ആലുവ: ഹൈവേ റോബറി ക്വട്ടേഷൻ കൊടുത്തയാൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആലുവയിൽ തോക്കുചൂണ്ടിക്കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ കൊടുത്ത പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ ഇപ്പോൾ ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകക്കു താമസിക്കുന്ന മുജീബ് (44) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വേണ്ടി കാറിൽ കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ ഇയാൾ തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു മുജീബിന്റെ ലക്ഷ്യം.

മുജീബ് തയ്യാറാക്കിയത് സിനിമയെ വെല്ലും തിരക്കഥയായിരുന്നെന്നും തന്ത്രം പാളിയത് തങ്ങളുടെ തക്ക സമയത്തുള്ള ഇടപെടലെന്നും എറണാകുളം റൂറൽ പൊലീസ് മറുനാടനോട് പറഞ്ഞു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ഹാൻസ് മൊത്ത വിതരണക്കാരനാണ് ഇയാൾ. കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്.

മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും ഹാൻസ് ആലുവയിൽ എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന മുജീബിനെ കളമശേരിയിൽ നിന്നുമാണ് പിടികൂടിയത്. ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ച് ചാക്ക് ഹാൻസ് പൊലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു.

സംഭവം ഇങ്ങനെ:

മലപ്പുറം ടീം എത്തിച്ച് നൽകിയ ഹാൻസും ഇവരുടെ കാറും പണം മുടക്കാതെ സ്വന്തമാക്കാൻ മുജീബ് നടത്തിയത് ആസുത്രിത നീക്കമായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് മലപ്പുറം ടീം ബാംഗ്ലൂരിൽ നിന്നാണ് ചാക്കുകണക്കിന് ഹാൻസ് എത്തിച്ചു നൽകിയിരുന്നത്.

കഴിഞ്ഞ 31 ന് മുജീബിന് മലപ്പുറം ടീം അഞ്ച് ചാക്ക് ഹാൻസ് അയച്ചിരുന്നു. ഇത് തനിക്ക് കിട്ടിയിട്ടില്ലെന്നായിരുന്നു മുജീബ് മലപ്പുറം ടീമിനെ അറിയിച്ചത്. ഇതെ ഹാൻസ് ആലുവ കമ്പനിപ്പടിയിൽ വച്ച് മൂജീബ് ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘം തോക്കുചൂണ്ടി തട്ടിയെടുക്കുകയായിരുന്നു.

കാർ ഡ്രൈവർ സജീറിനെ മർദ്ദിച്ച് അവശനാക്കി കളമശേരിയിൽ ഇറക്കി വിടുകയും പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയുമായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് കാറും മൊബൈലും തട്ടിക്കൊണ്ടുപോയതായി കാണിച്ച് സജീർ നൽകിയ പരാതിയിലാണ് പൊലീസ് ഇടപെടലുണ്ടായത്.

തുടർന്ന് ആലുവ പൊലീസ് നടത്തിയ പഴുതടച്ച് അന്വേഷണത്തിലാണ് കാറും ഹാൻസും ഫ്രീ ആയി സ്വന്തമാക്കാൻ മുജീബ് കളിച്ച നാടകമായിരുന്നു ക്വട്ടേഷൻ ഏർപ്പാടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പൊലീസിൽ പരാതിയെത്തിയതോടെ താമസ്ഥലത്തുനിന്നും മുങ്ങിയ മുജീബിനെ കളമശേരിയിൽ നിന്നാണ് പൊലീസ് പൊക്കിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂജീബ് തന്റെ ലക്ഷ്യം പൊലീസിനോട് വിശദീകരിച്ചത്.

ഇയാൾ ഇതിന് മുൻപും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിലെ അൻസാബ്, അരുൺ അജിത് എന്നിവരെ കൊല്ലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃതത്തിലുള്ള പ്രത്യേക ടീമാണ് കേസ് അന്വേഷിച്ചത്.