കൊച്ചി: ആലുവയിൽ വൻ ലഹരി മരുന്നു വേട്ട. പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിലാക്കി കടത്തിക്കൊണ്ടു വരികയായിരുന്ന ഏകദേശം മൂന്നു കിലോ വരുന്ന എംഡിഎംഎയാണ് എക്‌സൈസ് ഇന്റലിജൻസ് പിടികൂടിയത്. ആലുവ റയിൽവേ സ്റ്റേഷനു മുന്നിൽ വച്ചാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശികളായ സൈനുലാബുദീൻ(23), രാഹൂൽ സുഭാഷ് (27) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃശൂർ എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ് കുമാറും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റയിൽവേ സ്റ്റേഷനിലെ പരിശോധന. മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ് ട്രെയിനിൽ ഡൽഹിയിൽ നിന്നു കൊണ്ടുവരികയായിരുന്ന ലഹരിയാണ് പിടിച്ചെടുത്തിരിക്കുന്നത്.

പുതുവൽസര ആഘോഷം മുന്നിൽ കണ്ട് കൊണ്ടുവന്നതാണ് രാസ ലഹരി വസ്തുവെന്നു പ്രതികൾ എക്‌സൈസിനോടു വെളിപ്പെടുത്തി.