കോട്ടയം: മതംമാറ്റത്തിനെതിരെ പ്രത്യേകിച്ച, ഹൈന്ദവ പെൺകുട്ടികളെ മറ്റ് മതങ്ങളിലേക്ക് മാറ്റുന്നതിനെതിരെ അടിമുടി എതിർപ്പുമായി രംഗത്തെത്തുന്നവരാണ് ബിജെപിക്കാർ. കേരളത്തിൽ ഇപ്പോഴുള്ള ഹാദിയ വിഷയത്തെ ദേശീയ തലത്തിൽ ലൗ ജിഹാദ് കേസായി നിലനിർത്തി കൊണ്ടുപോകാൻ വളരെ ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതൊക്കെയാണ് കേരളത്തിലെ സാഹചര്യം എന്നിരിക്കേയാണ് കേരളത്തിൽ നിന്നും ബിജെപി ഒരു കേന്ദ്രമന്ത്രിയെ നിയമിച്ചത്. കത്തോലിക്കാ വിശ്വാസിയായ അൽഫോൻസ് കണ്ണന്താനത്തിനായിരുന്നു മോദിയുടെ നറുക്കു വീണത്. ഇതോടെ സോഷ്യൽ മീഡിയയിൽ പല വിധത്തിലുള്ള ചർച്ചകളായി കണ്ണന്താനത്തിലൂടെ ക്രൈസ്തവ വോട്ടുകളാണ് ബിജെപി ലക്ഷ്യം വെച്ചതെന്നും വാർത്തകളെത്തി. എന്തായാലും, ഇതിനിടെ അദ്ദേഹത്തിന്റെ മകന്റെ വിവാഹ വാർത്തയും സോഷ്യൽ മീഡിയയിലൂടെ ചിലർ കുത്തിപ്പൊക്കി.

കത്തോലിക്കനായ കണ്ണന്താനത്തിന്റെ മകൻ വിവാഹം കഴിച്ചത് ഹിന്ദു പെൺകുട്ടിയെ ആയിരുന്നു. കോട്ടയം കത്തീഡ്രലിൽ വെച്ച് നടന്ന വിവാഹത്തിനായി ഇപ്പോഴത്തെ മന്ത്രി ഹിന്ദു പെൺകുട്ടിയെ മതം മാറ്റിയോ എന്ന സംശയമാണ് ഉന്നയിച്ചത്. അല്ലെങ്കിൽ മകന്റെ വിവാഹത്തിന് വേണ്ടി ബിജെപി നേതാവിന് മുമ്പിൽ സഭാ നേതൃത്വം നിയമങ്ങൾ വളച്ചൊടിച്ചോ എന്ന ചോദ്യവും വീണ്ടും ഉയരുകയാണ്. രണ്ട് വർഷം മുമ്പായിരുന്നു സീറോ മലബാർ വിശ്വാസിയായ അൽഫോൻസ്് കണ്ണന്താനത്തിന്റെ മകൻ ആകാശിന്റെ വിവാഹം. ഹിന്ദു ബ്രാഹ്മണ പെൺകുട്ടിയെ ആണ് ആകാശ് വിവാഹം കഴിച്ചത്. അന്ന് ഈ വിവാഹവുമായി ബന്ധപ്പെട്ട് മറുനാടൻ എഴുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിപ്പിക്കപ്പെടുന്നത്.

സീറോ മലബാർ വിശ്വാസിയായ ഒരാളുടെ വിവാഹം പള്ളിയിൽ വച്ച് നടക്കണമെങ്കിൽ വധു ഏതെങ്കിലും ഒരു കത്തോലിക്ക വിഭാഗത്തിൽ പെട്ടയാൾ ആവണം. കത്തോലിക്കർ അല്ലാതെ അനുവദിക്കുന്നത് യാക്കോബായക്കാരുമായി മാത്രമാണ്. അതും മക്കളെ കത്തോലിക്ക വിശ്വാസത്തിൽ വളർത്താം എന്ന സമ്മത പ്രകാരം. അത് മാത്രം പോര, കുമ്പസാരിക്കൽ, പ്രാർത്ഥനാ ചൊല്ലൽ തുടങ്ങി ഒരുപാട് കടമ്പകൾ കടക്കണം പള്ളിയിൽ വച്ച് കല്ല്യാണം നടക്കാൻ. എന്നാൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ മകന്റെ വിവാഹം ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയെ കണ്ടെത്തിയായിരുന്നു. ഇത് കത്തീഡ്രൽ പള്ളിയിൽ വച്ച് രൂപത മെത്രാന്റെ മുഖ്യ കാർമ്മികത്വത്തിൽ അൽഫോൻസിന്റെ മകൻ ആകാശ് മിന്നുകെട്ടുകയും ചെയ്തു.

കത്തീഡ്രലിൽ വച്ച് രൂപതാധ്യക്ഷന്റെ കാർമ്മികത്വത്തിൽ കല്ല്യാണം നടക്കണമെങ്കിൽ പെൺകുട്ടിയെ മതം മാറ്റിയിരിക്കാം എന്നാണ് ആരോപണം ഉയരുന്നത്. അല്ലാതെ ഒരു കല്ല്യാണത്തിനായ് കത്തീഡ്രൽ തുറന്ന് കൊടുക്കുകയോ മെത്രാൻ കാർമ്മികനാവുകയോ ചെയ്താൽ സാധാരണ വിശ്വാസികൾക്ക് അത് അംഗീകരിക്കാൻ കഴിയുകയുമില്ല. ഇതു ഒരു കീഴ്‌വഴക്കമായി എടുത്ത് പലരും പ്രശ്നം ഉണ്ടാക്കാൻ ഇടയുണ്ട്. മാത്രമല്ല കത്തോലിക്ക നിയമം അനുസരിച്ച് ആ വിവാഹം അസാധുവുകയും ചെയ്യും.

അതുകൊണ്ടാണ് ആദർശ ശാലിയും ബിജെപി നേതാവുമായ അൽഫോൻസിന്റെ മകന് വേണ്ടി ഹിന്ദു പെൺകുട്ടിയെ മതം മാറ്റിച്ചതായ സംശയം ഉയരുന്നത്. എന്നാൽ അന്ന് വിവാദം ഉയർന്നപ്പോൾ ബ്രാഹ്മണാചാര പ്രകാരം മുംബൈയിൽ വച്ച് ആദ്യം വിവാഹം നടത്തുകയും ചെയത്ു.കെ ആർ നാരായണ സ്വാമി അച്ചരുടെയും ഭാവ നാരായണ സ്വാമിയുടെയും മകൾ ഭാവനയാണ് കണ്ണന്താനത്തിന്റെ മകന്റെ വധു. മകന്റെ വധുവിനെ ക്രിസ്ത്യാനിയായി അൽഫോൻസ് കണ്ണന്താനം മതം മാറ്റിയിട്ടില്ലെന്നാണ് അന്ന് പുറത്തുവന്ന വാദമെങ്കിൽ അടുത്ത ചോദ്യം പിന്നെ എങ്ങനെയാണ് കത്തോലിക്കാ ആചാര പ്രകാരം വിവാഹം നടത്്തിയതെന്നാണ്.

അതായത് പെൺകുട്ടിയുടെ മതം മാറ്റം ഇല്ലെങ്കിലും പള്ളിയിൽ ആശിർവദിക്കൽ നടത്താം. പക്ഷേ പിറക്കുന്ന കുട്ടികളെ ക്രൈസ്തവാചാര പ്രകാരം വളർത്താമെന്ന് എഴുതി നൽകണം. അങ്ങനെ എഴുതി നൽകിയോ എന്ന കാര്യത്തിലും ഉറപ്പില്ല. അതായത് പള്ളിയിൽ ആശിർവാദ ചടങ്ങ് നടത്താൻ കണ്ണന്താനം ഇത്തരത്തിൽ കത്തുകൊടുത്തിട്ടുണ്ടാകാം. എങ്കിലതും ആദർശവാദിയെന്ന് പറയുന്ന കണ്ണന്താനത്തെ പോലൊരാൾക്ക് ചേർന്നതല്ലെന്ന് വിമർശനം അന്നേ ഉയർന്നിരുന്നു.

സാമൂഹിക പ്രവർത്തനങ്ങൾക്കിടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് കണ്ണന്താനത്തിന്റെ മകൻ മിന്നു കെട്ടിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കത്തീഡ്രലിൽ കാഞ്ഞരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വിവാഹം ആശിർവദിക്കുകയും ചെയത്. എന്തായാലും കണ്ണന്താനം ബിജെപി മോദി മന്ത്രിസഭയിൽ മന്ത്രിയായതോടെ രാഷ്ട്രീയ എതിരാളികളും അവസരം നോക്കി നടക്കുകയാണ്. ഇതിനടെയാണ് കണ്ണന്താനത്തിന്റെ മകന്റെ വിവാഹ വാർത്തയും കുത്തിപ്പൊക്കിയത്.