തിരുവനന്തപുരം: നാട്ടിലെല്ലാവർക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു സംവിധായകൻ അൽഫോൻസ് പുത്രന്റെ സങ്കടഹർജി. പിണറായി വിജയനിൽ ഒരു നല്ല മനുഷ്യനുള്ളതിനാൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്നും നിങ്ങൾ കേരളം നന്നാക്കുമെന്നു മനസു പറയുന്നുവെന്നും അൽഫോൻസ് പുത്രൻ ഫേസ്‌ബുക്കിൽ കുറിച്ച ഹർജിയിൽ പറയുന്നു.

'കുടിവെള്ളം ഇല്ലെങ്ങിൽ...ചായ കുടിക്കാൻ, കുളിക്കാൻ, മുഖം കഴുകാൻ, പാത്രം കഴുകാൻ, അരി തിളപ്പിക്കാൻ, ഭക്ഷണം പാകം ചെയ്യാൻ...ഇതൊന്നും അല്ലാതെ ഇനിയും ഒരുപാട് ആവശ്യങ്ങൾ ഉണ്ട് എന്ന് എല്ലാർക്കും അറിയാം.....എല്ലാത്തിനും വേണ്ട ഒരു സത്യം അല്ലെ വെള്ളം ? കുടിവെള്ളം ഇല്ലാത്ത ഓരോ സ്ഥലത്ത ബുദ്ധിമുട്ട് കാണുമ്പോൾ എനിക്ക് മെട്രോയിൽ പോകാൻ തോന്നുന്നില്ല. കേരളത്തിലെ ഓരോ വീട്ടിലും കുടിവെള്ളം ആയി എന്ന വാർത്ത കേൾക്കുന്ന ദിവസം ഞാൻ എന്ന മനുഷ്യൻ നല്ലോണ്ണം സന്തോഷിക്കും... അന്ന് ഞാൻ അങ്ങീകരിക്കാം കേരളം പുരോഗമിക്കുന്നു എന്ന്. വെള്ളം കൊടുത്തിട്ട് പോരെ വേഗം യാത്ര ചെയ്യാനുള്ള വണ്ടി ? തീരുമാനങ്ങൾ ചില്ലപ്പോൾ തെറ്റാമല്ലോ...'- അൽഫോൻസ് കുറിച്ചു. കേരളത്തിൽ ജനിച്ച മനുഷ്യൻ, അൽഫോൻസ് പുത്രൻ എന്നു കുറിച്ചാണു അൽഫോൻസിന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.