കോട്ടയം: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെ എൻഎസ്എസ് അനുവദിച്ചില്ല. ബിഷപ്പുമാരേയും ശിവഗിരി മഠത്തിലെ സന്യാസിമാരേയും പാളയം ഇമാമിനേയും കണ്ട അൽഫോൻസ് കണ്ണന്താനത്തിനോട് മുഖം തിരിക്കുന്ന സമീപിനമാണ് എൻഎസ് എടുത്തത്. എൻ.എസ്.എസുമായി അടുക്കാനുള്ള ബിജെപിയുടെ നീക്കാണ് പാളിയത്.

കേന്ദ്രമന്ത്രിയായശേഷം മറ്റെല്ലാ സമുദായനേതാക്കളെയും കഴിഞ്ഞദിവസങ്ങളിൽ കാണാൻ കഴിഞ്ഞ അൽഫോൻസ് കണ്ണന്താനത്തിന് എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിക്കാൻ അനുമതി നിഷേധിക്കുകയായിരുന്നു. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ സ്ഥലത്തില്ലാത്തതിനാൽ സന്ദർശനം ഒഴിവാക്കണമെന്ന് എൻ.എസ്.എസ്. അധികൃതർ കണ്ണന്താനത്തോട് ആവശ്യപ്പെടുകയായിരുന്നെന്നാണു ബിജെപി. നേതാക്കളുടെ ന്യായീകരണം. നേരത്തെ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനോടും സുരേഷ് ഗോപിയോടുമെല്ലാം എൻഎസ് എസ് എടുത്ത നിലപാട് ചർച്ചയായിരുന്നു. പിപി മുകുന്ദനേയും പിഎസ് ശ്രീധരൻപിള്ളയേയും ഒഴികെ ഒരു ബിജെപി നേതാവിനേയും എൻഎസ്എസ് അടുപ്പിക്കുന്നില്ലായിരുന്നു.

എസ് എൻ ഡി പി യോഗത്തിന്റെ ബിഡിജെഎസുമായി അടുത്തതോടെയാണ് ബിജെപിയും എൻഎസ്എസും തമ്മിലെ അകലം കൂടിയത്. സുരേഷ് ഗോപിയെ യോഗ സ്ഥലത്ത് നിന്ന് ഇറക്കിവിട്ട സുകുമാരൻനായരുടെ നടപടി ഏറെ ചർച്ചായവുകയും ചെയ്തു. കുമ്മനത്തെ പാർട്ടി അധ്യക്ഷനാക്കിയതും എൻഎസ്എസിനെ അനുനയിപ്പിക്കാനാണ് എന്നാൽ അതൊന്നും ഫലം കണ്ടില്ല. കേന്ദ്രമന്ത്രിയായെത്തിയ കണ്ണന്താനത്തെ അപമാനിച്ചതിന് തുല്യമാണ് മന്നം സമാധിയിൽ പുഷ്പാർച്ച നടത്താൻ അനുവദിക്കാത്തത്. എന്നാൽ ഇതിൽ അസ്വാഭാവികമായൊന്നുമില്ലെന്ന് ബിജെപി പറയുന്നു.

സാധാരണഗതിയിൽ ജനറൽ സെക്രട്ടറി സ്ഥലത്തില്ലെങ്കിലും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ വി.ഐ.പികൾക്കു തടസമുണ്ടാകാറില്ല. അതിനും കണ്ണന്താനം മുതിരാതിരുന്നതു പെരുന്നയിൽ ബിജെപി. നേതാക്കൾക്കുള്ള അപ്രഖ്യാപിതവിലക്ക് തുടരുന്നതിന്റെ സൂചനയാണ്. ജനറൽ സെക്രട്ടറിയോടു പാർട്ടിയല്ല, കേന്ദ്രമന്ത്രി നേരിട്ടാണ് അനുമതി തേടിയതെന്നും ബിജെപി. നേതാക്കൾ പറയുന്നു. എന്നാൽ, കണ്ണന്താനം സന്ദർശനാനുമതി തേടിയ ദിവസങ്ങളിൽ സുകുമാരൻനായർ ചങ്ങനാശേരിയിൽതന്നെ ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറിക്കു സുഖമില്ലാത്തതിനാലാണു കേന്ദ്രമന്ത്രിക്കു സന്ദർശനാനുമതി നിഷേധിച്ചതെന്നാണ് എൻ.എസ്.എസിന്റെ വിശദീകരണം.

സുരേഷ് ഗോപി എൻ.എസ്.എസ്. ആസ്ഥാനത്ത് എത്തിയപ്പോഴും സമുദായനേതൃത്വം രൂക്ഷമായി പ്രതികരിച്ചിരുന്നു. പെരുന്നയിൽ എൻ.എസ്.എസിന്റെ ബജറ്റ് സമ്മേളനത്തിനിടെ സുരേഷ് ഗോപി എത്തിയതാണു നേതൃത്വത്തെ ചൊടിപ്പിച്ചത്. മുൻകൂർ അനുമതിയില്ലാതെ സുരേഷ് ഗോപി എത്തിയതു ശരിയായില്ലെന്നാണു സുകുമാരൻനായർ തുറന്നടിച്ചത്. എംപിയായശേഷം സുരേഷ് ഗോപി പെരുന്നയിലെത്താൻ ശ്രമം നടത്തിയെങ്കിലും എൻ.എസ്.എസ്. നേതൃത്വത്തിൽനിന്നു തണുത്ത പ്രതികരണമായിരുന്നു. ബിജെപി അധ്യക്ഷനായെത്തിയ കുമ്മനത്തേയും എൻഎസ്എസ് സ്വീകരിച്ചിരുന്നില്ല.