ന്യൂഡൽഹി: കേരളത്തിന് ലഭിച്ച ഓണ സമ്മാനമാണ് അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച കേന്ദ്രമന്ത്രിസ്ഥാനം. സി.പി.എം രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തി ബിജെപി കൂടുതൽ അവസരങ്ങൾ നൽകിയപ്പോഴാണ് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായത്. ഒരു മലയാളി കേന്ദ്ര മന്ത്രിസഭയിൽ എത്തുന്നതുകൊണ്ട് തന്നെ ഏവരുടെയും പ്രതീക്ഷകളും ഏറെയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണന്താനത്തെ ദ്വീർഘകാല സുഹൃത്ത് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ദേശീയ വിഷയങ്ങളിൽ കേന്ദ്ര മന്ത്രി എന്ന നിലയിൽ സജീവമായി ഇടപെടുമ്പോൾ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാൻ അൽഫോൻസ് കണ്ണന്താനത്തിന് കഴിയട്ടെ എന്നും പിണറായി ആശംസിച്ചിരുന്നു.

എന്തായാലും കേരളാ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കേട്ടുകൊണ്ട് തന്നെയാണ് നിയുക്ത കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേകം പ്രാധാന്യം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ ടി വകുപ്പിന്റെ സ്വതന്ത്ര ചുമത കൂടി ഉള്ളതിനാൽ ഈ മേഖലയെ കുറിച്ചും അദ്ദേഹം വിശദമായ അഭിപ്രായം രേഖപ്പെടുത്തി. ഐടി മേഖലയിലെ കമ്പനികൾ ജോലിക്കാരെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ തൊഴിൽ സാഹചര്യത്തിന് മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രതികരണം. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയ്‌ക്കൊപ്പം ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനവും കണ്ണന്താനത്തിനു ലഭിച്ചിരുന്നു. കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വികസനത്തിന് മദ്യം വേണോ എന്നു തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന ബിജെപി ഘടകത്തിലെ പ്രശ്‌നങ്ങളെല്ലാം ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അൽഫോൻസ് കണ്ണന്താനം പ്രതികരിച്ചു

ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളിൽ പരിഹാരത്തിനു ശ്രമിക്കും. മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമാണെന്ന് സത്യപ്രതിജ്ഞയ്ക്കു മുൻപ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ചെറിയ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ വക്താവായി മന്ത്രിസഭയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

അൽഫോൻസ് കണ്ണന്താനത്തെ അപ്രതീക്ഷിതമായാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണിച്ചത്. ശക്തമായ സൂചനകൾ കേരളത്തിലെ ബിജെപിക്ക് ഇതിലൂടെ നൽകാൻ അമിത് ഷായും മോദിയും ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാന ഘടകത്തിലെ ചേരിപ്പോരു കാരണം പൊറുതിമുട്ടിയ കേന്ദ്രനേതൃത്വം വിഭാഗീയതയിൽ പങ്കാളിയല്ലാത്ത കണ്ണന്താനത്തെയാണ് കേരളത്തിന്റെ പ്രതിനിധിയാക്കിയത്. സംസ്ഥാനത്തെ ബിജെപി, ആർഎസ്എസ് നേതൃത്വങ്ങളുമായി ആലോചിക്കാതെയായിരുന്നു തീരുമാനം. ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കാൻ സമ്മർദം ചെലുത്തിയിരുന്നു.

ക്രൈസ്തവ ന്യൂനപക്ഷവുമായി അടുപ്പമുണ്ടാക്കാനുള്ള ബിജെപിയുടെ താൽപര്യത്തിന്റെ സൂചന കൂടിയാണു നിയമനം. സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള പദ്ധതികൾക്കു കണ്ണന്താനം മിഴിവും ബലവും നൽകുമെന്നു പാർട്ടി കരുതുന്നു. പത്താംക്ലാസ് പരീക്ഷയിൽ ജയിക്കാൻ 210 വേണ്ട സ്ഥാനത്ത് 252 മാർക്ക് വാങ്ങിയ വിദ്യാർത്ഥിയാണ് കണ്ണന്താനം. 1979 ല ഐഎഎസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടി. 1994 ൽ ടൈം മാസിക ലോകത്തിലെ ചെറുപ്പക്കാരായ നൂറു പ്രതിഭകളെ തിരഞ്ഞെടുത്തപ്പോൾ പട്ടികയിൽ ഇടംപിടിച്ച രണ്ട് ഇന്ത്യക്കാരിൽ ഒരാൾ. മുകേഷ് അംബാനിയായിരുന്നു കണ്ണന്താനത്തിനൊപ്പം പട്ടികയിൽ ഉണ്ടായിരുന്ന അടുത്തയാൾ.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)