ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരൈ ആരോപണവുമായി ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അൽപേഷ് ഠാക്കൂർ. മോദിക്ക് വെളുത്തനിറം ലഭിക്കാൻ കാരണം എൺപതിനായിരം രൂപ വില വരുന്ന കൂൺ കഴിക്കുന്നതാണെന്ന് അൽപേഷ് ഠാക്കൂർ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. അൽപേഷിന്റെ പ്രസംഗം വാർത്താ ഏജൻസിയായ എഎൻ ഐ പുറത്തുവിട്ടിട്ടുണ്ട്

മോദി കഴിക്കുന്നത് നിങ്ങൾക്ക് കഴിക്കാൻ സാധിക്കില്ലെന്ന് എന്നോട് ഒരാൾ പറഞ്ഞു എന്ന് പറഞ്ഞാണ് അൽപേഷിന്റെ പ്രസംഗത്തിന്റെ വീഡിയോ ആംരംഭിക്കുന്നത്. മോദി കഴിക്കുന്ന ഭക്ഷണം നിങ്ങൾക്ക് കഴിക്കാൻ സാധിക്കില്ല. കാരണം അത് പാവങ്ങൾക്കു വേണ്ടിയുള്ള ഭക്ഷണമല്ല- അൽപേഷ് പറഞ്ഞു.

തായ്വാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കൂൺ ആണ് മോദിജി കഴിക്കുന്നത്. ഒരു കൂണിന് എൺപതിനായിരം രൂപയാണ് വില. അഞ്ച് കൂണുകളാണ് അദ്ദേഹം ഒരുദിവസം കഴിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം മുതൽ അദ്ദേഹം ഇറക്കുമതി ചെയ്യുന്ന കൂൺ കഴിക്കുന്നുണ്ടെന്നും അൽപേഷ് കൂട്ടിച്ചേർത്തു.

അദ്ദേഹത്തിനും എന്നെപ്പോലെ കറുത്തനിറമായിരുന്നു. എന്നാൽ ഇറക്കുമതി ചെയ്ത കൂൺ കഴിച്ചതോടെ അദ്ദേഹത്തിന് നിറംവച്ചെന്നും അദ്ദേഹം പറഞ്ഞു. ഒ ബി സി സമുദായ നേതാവായിരുന്ന അൽപേഷ് തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ ചേർന്നിരുന്നു. പത്താൻ ജില്ലയിലെ രാധൻപുർ മണ്ഡലത്തിൽനിന്നാണ് അൽപേഷ് ജനവിധി തേടുന്നത്.