- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ സ്ത്രീധന പീഡനക്കേസിൽ റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ; പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് കമ്മിഷൻ അംഗം ഷിജി ശിവജി; ഇരയുടെ മൊഴിയെടുത്തു; സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും കമ്മീഷൻ
എറണാകുളം: ആലുവ സ്ത്രീധന പീഡനക്കേസിൽ പൊലീസിനെതിരെ വനിതാ കമ്മിഷൻ. ദുർബല വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെടണം. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും പിതാവിനെയും ക്രൂരമായി മർദിച്ചതിനെ ഗൗരവത്തോടെയാണ് വനിതാ കമ്മിഷൻ കാണുന്നതെന്നും കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു.
സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കമ്മിഷനംഗം എം.എസ്. താരയും ഒപ്പമുണ്ടായിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് മർദനത്തിന് ഇരയായ യുവതി ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തി വനിതാ കമ്മിഷൻ മൊഴിയെടുത്തു.
സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ ഭാര്യയെയും അച്ഛനെയും മർദിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒന്നാം പ്രതിയും ഭർത്താവുമായ നോർത്ത് പറവൂർ മന്നം തോട്ടത്തിൽ പറമ്പ് വീട് മുഹമ്മദലി ജവഹർ (28) ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പിൽ വീട്ടിൽ സഹലുമാണ് ആലങ്ങാട് പൊലീസിന്റെ പിടിയിലായത്. മുപ്പത്തടത്തുനിന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്.
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടായിരുന്നു ക്രൂരമായ മർദനം. കുറച്ചു ദിവസങ്ങൾക്കു മുൻപ് യുവതിയുടെ പിതാവിനെ ഭർത്താവായ ജവഹർ വീട്ടിലേക്കു വിളിച്ചു വരുത്തിയിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ജവഹറും സുഹൃത്തുക്കളും ചേർന്ന് യുവതിയെയും ഭാര്യാപിതാവിനെയും ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
പിതാവ് സലീമിനും മകൾ നഹ്ലത്തിനും മർദനമേറ്റ ശേഷമുള്ള വിഡിയോ പുറത്തു വന്നിരുന്നു. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ടാണ് മകളെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് പിതാവ് സലീം ആലങ്ങാട് പൊലീസിൽ പരാതി നൽകി. നാല് മാസം ഗർഭിണിയായ യുവതിയുടെ അടിവയറ്റിൽ ചവിട്ടുകയുൾപ്പെടെ ക്രൂരമായി മർദിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. പിതാവ് സലീമിനും മർദനമേറ്റു.
പ്രതിയായ ജവഹറിനെ കണ്ടെത്തി അറസ്റ്റു ചെയ്യാതിരുന്നതിൽ പൊലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായിരുന്നെന്ന ആരോപണം ഉയർന്നിരുന്നു. പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ കൂടാതെ, മാതാവ് സുബൈദ, സഹോദരിമാരായ ഷബീന, ഷറീന എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്