നുഷ്യരാശിക്കുതന്നെ ഭീഷണിയായ അൽഷിമേഴ്‌സ് രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചതായി ഗവേഷകർ. വൈദ്യശാസ്ത്രരംഗത്തെ വിപ്ലവകരമായ കണ്ടെത്തൽ എന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. മരുന്നുസംബന്ധിച്ച പരീക്ഷണങ്ങളെല്ലാം ആശാവഹമായ പുരോഗതിയാണ് നൽകുന്നതെന്ന് ഗവേഷകർ പറയുന്നു.

സ്മൃതിനാശത്തിന്റെ ലക്ഷണങ്ങൾ കാണുന്ന ഘട്ടത്തിൽത്തന്നെ മരുന്നുപയോഗിക്കാൻ തുടങ്ങിയാൽ രോഗം തടയാനാകും. ഡിമെൻഷ്യക്ക് കാരണമാകുന്ന കോശങ്ങളുടെ വളർച്ച ഇല്ലാതാക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. ഇതേവരെയുള്ളതിൽ ഏറ്റവും മികച്ചത് എന്നാണ് ഈ മരുന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

ബ്രിട്ടനിൽ മാത്രം അൽഷിമേഴ്‌സും ഡിമെൻഷ്യയുടെ മറ്റ് രൂപങ്ങളും ബാധിച്ച എട്ടരലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ച രോഗങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു. നിലവിലുള്ള മരുന്നുകൾ രോഗത്തിന്റെ ആഘാതം കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ, പുതിയ മരുന്ന് രോഗത്തെ ഇല്ലാതാക്കുമെന്ന് ഗവേകർ പറയുന്നു.

തലച്ചോറിലെ കോശങ്ങളെ ഇല്ലാതാക്കി അൽഷിമേഴ്‌സിന് കാരണമാകുന്ന അമിലോയ്ഡ് പ്രോട്ടീനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡിയാണ് പുതിയ മരുന്നിന്റെ പ്രത്യേകത. അൽഷിമേഴ്‌സ് കണ്ടെത്തിയ 105 പേരിൽ മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ചിരുന്നു. അമിലോയ്ഡിനെ ഇല്ലാതാക്കുകയും അതുവഴി രോഗത്തെ തടയുന്നതിലും മരുന്ന് ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു.

ശാസ്ത്ര പസിദ്ധീകരണമായ നേച്ചറിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് മരുന്ന് കണ്ടെത്തിയതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉള്ളത്. അൽഷിമേഴ്‌സുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ ഡോക്ടർ സ്റ്റീഫൻ സലോവേ ഈ മരുന്നിനെക്കുറിച്ച് അഭിപ്രായപ്പെട്ടത് തന്റെ 25 വർഷത്തെ കരിയറിൽ ഏറ്റവും മികച്ചത് എന്നാണ്.