ന്യൂഡൽഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. വധശിക്ഷയ്‌ക്കെതിരെ ആന്റണി നൽകിയ പുനപരിശോധന ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2010 ൽ ആന്റണി നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു.

2001 ജനുവരി ആറിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആലുവ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ(47), ഭാര്യ ബേബി(42), മക്കളായ ജെയ്‌മോൻ( 14) ,ദിവ്യ(12), അഗസ്റ്റിന്റെ അമ്മ ക്ലാര(74), സഹോദരി കൊച്ചുറാണി(42) എന്നിവരെ് ആന്റണി വെട്ടിക്കൊലപ്പെട്ടുത്തുകയായിരുന്നു. ആലുവ നഗരസഭയിൽ താൽക്കാലിക ഡ്രൈറായിരുന്ന ആന്റണി, അഗസ്റ്റിന്റെ അകന്ന ബന്ധു കൂടിയായിരുന്നു. വിദേശത്തേക്കുപോകാൻ കൊച്ചുറാണി, ആന്റണിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാത്തതിന്റെ പകയാണ് കൂട്ടക്കൊലയിൽ കലാശിച്ചത് എന്നാണ് കണ്ടെത്തിയത്.

സംഭവ ദിവസം രാത്രി ഒമ്പത് മണിക്ക് മാഞ്ഞൂരാൻ വീട്ടിലെത്തിയ ആന്റണി വാക്ക് തർക്കത്തിനൊടുവിൽ കൊച്ചുറാണിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ചെന്ന് ക്ലാരയേയും കൊലപ്പെടുത്തി. രാത്രി 12 മണിക്ക് അഗസ്റ്റിനും കുടംബവും സിനിമ കഴിഞ്ഞ് മടങ്ങിയെത്തിപ്പോൾ ഒരോരുത്തരെയായി കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ ട്രെയിനിൽ മുംബൈയിലേക്ക് പോയ ആന്റണി അവിടെ നിന്ന് ദമാമിലേക്ക് കടന്നു. പിന്നീട് പൊലീസ് വിളിച്ചു വരുത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസ് അന്വേഷിച്ച പൊലീസും ക്രൈംബ്രാഞ്ചും ആന്റണിയെയാണ് കുറ്റക്കാരനായി കണ്ടെത്തിയത്. 2005 ൽ സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 2006 സെപ്റ്റംബർ 18 ന് സുപ്രീംകോടതി ശിക്ഷ ശരിവച്ചും. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇപ്പോൾ ആന്റണി തടവിൽ കഴിയുന്നത്.

ആന്റണി ആലുവ നഗരസഭയിലെ താൽക്കാലിക ഡ്രൈവറായിരുന്നു. വിവാഹബന്ധം വേർപ്പെട്ട് കഴിഞ്ഞിരുന്ന കൊച്ചുറാണിയുടെ ബാല്യകാല സുഹൃത്തുകൂടിയായിരുന്നു ആന്റണി.