സ്ഥിരമായ സാങ്കേതിക തകരാറുകളുണ്ടായി വാർത്തകളിൽ നിറയുന്ന ആൾട്ടൻ ടവർ വീണ്ടും ആശങ്ക ജനിപ്പിച്ചു. ഇന്നലെ 180 അടി ഉയരത്തിൽ വച്ച് ഇവിടെയുള്ള ഒബ്ലിവിയോൺ റൈഡ് എന്ന റോളർകോസ്റ്ററിന്റെ പ്രവർത്തനം നിലച്ചതാണ് അനേകരം കുറേ നേരം ആശങ്കയുടെ മുൾമുനയിലാക്കിയത്. റോളർ സ്‌കേറ്റർ പെട്ടെന്ന് പണിമുടക്കിയതോടെ അതിൽ പെട്ട് പോയ അനേകർ ആകാശത്ത് തികഞ്ഞ സംഭ്രമത്തിലായിരുന്നു സമയം തള്ളി നീക്കിയത്. 2015 ജൂൺ മാസത്തിൽ രണ്ട് ടീനേജ് പെൺകുട്ടികളുടെ കാൽ മുറിച്ച് മാറ്റുന്നതിനും മറ്റ് 14 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത സ്മൈലർ റോളർ സ്‌കേറ്ററിന് തൊട്ടടുത്താണ് ഇപ്പോൾ നിലച്ചിരിക്കുന്ന ഒബ്ലിവിയോൺ റൈഡും നിലകൊള്ളുന്നത്.

ഒബ്ലിവിയോൺ റൈഡ് പെട്ടെന്ന് പ്രവർത്തനം നിലച്ചതിനെ തുടർന്ന് റെസ്‌ക്യൂ സ്റ്റാഫ് മുകളിലേക്ക് കയറി അതിൽ കുടുങ്ങിപ്പോയ 16 പേരെ രക്ഷിക്കുകയായിരുന്നു. 1998 മാർച്ചിലായിരുന്നു ഈ റൈഡ് പ്രവർത്തനം ആരംഭിച്ചിരുന്നത്. ഒബ്ലിവിയോൺ റൈഡ് പൊടുന്നനെ നിന്നതിനെ തുടർന്ന് കടുത്ത ശബ്ദം കേട്ടിരുന്നുവെന്നാണ് ദൃക്സാക്ഷിയായ അലെക്സ് ഹീസ്മാൻ ബെയ്ലെ വെളിപ്പെടുത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. തുടർന്ന് സീറ്റുകളിൽ അകപ്പെട്ട് പോയ റൈഡർമാർ ആശങ്കയോടെ താഴോട്ട് നോക്കുന്നത് കാണാമായിരുന്നു.

തുടർന്ന് റെസ്‌ക്യൂ സ്റ്റാഫ് എത്തി രക്ഷിക്കുന്നത് വരെ റൈഡർമാർ അൽപനേരം റൈഡിൽ സംഭ്രമത്തോടെ കഴിച്ച് കൂട്ടേണ്ടിയും വന്നു. രക്ഷാപ്രവർത്തനങ്ങൾ നടക്കുമ്പോൾ ആളുകൾ റൈഡിന് ചുറ്റും കൂട്ടം കൂടി നിന്നിരുന്നു. ചെറിയ സാങ്കേതിക തകരാറുകൾ മൂലമാണ് റൈഡ് പെട്ടെന്ന് നിന്ന് പോയതെന്നാണ് പാർക്കിന്റെ വക്താവ് വിശദീകരിക്കുന്നത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന റോളർകോസ്റ്ററാണിതെന്നും കസ്റ്റമർമാരുടെ സുരക്ഷയിൽ തങ്ങൾ യാതൊരു വിധ വിട്ട് വീഴ്ചയും ചെയ്യാറില്ലെന്നും വക്താവ് പറയുന്നു. റൈഡിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ റെസ്‌ക്യൂ സ്റ്റാഫ് സർവസന്നദ്ധരായി രംഗത്തെത്തിയിരുന്നുവെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തുന്നു.

2015 ജൂണിൽ ഈ പാർക്കിൽ നടന്ന സ്മൈലർ റോളർ സ്‌കേറ്റർ അപകടത്തിൽ പെട്ട് വിക്കി ബാൽച്(19), ലീഹ് വാഷിങ്ടൺ (17) എന്നീ പെൺകുട്ടികൾക്കാണ് കാൽ നഷ്ടപ്പെട്ടിരുന്നത്. ആൾട്ടൻ ടവറിന്റെ ഉടമകളായ മെർലിൻ അട്രാക്ഷൻസ് ഓപ്പറേഷൻസ് ലിമിറ്റഡിന് മേൽ ജഡ്ജ് അഞ്ച് മില്യൺ പൗണ്ട് പിഴ ചുമത്തിയിരുന്നു. ഇവിടെ തുടർച്ചയായുണ്ടാകുന്ന കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പിഴ. ഇവിടുത്തെ സ്മൈലർ റോളർകോസ്റ്റർ ഇക്കഴിഞ്ഞ ജൂണിൽ രണ്ട് വട്ടം ആശങ്ക ഉയർത്തിയിരുന്നു. ഇതിൽ ഒരു സംഭവത്തിൽ സുരക്ഷാ ആശങ്കയെ തുടർന്ന് റൈഡർ അലാറം മുഴക്കിയതിനെ തുടർന്ന് ഈ റോളർകോസ്റ്റർ 30 മിനുറ്റ് നേരം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തുടർന്ന് ജൂണിൽ തന്നെ അതേ റോളർകോസ്റ്ററിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് റൈഡർമാർ 45 മിനുറ്റ് നേരം ഈ റൈഡിൽ പെട്ട് പോയിരുന്നു.