെ കാര്യം മാത്രമെടുക്കുകയാണെങ്കിൽ ഐറീഷ് സ്ത്രീകളിൽ 23 ശതമാനത്തിൽ നിന്ന് 57 ശതമാനത്തിലേക്ക് കുതിച്ചുചാട്ടമാണ് 2030-ഓടെ രേഖപ്പെടുത്തുക. ഐറീഷ് പുരുഷന്മാരിൽ ഇത് 26 ശതമാനത്തിൽ നിന്ന് 48 ശതമാനത്തിലേക്ക് വർധിക്കും.
യൂറോപ്പിലാകമാനം പൊണ്ണത്തടിയും അമിതവണ്ണവും അടിക്കടി വർധിച്ചുവരികയാണെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നത്. ഇതിൽ അയർലണ്ടിലെ സ്ഥിതി ഏറ്റവും മോശകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 15 വർഷത്തിനു ശേഷം ഇത് രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നമായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

യുകെയിൽ 73 ശതമാനം പുരുഷന്മാരും 63 ശതമാനം സ്ത്രീകളും അമിത വണ്ണത്തിന്റെ പിടിയിലാകുമെന്നാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.