കൊച്ചി: അൽഫോൻസ് പുത്രൻ-വിനീത് ശ്രീനിവാസൻ - അജുവർഗീസ്-നിവിൻ പോളി കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. മലയാളം യൂത്തിന് ആവേശം പകരുന്ന ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമാ സൗഹൃദ സംഘത്തിൽ മുതിർന്നവനായി മാറിയത് വിനീത് ശ്രീനിവാസനാണ്. ഇന്ന് വിനീത് ശ്രീനിവാസന്റെ പിറന്നാളാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് സുഹൃത്തുക്കളെല്ലാം. കൂട്ടത്തിൽ വികാരനിർഭരമായ ചില പിറന്നാൾ ആശംസകളുമുണ്ട്. അൽഫോൻസ് പുത്രനാണ് വിനീതിന് വികാരനിർഭരമായ പിറന്നാൾ ആശംസ നേർന്നത്.

അൽഫോൻസ് പുത്രൻ പറയന്നത് ഇങ്ങനെ: ഹാപ്പി ബർത്ത്‌ഡേ വിനീത് ശ്രീനിവാസൻ. ചെന്നൈയിൽ ഭക്ഷണം കഴിക്കാനും സിനിമയ്ക്ക് പോകാനും ആഗ്രഹിക്കുമ്പോൾ ദൈവം പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട് എന്റെ പട്ടിണിയും വിഷമങ്ങളും മാറ്റി. എനിക്ക് ഒരു ആശ്വാസമായിരുന്നു നീ എന്ന കൂട്ടുകാരൻ. നന്ദി പറഞ്ഞാൽ തീരില്ല വിനീതേ. ഹാപ്പി ബർത്ത്‌ഡേ ബ്രോ ആൻഡ് ഫ്രണ്ട്.

വിനീതിന്റെ മറ്റൊരു സുഹൃത്തായ അജു വർഗീസ് പറയുന്നത് ഇങ്ങനെ: പല സിനിമ ഗ്രൂപ്പുകളിലും ചർച്ചകളിലും നന്മ മരമെന്നു പറഞ്ഞു വിനീതിനെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ സിനിമകളിൽ നന്മ കൂടി പോയി എന്ന്. ജയസൂര്യ ഏട്ടനേയും കളിയാക്കി കണ്ടിട്ടുണ്ട്. പലപ്പോഴും അത് കാണുമ്പോൾ തോന്നിയിട്ടുണ്ട് അല്ല ഇവരെ കളിയാക്കുന്നവരെ അവരുടെ വീടുകളിൽ നന്മ പാടില്ല എന്നാണോ പഠിപ്പിച്ചതെന്നു. ഏതായാലും ഏതു എന്റെ വിഷയം അല്ല. ജീവിതത്തിൽ ഒരു പാട് നല്ല കാര്യങ്ങൾ ചെയുന്ന ഒരാൾക്കേ ഇങ്ങനെ സിനിമയിൽ അതിനെ മനസ്സിൽ തൊടുന്ന രീതിയിൽ കാണിക്കാൻ കഴിയുള്ളു. ആർക്കും ആരെയും വെറുതെ കുറ്റം പറയുന്ന ഒരു കാലം വരുന്നത് കാണുമ്പോൾ പേടിയാകുന്നു. പുതിയ തലമുറ എങ്കിലും ഇത് മാറ്റി പിടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. നന്മ മരം എന്ന് കളിയാക്കിയ മനുഷ്യനെ കുറച്ചു അൽഫോൻസ് പുത്രൻ എഴുതിയത് ഒന്ന് വായിച്ചാൽ നല്ലതു. അദ്ദേഹം ചെയ്ത പല കാര്യങ്ങളിൽ ഒരെണ്ണം മാത്രമാണിതെന്നു ഈ വിലയില്ല വിമർശമാണ് നടത്തുന്നവർ അറിഞ്ഞാൽ നല്ലത്.

അൽഫോൻസിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് അജു ഇക്കാര്യം പറയുന്നത്. നിവിൻ പോളിയും വിനീതിനെ പ്രശംസിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. നിവിൻ പോളിയുടെ ഫേസുബക്ക് പോസ്റ്റ് ഇങ്ങനെയാണ്: തന്റെ ജീവിതത്തിന് വഴിത്തിരിവാകാനും പ്രചോദനമാകാനും കാരണക്കാരനായ വ്യക്തിയാണ് വിനീത്. അവർക്കൊപ്പമുള്ള യാത്ര സൗഹൃദത്തിന്റെയും സുരക്ഷിതത്വത്തിന്റേതുമായിരിക്കും.