കൊച്ചി: സ്വർണ്ണ കടത്തിൽ വീണ്ടും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങുന്നു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബിയുടെ പങ്കാളിത്തം സംബന്ധിച്ചു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമം തുടങ്ങി. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മിഷൻ, ഡോളർ കടത്തു കേസുകളിൽ അ്ൽ സാബിയാണ് പ്രധാന പ്രതിയെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.

ജമാലിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ തെളിവെടുപ്പിനായി ന്യൂഡൽഹിയിലെ സ്ഥാനപതി കാര്യാലയം വഴി യുഎഇ ഭരണകൂടത്തിന് ഇന്ത്യ അഭ്യർത്ഥന കൈമാറും. എത്രയും വേഗം ജമാൽ ഹുസൈന്റെ മൊഴി രേഖപ്പെടുത്താനുള്ള പരിശ്രമത്തിലാണ് എൻഐഎ. അതിന് ശേഷം കേരളത്തിലെ വിവിഐപികളിലേക്ക് അന്വേഷണം നീളും. പിഴവില്ലാത്ത കുറ്റപത്രം നൽകാൻ അൽ സാബിയുടെ മൊഴി അനിവാര്യമാണ്. അൽ സാബിയെ പ്രതിയുമാക്കും. ഇതിന് യുഎഇ അനുവദിക്കുമെന്നാണ് കേന്ദ്ര ഏജൻസികളുടെ പ്രതീക്ഷ. നയതന്ത്ര പരിരക്ഷയിൽ ഇപ്പോഴും കേന്ദ്ര ഏജൻസികളുടെ കാണാമറയത്താണ് അൽസാബി.

ജമാൽ ഹുസൈന്റെ നീക്കങ്ങൾ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഗൺമാനായിരുന്ന സിവിൽ പൊലീസ് ഓഫിസർ ജയഘോഷ് അന്വേഷണ സംഘങ്ങൾക്കു വിവരങ്ങൾ കൈമാറിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കി പലപ്പോഴും ജമാൽ ഹുസൈൻ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയാണ് വിദേശത്തേക്കു സഞ്ചരിച്ചിരുന്നത്. കോൺസുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാർ, ഗൺമാൻ ജയഘോഷ്, സ്വർണക്കടത്ത് കേസ് പ്രതികളായ പി.എസ്.സരിത്ത്, സന്ദീപ് നായർ, സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവർ നൽകിയ മൊഴികളും ജമാൽ ഹുസൈനെതിരാണ്. അൽസാബിയുടെ മുൻ സെക്രട്ടറിയും കോൺസുലേറ്റിലെ മുഖ്യകാര്യസ്ഥയുമായിരുന്നു സ്വപ്ന സുരേഷ്. സ്വപ്നയെ മുന്നിൽ നിർത്തിയായിരുന്നു ജമാൽ ഹുസൈന്റെ സാമ്പത്തിക ഇടപാടുകളെന്നാണു കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനു ശേഷം ജമാൽ ഹുസൈനും കോൺസുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരും ദുബായിലേക്കു മടങ്ങിപ്പോയതും കൊച്ചി വഴിയാണ്. പല തവണ ജമാലിനെ കൊച്ചിയിലേക്ക് അനുഗമിച്ചിട്ടുണ്ടെന്നും ജയഘോഷ് മൊഴി നൽകി. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസ് പുറത്തുവന്ന ഉടനെ ജയഘോഷ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കള്ളക്കടത്തു സ്വർണം ഏറ്റുവാങ്ങാൻ കേസിലെ മുഖ്യപ്രതി പി.എസ്.സരിത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമ്പോൾ പലപ്പോഴും ഒപ്പമുണ്ടായിരുന്നതായും ജയഘോഷ് മൊഴി നൽകി. ഇതേ തുടർന്നു ജയഘോഷിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

ലോകത്തുതന്നെ ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്റെ കോൺസുലേറ്റ് വിലാസത്തിലെത്തിയ നയതന്ത്ര ബാഗേജിൽനിന്നു കസ്റ്റംസ് കള്ളക്കടത്തു സ്വർണം പിടികൂടിയ കേസ് രജിസ്റ്റർ ചെയ്യുന്നത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഷാർ ദ് അഫയേഴ്‌സ് റഷീദ് ഖമീസ് അൽ ഷിമ്ലിയുടെ വിലാസത്തിലാണു ജൂൺ 30 ന് 79 കിലോഗ്രാം തൂക്കമുള്ള ഭക്ഷണസാധനങ്ങളും ഷൂസും യന്ത്രസാമഗ്രികളും അടുങ്ങുന്ന ബാഗേജ് എത്തിയത്. വിയന്ന കൺവൻഷന്റെ രാജ്യാന്തര ഉടമ്പടി പ്രകാരം എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും വരുന്ന നയതന്ത്ര ബാഗേജുകൾക്ക് കസ്റ്റംസ് പരിശോധനയിൽനിന്നു പരിരക്ഷയുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്‌സിൽ കോൺസുലേറ്റിന്റെ കത്ത് ഹാജരാക്കി പി,എസ്.സരിത്ത് തന്നെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ കസ്റ്റംസ് പരിശോധന ഒഴിവാക്കി ഏറ്റുവാങ്ങി പുറത്തേക്കു കൊണ്ടുപോകാറുള്ളത്. പക്ഷേ പതിവില്ലാതെ ബില്ലിങ്ങിലെ ചില നിസ്സാര പിഴവുകൾ ചൂണ്ടിക്കാട്ടി ബാഗേജ് അന്നു കസ്റ്റംസ് തടഞ്ഞുവച്ചു. അടുത്ത ദിവസങ്ങളിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ബാഗേജ് വിട്ടുകിട്ടാൻ കടുത്ത സമ്മർദ്ദം ചെലുത്തി. ജമാൽ ഹുസൈൻ അൽ സാബി ഇടപെട്ടെങ്കിലും ഇത്തവണ വിലപ്പോയില്ല.