സിനിമയെടുക്കുമ്പോൾ പ്രാദേശിക വികാരങ്ങൾ കണക്കിലെടുക്കണമെന്ന് പ്രേമം സിനിമയുടെ സംവിധായകൻ അൽഫോൻസ് പുത്രൻ. ചെന്നൈ എക്സ്‌പ്രസ്, സിംഗം, സിംഗം റിട്ടേൺസ് തുടങ്ങി നൂറു കോടി ക്ലബ്ബിൽ ഇടംനേടിയ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകൻ രോഹിത് ഷെട്ടിയെ വിമർശിച്ചാണ് അൽഫോൻസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

സിനിമ എടുക്കുന്നത് കോടിക്കണക്കിന് ആളുകൾക്ക് വേണ്ടിയാകുമ്പോൾ പ്രാദേശികരായിട്ടുള്ള ആളുകളെ അപമാനിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. അറിയാതെ പോലും പ്രാദേശിക വികാരങ്ങളെ വ്രണപ്പെടുത്തരുത് എന്ന ഉപദേശവും പ്രേമത്തിന്റെ സംവിധായകൻ നൽകുന്നുണ്ട്.

തന്റെ ചിത്രമായ പ്രേമം കാണാനും രോഹിത് ഷെട്ടിയോട് അൽഫോൻസ് പുത്രൻ നിർദേശിക്കുന്നു. ഓരോ ഭാഷയ്ക്കും വേണ്ട മാന്യത നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, നൂറു കോടി ചിത്രങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും ഉടനെ ഒരെണ്ണം നിർമ്മിക്കണമെന്നും അൽഫോൻസ് പുത്രൻ രോഹിത് ഷെട്ടിയോട് അപേക്ഷിക്കുന്നുമുണ്ട്. ചെന്നൈ എക്സ്‌പ്രസ് എന്ന സിനിമയിലെ ലുങ്കി ഡാൻസ് എന്ന ഗാനം രജനീകാന്തിനെ ആദരിക്കാനെന്ന പേരിലാണ് ഇറക്കിയതെങ്കിലും യഥാർഥത്തിൽ ഇതു താരത്തെ അപമാനിക്കലാണെന്നും വിമർശനമുണ്ടായിരുന്നു. ഇതിനു സമാനമായ ആരോപണമാണ് അൽഫോൻസ് പുത്രൻ ഉയർത്തിയിരിക്കുന്നത്.