ചേർത്തല: കടക്കരപ്പള്ളി ആലുങ്കൽ ജംക്ഷൻ പത്മ നിവാസിൽ ബിന്ദുവിന്റെ തിരോധാനം കൊലപാതകമോ? വ്യാജ വിൽപത്രവും മറ്റു രേഖകളും ചമച്ചു കോടികളുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം സഹോദരിയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായി വിദേശ മലയാളിയുടെ പരാതിയാണ് പുതിയ സംശയങ്ങൾക്ക് കാരണം. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇറ്റലിയിലുള്ള പി.പ്രവീൺകുമാറാണു സഹോദരി ബിന്ദുവിന്റെ (44) തിരോധാനം അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പിനു പരാതി നൽകിയത്. റിട്ട.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്നപത്മനാഭപിള്ളയുടെയും അംബികാദേവിയുടെയുംമക്കളാണ് പ്രവീണും ബിന്ദുവും . അബ്കാരി ബിസിനസ് തകർന്നതിനെ തുടർന്ന് പ്രവീൺ വിദേശത്ത് ജോലിക്ക് പോയിയത്. അച്ഛനും അമ്മയ്ക്കുമൊപ്പമാണു ബിന്ദു താമസിച്ചിരുന്നത്. ജോലിക്കായി പ്രവീൺ വിദേശത്തേക്കു പോയ സമയം ബിന്ദു എംബിഎ പഠനത്തിനു ബെംഗളൂരുവിലേക്കു പോയി. എന്നാൽ, പഠിക്കുന്ന സ്ഥലത്തിന്റെ വിവരമോ ഫോൺ നമ്പറോ ബിന്ദു ആർക്കും നൽകിയിരുന്നില്ല. 2002 സെപ്റ്റംബർ എട്ടിന് അമ്മയും നവംബർ 29ന് അച്ഛനും മരിച്ചു. ഇരുവരുടെയും മരണാനന്തരച്ചടങ്ങുകൾക്കു ബിന്ദു എത്തിയിരുന്നില്ല. പിന്നീടു ബിന്ദു വീട്ടിലെത്തി താമസം തുടങ്ങി.

നാട്ടിൽ നടത്തിയ അന്വേഷണത്തിൽ അച്ഛൻ മരിക്കുന്നതിന് ഒരാഴ്ച മുൻപു ബിന്ദു വീട്ടിൽ വന്നിരുന്നതായും മരണത്തിന്റെ രണ്ടു ദിവസം മുൻപു മടങ്ങിപ്പോയെന്നും അറിഞ്ഞു. വീട്ടിലെ 10 ലക്ഷത്തോളം രൂപ വിലയുള്ള സാധനസാമഗ്രികൾ വിറ്റ ബിന്ദു ചേർത്തല ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണാഭരണങ്ങൾ, കടക്കരപ്പള്ളിയിലെ സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപം, മറ്റു ബാങ്കുകളിലെ തുക എന്നിവ പിൻവലിച്ചിരുന്നു. പ്രവീണിന്റെ ഭാര്യയുടെ പേരിൽ ചേർത്തലയിലുണ്ടായിരുന്ന വീടും സ്ഥലവും മറ്റൊരു 10സെന്റും ഇവിടെത്തന്നെയുള്ള 1.66 ഏക്കർ സ്ഥലവും മറ്റൊരാളുമായി ചേർന്നു വിൽപന നടത്തിയതായും അറിഞ്ഞു.

പള്ളിപ്പുറം സ്വദേശിയായ കാർ ഡ്രൈവറുമായി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നാണു ബിന്ദു ബന്ധുക്കളോടു പറഞ്ഞിരുന്നത്. ബിന്ദുവിനെക്കുറിച്ച് ഇയാളോട് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞുമാറി. ഇടപ്പള്ളി സബ് രജിസ്റ്റ്രാർ ഓഫിസിൽ 2013ൽ തീറാധാരത്തിനു ഹാജരാക്കിയ പവർ ഓഫ് അറ്റോർണിയും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസൻസും വ്യാജമായിരുന്നെന്നു വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ പകർപ്പുകൾ ഹാജരാക്കി പ്രവീൺ പറയുന്നു. ഇത്തരത്തിൽ സ്വത്തുക്കൾ കൈവശപ്പെടുത്തി ബിന്ദുവിനെ കൊന്നുകളഞ്ഞതാകാനാണു സാധ്യതയെന്നു സംശയിക്കുന്നതായാണു പ്രവീണിന്റെ പരാതി. ചേർത്തല ഡിവൈ.എസ്‌പി എ.ജി.ലാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.

മൂന്നരവർഷം മുമ്പ് മാവേലിക്കരയിൽ മാതാവിന്റെ സഹോദരിയുടെ വീട്ടിൽ ബിന്ദുവും പള്ളിപ്പുറത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായ അമ്മാവൻ എന്നറിയപ്പെട്ടിരുന്ന ആളുമായി ചെന്നിരുന്നു. പിന്നീട് ബിന്ദുവിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അമ്പലപ്പുഴയിൽ 10 സെന്റ് വസ്തു വാങ്ങാനെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബ്‌ളേഡുകാരൻ ഭൂമിജപ്തി ചെയ്തു. പള്ളിപ്പുറത്തെ വസ്തു ഇടനിലക്കാരനോട് ബിന്ദുവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി. ബിന്ദുവിന്റെ കോടികൾ വിലമതിക്കുന്ന എറണാകുളത്തെ വസ്തുവകൾ ആധാരം ചമച്ച് ആൾമാറാട്ടം നടത്തി വിറ്റു. ഇതെല്ലാമാണ് സംശയത്തിന് ആധാരം.

എരമല്ലൂർ സ്വദേശിനിയായ യുവതിയാണ് ബിന്ദുവിന് പകരം തീറാധാരത്തിൽ ഒപ്പിട്ടിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.സ്വത്തുക്കൾ കൈവശപ്പെടുത്തുകയോ വില്പന നടത്തിക്കുകയോ ചെയ്തശേഷം ബിന്ദുവിനെ കൊന്നുകളഞ്ഞതാകാനാണ് സാദ്ധ്യതയെന്ന് പ്രവീൺ പരാതിയിൽ പറഞ്ഞു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതായി ഡിവൈ.എസ്‌പി അറിയിച്ചു. 2017 സെപ്റ്റംബറിൽ നൽകിയ പരാതിയിൽ എട്ട്മാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം വേണ്ടരീതിയിൽ നടക്കുന്നില്ലെന്നും അന്വേഷണം മരവിപ്പിക്കാൻ ബാഹ്യ ഇടപെടലുകളുണ്ടെന്നും ആരോപണമുണ്ട്.