തിരുവനന്തപുരം: അൽഫോൻസ് കണ്ണന്താനത്തിന്റെ കേന്ദ്ര മന്ത്രിസഭാപ്രവേശം കഴിവിനുള്ള അംഗീകാരംതന്നെ. അതിലുപരി കേരളത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങളെ ബിജെപി.യിലേക്ക് അടുപ്പിക്കുകയെന്ന അജൻഡയും ഇതിനുപിന്നിലുണ്ട്. പഴയ തിരു-കൊച്ചി പ്രദേശങ്ങളിൽ കരുത്ത് വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കണ്ണന്താനത്തിന്റെ മന്ത്രിപദം ഉപയോഗിക്കാമെന്നാണ് പാർട്ടിബുദ്ധിജീവികളുടെ വിലയിരുത്തൽ.

ബിജെപി.യെ ശക്തിപ്പെടുത്താൻ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതൽ അടുപ്പിച്ചുനിർത്തണമെന്നായിരുന്നു കോഴിക്കോട്ടുചേർന്ന ബിജെപി. ദേശീയ കൗൺസിൽ യോഗതീരുമാനം. ഇതുകൂടി കണക്കിലെടുത്താണ് പുതിയ നടപടി.

ലോക്സഭയിലെ ആംഗ്ളോ ഇന്ത്യൻ പ്രതിനിധിയായി റിച്ചാർഡ് ഹെയെ നാമനിർദ്ദേശംചെയ്തതും ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി ബിജെപി. നേതാവ് ജോർജ് കുര്യൻ നിയമിക്കപ്പെട്ടതും കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ടുതന്നെയാണ്. കഴിവുള്ളവർ ആരായാലും തങ്ങൾ അംഗീകരിക്കുമെന്ന സന്ദേശം കൂടുതൽപേരെ പാർട്ടിയിലേക്ക് വരാൻ പ്രേരിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.

മധ്യതിരുവിതാംകൂറിൽ നായർ, ഈഴവ വിഭാഗങ്ങൾക്കൊപ്പം ക്രിസ്ത്യാനികൾകൂടി ചേർന്നാൽ തിരഞ്ഞെടുപ്പിൽ നിർണായകമായിരിക്കുമെന്നാണ് പാർട്ടിവിദഗ്ദ്ധർ കണക്കാക്കുന്നത്. ഈ വിഭാഗങ്ങളുടെ കൂട്ടുകെട്ട് തൃശ്ശൂർ, മാവേലിക്കര, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങൾ പാർട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ സാധ്യത കല്പിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.ക്ക് കിട്ടിയത് 15.20 ശതമാനം വോട്ടാണ്. ക്രിസ്ത്യൻ വോട്ടുകൾകൂടി ചേർന്നാൽ അത് 20 ശതമാനത്തിനുമുകളിലെത്തും. അങ്ങനെ സംഭവിച്ചാൽ യു.ഡി.എഫ്.-എൽഡി.എഫ്. വോട്ട് ശതമാനം കുറയ്ക്കാനുമാകും. ഇതുവഴി മധ്യതിരുവിതാംകൂറിൽ ചില മണ്ഡലങ്ങളിൽ ജയം ഉറപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ 10,198 വോട്ടിനാണ് ബിജെപി.യുടെ ശ്രീധരൻപിള്ള തോറ്റത്. ബിജെപി. വിഭാവനംചെയ്യുന്ന രീതിയിലുള്ള കൂട്ടുകെട്ട് രൂപപ്പെട്ടിരുന്നെങ്കിൽ ഈ സീറ്റ് അനായാസം ജയിക്കാമായിരുന്നെന്നും വിലയിരുത്തുന്നു.

ബിജെപി.യോട് ക്രിസ്ത്യൻവിഭാഗത്തിന് തൊട്ടുകൂടായ്മയില്ലെന്നതിന് പഴയവോട്ടുനിലയും പാർട്ടിയുടെ പക്കലുണ്ട്. 2004-ലെ മൂവാറ്റുപുഴ തിരഞ്ഞെടുപ്പാണ് ചൂണ്ടിക്കാട്ടുന്നത്. അന്ന് പി.സി. തോമസ് എൻ.ഡി.എ. സ്ഥാനാർത്ഥിയായി ഇവിടെനിന്ന് മത്സരിച്ച് ജയിച്ചിരുന്നു.

അതേസമയം ഇടതു വലതു മുന്നണികൾ ന്യൂപക്ഷങ്ങളെ പ്രീണിപ്പിക്കുന്നെന്ന ബിജെപിയുടെ ആരോപണം ഇനി മുസ്ലിം പ്രീണനം എന്നാക്കേണ്ടി വരുമെന്ന ഗതികേടിലാണ് കേരളത്തിലെ നേതാക്കൾ.