ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരെയും, തങ്ങൾക്ക് എതിരെ തിരിയുന്ന മാധ്യമ പ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതികാര നടപടി തുടരുന്നു. ഗുജറാത്ത് കലാപത്തിൽ ഇരകൾക്ക് വേണ്ടി വാദിച്ച, ടീസ്റ്റ് സെറ്റൽവാദിനെയും, മുൻ ഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ, വ്യാജ വാർത്തകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന ഫാക്ട് ഫൈൻഡിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നീ സംഘ്പരിവാർ നേതാക്കൾ നടത്തിയ വിദ്വേഷപ്രസംഗം ആൾട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപി വൃത്തങ്ങൾ ആൾട്ട് ന്യൂസിനെതിരെ സൈബർ ആക്രമണവും നടത്തിയിരുന്നു. അതിന്റെ തുടർച്ചയായുള്ള പ്രതികാര നടപടിയാണ് അറസ്റ്റ് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ഡൽഹി ഭരിക്കുന്നത് ആം ആദ്മി പാർട്ടിയാണെങ്കിലും പൊലീസ് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലാണ്. ഫലത്തിൽ അമിത്ഷാ തന്നെയാണ് ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്നത്.

വിദ്വേഷം വളർത്തിയത് ആര്?

വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് പൊലീസ് മുഹമ്മദ് സുബൈറിനെതിരെ പൊലീസ് ചുമത്തിയ കുറ്റം. പക്ഷേ ഇത് ഇപ്പോൾ പുറത്തുവിട്ട വിവാദ വാർത്തയുടെ പേരിൽ അല്ല. 2018 ൽ ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് നടന്നത്. മുഹമ്മദ് സുബൈർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി കസ്റ്റഡി തേടുമെന്നും പൊലീസ് അറിയിച്ചു.

എന്നാൽ അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിൻഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റിൽ ചൂണ്ടിക്കാട്ടി. മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്ന് പ്രതീക് സിൻഹ പറഞ്ഞു. അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പൊലീസ് സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ നെയിം ടാഗ് ധരിച്ചിരുന്നില്ലെന്നും പ്രതീക് സിൻഹ പറഞ്ഞു.

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുപോലെ രംഗത്തു വന്നു. വ്യാജ അവകാശവാദങ്ങൾ തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. അമിത്ഷായുടെ ഡൽഹി പൊലീസിന് എന്നോ പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമർശിച്ചു.

വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ ബിജെപിക്ക് ഭീഷണിയാണ് എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരും.

സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കുമെന്നും ജയാറം രമേഷ് പറഞ്ഞു. മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിന് എതിരായ ആക്രമണമെന്ന് ശശി തരൂർ പ്രതികരിച്ചു. സത്യാനന്തരകാലത്ത് തെറ്റായ വിവരങ്ങൾ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു ആൾട്ട് ന്യൂസ് എന്നും തരൂർ അഭിപ്രായപ്പെട്ടു.

അറസ്റ്റിനെ അപലപിച്ച് സിപിഎമ്മും രംഗത്തെത്തി. വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ. ഡൽഹി പൊലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും ആണ് എന്നും സിപിഎം വാർത്തകുറിപ്പിൽ വ്യക്തമാക്കി.

ട്വീറ്റ് വളച്ചൊടിച്ച് നടപടി

മതം ഉപേക്ഷിച്ച സ്വതന്ത്ര ചിന്തകനായ മുഹമ്മദ് സുബൈർ എല്ലാമതങ്ങളെയും സോഷ്യൽ മീഡിയയിൽ വിമർശിക്കാറുണ്ട്. ഇത്തരത്തിൽ ഒരു ട്വീറ്റ് വളച്ചൊടിച്ചാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത് എന്നാണ് ആക്ഷേപണം. രാജ്യത്തിന്റെ രാഷ്ട്രീയത്തിലേക്ക് മതം കലരുന്നതിനെ പ്രതീകാത്മകമായ വിമർശിക്കുന്നതായിരുന്നു, സുബൈറിന്റെ ട്വീറ്റ്. എന്നാൽ ഒരു പ്രത്യേക മതത്തെയും ദൈവത്തെയും ബോധപൂർവം അപമാനിക്കുന്നതിനായി ഒരു ട്വിറ്റർ ഉപയോക്താവ് ഇതിനെതിരെ പരാതി നൽകി. തുടർന്നാണ് ഡൽഹി പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. അത്തരം ട്വീറ്റുകൾ റീട്വീറ്റ് ചെയ്യപ്പെടുകയും സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കാൻ ഒരു സംഘം തന്നെയുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. അവർ അധിക്ഷേപം മുഴക്കുകയും അതുവഴി സാമുദായിക സൗഹാർദത്തിന് വിഘാതം സൃഷ്ടിക്കുകയും പൊതു സമാധാനം തകർക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തതായി ഈ പരാതിയിലെ എഫ്ഐആറിൽ പറയുന്നു.

നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് സുബൈറിന്റെ ട്വീറ്റ് ആക്ഷേപകരമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതേത്തുടർന്ന് വന്ന റീട്വീറ്റുകളും കമന്റുകളും സമുദായിക സ്പർദ്ധ വർളർത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 2022 ജൂൺ മാസത്തിലും, മുഹമ്മദ് സുബൈർ ആക്ഷേപകരമായ ഒരു ട്വീറ്റ് നടത്തിയെന്നും അദ്ദേഹത്തിന്റെ അനുയായികൾ വിദ്വേഷം വളർത്തിയെന്നും ഡൽഹി പൊലീസ് പറയുന്നത്. തുടർന്നാണ് എഫഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

എന്നാൽ കഴിഞ്ഞ എത്രയോ വർഷമായി സോഷ്യൽ മീഡയിലെ സാന്നിധ്യമായ സുബൈർ, ഒരിക്കലും വിദ്വേഷ പ്രസ്താവന നടത്തിയിട്ടില്ല എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. സംഘപരിവാറിന്റെ കണ്ണിലെ കരാടയ ഈ യുവാവിനെ പൂട്ടാനായി ഒരു പാർട്ടി അനുഭാവിയെക്കൊണ്ട് തന്നെ കേസ് എടുപ്പിക്കയായിരുന്നു. ഇതിന് പെട്ടന്നുള്ള പ്രകോപനം ആയത്, കഴിഞ്ഞ ദിവസം ആൾട്ട് ന്യൂസ് ചില സംഘപരിവാർ നേതാക്കളുടെ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗം പുറത്തുവിട്ടതാണ്.

നിരന്തരമായി മോദി സർക്കാറിനെതിരെ വാർത്തകൾ കൊടുക്കുന്ന മാധ്യമമാണ് ആൾട്ട് ന്യുസ്. സംഘപരിവാർ പടച്ചുവിടുന്ന നുണകൾ പരിശോധിച്ച് ഫാക്്റ്റ് ചെക്കിലുടെ പൊളിക്കുന്ന എന്നതും ആൾട്ട് ന്യൂസ് ചെയ്തുവരുന്ന രീതിയാണ്. അതുപോലെ അമിതാഷായുടെ മകന്റെ കമ്പനിയെ കുറിച്ചും, അദാനിയുടെ വളർച്ചയെക്കുറിച്ചുമെല്ലാം ആൾട്ട് ന്യൂസ് ചെയ്ത വാർത്തകൾ വലിയ തലവേദനയാണ് ബിജെപിക്ക് ഉണ്ടാക്കിയത്. ഇതിന്റെയെല്ലാം കൂടിയുള്ള പ്രതികാര നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശനം. യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷപ്രസംഗം റിപ്പോർട്ട് ചെയ്തത് പിൻവലിക്കണം എന്നാണ് ഇപ്പോൾ സംഘപരിവാറിന്റെ പരോഷം ആവശ്യം. എന്നാൽ ജയിലിൽ ആയാലും ഭീഷണിക്ക് വഴങ്ങില്ല എന്ന നിലപാട് ആർട്ട് ന്യൂസ് ടീം പറയുന്നത്.