ആലുവ: മലേറിയ എലിമിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആലുവ നഗരസഭയെ ജില്ലയിലെ ആദ്യത്തെ മലേറിയ വിമുക്ത നഗരമായി പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ എം.ഒ.ജോൺ പ്രഖ്യാപനം നടത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി മലേറിയ എലിമിനേഷൻ പരിപാടിയുടെ റിപ്പോർട്ട് നഗരസഭ ചെയർമാൻ എം.ഒ.ജോണിന് കൈമാറി.

ആരോഗ്യം സ്ഥിരം സമിതി ചെയർമാൻ എംപി.സൈമൺ അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, വാർഡ് കൗൺസിലർ പി.പി.ജെയിംസ്,ഷൈനി ചാക്കോ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ.സിറാജ് കൗൺസിലർ ഡീന ഷിബു എന്നിവർ പ്രസംഗിച്ചു.

നഗരത്തിലെ മുഴുവൻ വാർഡുകളിലും വാർഡ് തല മലേറിയ ഇന്റർസെക്ടറൽ യോഗങ്ങൾ നടത്തി.ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി 17 മലേറിയ പരിശോധന ക്യാമ്പുകൾ നടത്തി. പത്ത് വീടുകളിൽ ഒരെണ്ണം എന്ന കണക്കിൽ ആശമാരുടെ നേതൃത്വത്തിൽ നഗരവാസികൾക്കായി മലേറിയ പരിശോധന നടത്തി.

നഗരത്തിലെ സ്വകാര്യ ലാബുകളിലും സ്വകാര്യആശുപത്രികളിലും നടത്തുന്ന മലേറിയ പരിശോധന റിപ്പോർട്ടിംഗിന് ഏകീകൃത സ്വഭാവം ഏർപ്പെടുത്തി.സമയബന്ധിതമായ ചിട്ടയായ നിരവധി പ്രവർത്തനങ്ങൾക്ക് ശേഷമാണ് ആലുവ മലേറിയ വിമുക്ത നഗരമായി പ്രഖ്യാപിച്ചത്.