ഡാളസ്: അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനത്തിൽ സ്ഥാപിതമായ അമേരിക്കയിലെ കൊപ്പേൽ സെന്റ് അൽഫോൻസ ദേവാലയത്തിൽ നടന്ന പുണ്യവതിയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഉജ്വല സമാപ്തി.

ജൂലൈ 17 മുതൽ 26 വരെ പത്തു ദിവസം നീണ്ടു നിന്ന തിരുനാളിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. പ്രാർത്ഥനാനിരതമായ ദിനങ്ങൾക്കാണു സെന്റ് അൽഫോൻസ ദേവാലയം കഴിഞ്ഞ പത്തുനാൾ സാക്ഷ്യം വഹിച്ചത്.

ലാളിത്യത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ പുണ്യവതിയുടെ തിരുനാൾ ഇടവക ജനം ഭക്തിപ്രഭയിൽ കൊണ്ടാടി. ദിവ്യകാരുണ്യ ആരാധനയും നോവേനയും വിശുദ്ധ കുർബാനയും വചനസന്ദേശവും ലദീഞ്ഞും നേർച്ചഭക്ഷണവും തിരുനാൾ ദിനങ്ങളിൽ നടന്നു.

വികാരി ഫാ. ജോൺസ്റ്റി തച്ചാറ 17 നു തിരുനാൾ കൊടിയേറ്റി. കൈക്കാരന്മാരായ ജൂഡിഷ് മാത്യു, അപ്പച്ചൻ ആലപ്പുറത്ത്, നൈജോ മാത്യു, പോൾ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങളും കുടുംബ യൂണിറ്റുകളും ഭക്തസംഘടനകളും വിവിധ ദിനങ്ങളിലെ തിരുനാളിനു നേതൃത്വം നൽകി.



25നു വൈകുന്നേരം ഫാ. ജോർജ് എളംബശേരിൽ, ഫാ. ജോസ് കാട്ടാക്കര സിഎംഐ, ഫാ. ബേബി ഷെപ്പേർഡ് സിഎംഐ, ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത് എന്നിവർ കാർമികരായി റാസകുർബാനയർപ്പിച്ചു.

പ്രധാന തിരുനാൾ ദിനമായ 26നു വൈകുന്നേരം 4.30നു നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കു ഫാ. ടോം തോമസ് എംഎസ്എഫ്എസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോൺസ്റ്റി തച്ചാറ, ഫ ജയിംസ് ജോസഫ് എസ്ഡിബി, ഫാ. ജോസ് കാട്ടാക്കര സിഎംഐ, ഫാ. ബേബി ഷെപ്പേർഡ് സിഎംഐ, ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. വർഗീസ് നായ്ക്കംപറമ്പിൽ, ഫാ. മാത്യു മേലേടത്ത് എന്നിവർ സഹകാർമികരായിരുന്നു. ഫാ. ടോം തോമസ് എംഎസ്എഫ്എസ് വചനസന്ദേശം നൽകി. സമർപ്പിത ജീവിതം ത്യാഗത്തിന്റെയും സ്വയം പരിത്യജിക്കലിന്റെയും കണ്ണീരിന്റെയും രക്ത ചൊരിച്ചിലിന്റെയും ജീവിതമാണ്. യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അൽഫോൻസ പുണ്യവതിയുടെ സഹനവും സമർപ്പിത ജീവിതവും മാതൃകയാക്കി സ്വയം പരിത്യജിച്ചു കുരിശുമെടുത്തു യേശുവിന്റെ പിന്നാലെ അനുഗമിക്കണമെന്നു ഫാ. ടോം വിശ്വാസികളെ ഓർമിപ്പിച്ചു.

തുടർന്നു വിശുദ്ധ അൽഫോൻസാമ്മയുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടന്നു. ചെണ്ടയും വാദ്യമേളവും അകമ്പടിയായി. ഫാ. ജോൺസ്റ്റി നേർച്ചയുടെ ആശീർവാദം നിർവഹിച്ചു. നൊവേന, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയെത്തുടർന്ന് പ്രസുദേന്തി വാഴ്ച നടന്നു. ഇടവകജനവും വിശ്വാസിസമൂഹവും പങ്കുചേർന്ന സ്‌നേഹവിരുന്നോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്കു സമാപനമായി.

ആൻസി സെബാസ്റ്റ്യൻ, സുജാത റോയി, ലത ബാബു, ലിസമ്മ കുഞ്ഞുമോൻ, ജാൻസി വിൽസൻ, മേഴ്‌സി സിബി എന്നിവരായിരുന്നു പ്രസുദേന്തിമാർ.