- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളൂർ പീഡനക്കേസിൽ പൊലീസ് പ്രതിയെ സഹായിക്കുന്നു; തനിക്കും ഇരയായ പെൺകുട്ടിക്കും ഭീഷണിയെന്ന് മയൂഖ ജോണി
തൃശ്ശൂർ: ആളൂർ പീഡനക്കേസിൽ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് ഒളിമ്പ്യൻ മയൂഖ ജോണി. തനിക്കും ഇരയായ പെൺകുട്ടിക്കും ഭീഷണി നിലനിൽക്കുന്നതായും അവർ ആരോപിച്ചു.
'ആളൂർ പീഡനക്കേസ്സിലെ പ്രതിയായ സി.സി. ജോൺസന്റെ മുൻകൂർ ജാമ്യം കേരളാ ഹൈക്കോടതി തള്ളിയതു മുതൽ ഇരയായ പെൺകുട്ടിയെയും പെൺകുട്ടിക്കൊപ്പം നിന്നു എന്ന കാരണത്താൽ എനിക്കെതിരെയും ഭീഷണികളും വ്യാജ കേസുകളും നൽകി പീഡിപ്പിക്കുകയാണ് പ്രതിയുടെ കൂട്ടാളികൾ'- മയൂഖ പറഞ്ഞു.
ഭീഷണികൾ ഉണ്ടായ ഓരോ സന്ദർഭത്തിലും ലോക്കൽ പൊലീസിനെ പരാതികൾ മുഖേന സമീപിച്ചിട്ടും അവയിൽ മൊഴികൾ രേഖപ്പെടുത്താനോ കേസ് രജിസ്റ്റർ ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ല. കേസിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ അപായപ്പെടുത്തുമെന്ന ഭീഷണി കോൾ വന്നതു സംബന്ധിച്ച് പരാതിപ്പെട്ട ഇരയായ പെൺകുട്ടിയോട് സ്റ്റേഷനിൽ എത്തി നേരിട്ട് മൊഴി നൽകണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു'.
അതു പ്രകാരം സ്റ്റേഷനിലെത്തിയ പെൺകട്ടിയെയും ഭർത്താവിനെയും ആളൂർ പൊലീസ് എസ്പി പൂങ്കുഴലി കുറച്ച് ദിവസം കഴിഞ്ഞേ മൊഴി സ്വീകരിക്കാൻ കഴിയൂവെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പ്രതിയെ സഹായിക്കുന്ന ഈ നടപടിക്കെതിരെ പെൺകുട്ടി കേരളാ ഡി.ജി.പി, അഡീഷണൽ ഡി.ജി.പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. കൂടാതെ പെൺകുട്ടിയുടെ ഭർത്താവിന്റെ സഹോദരിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും മയൂഖ പറഞ്ഞു.
വധഭീഷണി ലഭിച്ചതിനെ തുടർന്ന് ഒളിമ്പ്യൻ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നൽകാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ യോഗ തീരുമാനിച്ചിരുന്നു. സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മയൂഖ ജോണി വാർത്താസമ്മേളനം നടത്തിയതിനെ തുടർന്ന് വധഭീഷണി ലഭിച്ച സാഹചര്യത്തിലാണ് ബി കാറ്റഗറി യിലുള്ള സംരക്ഷണം നൽകാൻ തീരുമാനിച്ചത്. ഭീഷണികത്ത് അയച്ച വ്യക്തിക്കെതിരെ ആളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഏകദേശം അഞ്ച് വർഷം മുമ്പ് ഒളിമ്പ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതായും, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ചുമാണ് മയൂഖ ജോണി പത്രസമ്മേളനം നടത്തിയത്. തുടർന്ന് ആളൂർ പൊലീസ് ക്രൈം രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു.