കോഴിക്കോട്: നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ സഹപാഠിക്ക് വീടൊരുക്കി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ നന്മ പൂർവ്വ വിദ്യാർത്ഥിനിയായ ജുബിതയ്ക്ക് നിർമ്മിച്ചു നൽകിയ നന്മ വീടിന്റെ താക്കോൽദാന ചടങ്ങിൽ ആശംസകളുമായി ബാലുശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമെത്തി. യു ഡി എഫ് സ്ഥാനാർത്ഥിയായ ധർമ്മജൻ ബോൾഗാട്ടിയും എൽ ഡി എഫ് സ്ഥാനാർത്ഥി സച്ചിൻദേവുമെല്ലാം കേക്ക് മുറിച്ച് മധുരം നുകർന്നാണ് മടങ്ങിയത്.

അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം വാടക വീട്ടിൽ താമസിച്ച വിദ്യാർത്ഥിനി കൂട്ടുകാർ നിർമ്മിച്ച വീട്ടിലേക്ക് താമസം മാറി. നടുവണ്ണൂർ മൂത്തേടത്തച്ഛൻ ക്ഷേത്രത്തിന് സമീപം ആറര സെന്റ് സ്ഥലം വിലയ്ക്കു വാങ്ങിച്ചാണ് കൂട്ടുകാർ ഇരുപത് ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ചത്. 1998 മുതൽ 2015 വരെയുള്ള പ്ലസ് ടു ബാച്ചുകാരാണ് വീട് നിർമ്മാണത്തിനാവശ്യമായ ധനം സമാഹരിച്ചത്. പ്രിൻസിപ്പൽ ആബിദ പുതുശ്ശേരി, നന്മ ചെയർമാൻ കെ ദിലീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എൻ റഹീം കൺവീനറായ കൂട്ടായ്മയാണ് നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചത്.

കൂട്ടായ്മയ്ക്ക് ആശംസകളുമായി ചലച്ചിത്ര താരങ്ങളായ സുരഭി ലക്ഷ്മി, സരയു മോഹൻ, ഉണ്ണിരാജ് ചെറുവത്തൂർ, പ്രദീപ് കോട്ടയം, സംവിധായകൻ എം പത്മകുമാർ, മാധ്യമ പ്രവർത്തകനായ ടി കെ സനീഷ്, ഗായകൻ സൂരജ് സന്തോഷ് എന്നിവരും രംഗത്തുവന്നിരുന്നു. സ്‌നേഹവും സാഹോദര്യവും അന്യം നിന്നുപോകുന്ന ഈയൊരു കാലഘട്ടത്തിൽ ഇത്തരമൊരു കൂട്ടായ്മയിലൂടെ ഒരു മഹത് കർമ്മത്തിന് ഇറങ്ങിയ വിദ്യാർത്ഥികളെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് ഇവരെല്ലാം ഏകസ്വരത്തിൽ വ്യക്തമാക്കി.

ഇത്തരമൊരു ആവശ്യം അറിഞ്ഞപ്പോൾ പൂർവ്വ വിദ്യാർത്ഥിയായ സതീഷ് ഗോപാലാണ് നന്മയ്ക്ക് തുടക്കമിട്ടത്. സതീഷിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടായ്മയിലേക്ക് മറ്റുള്ളവരും ചേർന്നപ്പോൾ പുതിയൊരു വീട് നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് കാലത്തും എല്ലാവരും ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവർത്തനം തുടർന്നപ്പോൾ മനോഹരമായ വീടൊരുങ്ങി.

പാഠഭാഗങ്ങൾക്കപ്പുറത്ത് മാനവികതയും സാമൂഹ്യപ്രതിബദ്ധതയും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിഞ്ഞുവെന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രിൻസിപ്പൽ ആബിദ പുതുശ്ശേരി പറഞ്ഞു. ഇത്തരമൊരു പ്രവർത്തനത്തിന് നേതൃത്വം നൽകിയ സതീഷ് ഗോപാൽ, ദീപക്, ദിലീപ്, നൗഫൽ, റാഫി, റഹീം, രതീഷ് എന്നിവർക്ക് നന്ദി അറിയിക്കുന്നതായും ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഏറ്റെടുത്ത് നടത്തുമെന്നും ആബിദ പുതുശ്ശേരി വ്യക്തമാക്കി.