ആലുവ: കുഞ്ഞിനെ കാണാനെത്തുന്ന വീട്ടിലെ നിത്യസന്ദർശക. അമ്മയുമായും നല്ല അടുപ്പം. സന്ദർശനം പതിവായതോടെ അച്ഛനുമായും അടുത്തു. അസ്ഥിക്ക് പിടിച്ച പ്രണയം കലാശിച്ചത് ഒളിച്ചോട്ടത്തിൽ. മകളെ കാണാനില്ലന്നുള്ള അയൽക്കാരന്റെ പരാതി കെണിയായി. ഭാര്യയുടെ കൂട്ടുകാരിക്കൊപ്പം നാടുവിട്ട ഭർത്താവിനെ കയ്യോടെ പൊക്കി പൊലീസിന്റെ ഇടപെടൽ.

ആലുവ യു.സി കോളേജ് ആലമറ്റം വീട്ടിൽ അജ്മൽ (26) നെയാണ് ഇന്നലെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ്് കേസെടുത്തിട്ടുള്ളത്. കുട്ടിയുടെ അച്ഛനെതിരെ ഇത്തരത്തിൽ കേസെടുക്കുന്നത് അപൂർവ്വമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു. എന്നാൽ ഇയാൾക്കൊപ്പം ഒളിച്ചോടിയ കാമുകിയെ വീട്ടുകാർക്കൊപ്പം വിട്ടു. കേസെടുത്തില്ലെന്നാണ് സൂചന.

കുഞ്ഞിന്റെ സംരക്ഷണചുമതലയുള്ള അച്ഛൻ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസ്. മക്കളെ ഉപേക്ഷിച്ച് മുങ്ങുന്ന മതാപിതാക്കൾക്ക് ഈ കേസ് ഒരു താക്കീതാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ജന്മം നൽകിയവർ തന്നെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിടുന്ന സംഭവങ്ങൾ അനുദിനമെന്നോണം പെരുകുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ നിയമ നടപടികളിലൂടെ തുടർന്നും 'തിരുത്തൽ ' ശക്തിയാവാനാണ് പൊലീസിന്റെ നീക്കം.

സമാനമായ കേസുകൾ മുമ്പും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്ന അമ്മമാരാണ് ഈ കേസുകളിൽ പ്രതിയായത്. ഒപ്പം പോകുന്ന കാമുകന്മാരും അകത്തായി. എന്നാൽ അച്ഛനായ കാമുകൻ ഒളിച്ചോടി പിടിയിലാകുമ്പോൾ ആലുവ പൊലീസ് കൂടെയുണ്ടായിരുന്ന യുവതിയെ വെറുതെ വിടുകയാണെന്നതാണ് വസ്തുത. ഇതും പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.

23-ന് മകളെ കാണാനില്ലന്ന് കാണിച്ച് അയൽക്കാരൻ നൽകിയ പരാതിയാണ് അജ്മലിന് വിനയായത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യയും പൊലീസിൽ സ്റ്റേഷനിലെത്തി.

പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് വ്യക്തമായി. വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഇവർ. കോട്ടയത്ത് നിന്നുമാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. അജ്മലിന്റെ വീട്ടിലെ നിത്യസന്ദർശകയായിരുന്നു അയൽക്കാരി. കുഞ്ഞിനെ കാണാൻ എന്ന പേരിലാണ് ദിവസവും വീട്ടിലെത്തിയിരുന്നത്. കുഞ്ഞിനെ താലോലിക്കുന്നതും മുത്തം കൊടുക്കുന്നതുമൊക്കെ അജ്്മലും കണ്ടുനിൽക്കാറുണ്ട്.

കൗതകത്തോടെയുള്ള അജ്മലിന്റെ നോട്ടം അയൽക്കാരിയും ശ്രദ്ധിച്ചിരുന്നു. ഭാര്യ അടുത്തില്ലാത്ത അവസരങ്ങളിൽ അയൽക്കാരിയുമായി അജ്മൽ കൂടുൽ അടുത്തിടപഴകാനും തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞതോടെ ഇരുവരും കൂടുതൽ അടുത്തു. തുടർന്നായിരുന്നു ഒളിച്ചോട്ടം.
അജ്മലിന്റെത് പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷം ആകുന്നതെയുള്ളു. കൂട്ടിയുമായി ദമ്പതികൾ വീട്ടിൽ എത്തിയത് മുതലാണ് അയൽക്കാരി കുടുബവുമായി കൂടുതൽ അടുത്തത്.

എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്‌ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി, എഎസ്ഐ മാരായ കെ.പി.ഷാജി, ഫസീല ബീവി സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.